കാസര്‍കോട്: രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെയായി വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം 1000 കവിഞ്ഞു.സെപ്തംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം, ഇതുവരെയായി ജില്ലയില്‍ രോഗലക്ഷണമില്ലാത്ത 1006 കോവിഡ് രോഗികളെയാണ് വീടുകളില്‍ കിടത്തി ചികിത്സിച്ചു കൊണ്ടിരിക്കുന്നത്.
ഇവരില്‍ 311 പേര് രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന ബൃഹത്തായ പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും കാസര്‍കോട് ജില്ലയിലാണ്. ചെറുവത്തൂര്‍, ഉദുമ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട്, നീലേശ്വരം നഗരസഭകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ വീടുകളില്‍ ചികിത്സയിലുള്ളത്.
ഓഗസ്റ്റ് 12നാണ് ഈ പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നത്. പദ്ധതി പ്രകാരം കൊവിഡ് പോസറ്റീവ് ആയ രോഗികളുടെ ലിസ്റ്റ് അതത് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും, രോഗികളുമായി ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് സംസാരിച്ച്, ലക്ഷണങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍, വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് വാര്‍ഡ്തല ജാഗ്രതാസമിതികള്‍ ഉറപ്പുവരുത്തിയതിന് ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി വീടുകളില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നു. വീടുകളില്‍ കിടത്തി ചികിത്സയിലുള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാ കണ്ട്രോള് സെല്ലില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങിയ ടീമിന് പ്രത്യേക പരിശീലനം നല്കി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ധം ലഘൂകരിക്കുന്നതിനും വേണ്ടി ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സേവനവും ലഭ്യമാണ്. രോഗികളുടെ രക്തത്തിലെ ഓക്സിജന്‍ അളവ്, പള്‍സ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാന്‍ ആവശ്യമായ പള്‍സ് ഓക്സിമീറ്റര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ റീഡിങ് പരിശോധിക്കുന്നത് എങ്ങനെയെന്ന് രോഗികള്‍ക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുകയും റീഡിങ് വ്യത്യാസം വന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉള്ളവരെ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കോ മറ്റു കൊവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതിനുള്ള സൗകര്യവും സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: