മുംബൈ: മറാത്ത രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് ബോളിവുഡ് മുന്‍നിര നടി കങ്കണ റണാവത്ത്. ശിവസേന സര്‍ക്കാരിനെ വെല്ലുവിളിച്ച് നടി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം ബോളിവുഡിലുണ്ടായ തര്‍ക്കമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്.
സിനിമാലോകത്തെ മാഫിയയെക്കാള്‍ തനിക്ക് ഇപ്പോള്‍ ഭയം മുംബൈ പോലീസിനെയാണെന്ന് കഴിഞ്ഞ ദിവസം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. നഗരത്തെ കാത്തുസൂക്ഷിക്കുന്ന മുംബൈ പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചുവരണ്ടെന്നാണ് കങ്കണയുടെ ട്വീറ്റ് മറുപടിയായി അദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഇതോടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ ട്വറ്ററിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ് കങ്കണ. മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നത് കാണുന്നുണ്ട്. അതുകൊണ്ട് വരുന്ന ആഴ്ച ഒമ്പത് സെപ്തംബറിന് ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂവെന്ന് സഞ്ജയ് റാവത്തിന് മറുപടിയായി കങ്കണ ട്വിറ്ററില്‍ കുറിച്ചു.
കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ മണാലിയിലാണുള്ളത്. ലോക്ക് ഡൗണ്‍ കാലം മണാലിയിലായിരുന്നു താരം ചെലവഴിച്ചത്. കങ്കണയ്ക്കും പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, കങ്കണയെ ചത്രപതി വിമാനത്താവളത്തിന് പുറത്തിറക്കില്ലെന്നാണ് ശിവസേന നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: