ഹൈദരാബാദ്: പോലീസുകാര്‍ ഒരിക്കലും അവരുടെ ജോലിയോടും യൂണിഫോമിനോടുമുള്ള ബഹുമാനം നഷ്ടപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഐപിഎസുകാരുടെ പാസിങ്ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.
മഹാമാരിക്കാലത്തെ പോലീസിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍, കാക്കി യൂണിഫോമിന്റെ മനുഷ്യത്വത്തിന്റെ മുദ്രയായി പൊതുജനങ്ങള്‍ അനുസ്മരിക്കുന്നു. അപ്രതീക്ഷിതമായി പലതിനേയും നേരിടേണ്ടി വന്നേക്കാവുന്ന ഒരു തൊഴിലാണ് നിങ്ങളുടേത്, അതിനാല്‍ എല്ലാവരും ജാഗരൂകരായിരിക്കണം, മോദി പറഞ്ഞു.
രാജ്യത്തെ ചെറുപ്പക്കാരായ ഐപിഎസ് ഉദ്യോഗസ്ഥരുമായി നിരന്തരം ആശയ വിനിമയം നടത്തും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവരെ നേരില്‍ കാണാന്‍ കഴിയുന്നില്ല, അധികം വൈകാതെ തന്നെ നേരില്‍ കാണാമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
28 വനിതാ ഐപിഎസുകാരടക്കം 131 പേരാണ് കഴിഞ്ഞ ദിവസം ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: