ന്യൂദല്‍ഹി: കഴിഞ്ഞദിവസം ലഡാക്ക് അതിര്‍ത്തിയിലെ സൈനിക നടപടിയിലൂടെ ചൈനയ്‌ക്ക് മേല്‍ ഇന്ത്യ നേടിയത് നിര്‍ണായക വിജയം. ഡെംചോക്ക്, ചുമാര്‍ പ്രദേശങ്ങളിലെ ഉയര്‍ന്ന മലകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം നേടിയപ്പോള്‍ നിയന്ത്രണത്തിലായത് ചൈനയുടെ വിതരണ ശൃംഖല. ചൈനയുടെ ലാസാ കഷ്ഗര്‍ ദേശീയ പാതയെ ഏതു നിമിഷവും തടസ്സപ്പെടുത്താന്‍ സാധിക്കുന്ന മലനിരകളിലാണ് ഇന്ത്യ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചത്. ചൈനീസ് സൈന്യത്തെ ഏറെ പ്രതിരോധത്തിലാക്കുന്ന സുപ്രധാന നീക്കമാണ് ശനിയാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മലനിരകളിലെല്ലാം ഇന്ത്യയുടെ സൈന്യം താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. പാങ്ങ്‌ഗോങ്ങ് തടാകക്കരയിലെ ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നീ പോസ്റ്റുകള്‍ക്ക് മേല്‍ മേല്‍ക്കൈ ഉറപ്പാക്കിയ സൈനിക നീക്കം ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കി.
ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയപാതയാണ് പാങ്ങ്‌ഗോങ്ങ് തടാകത്തിന് സമീപത്തൂടെ പോകുന്ന ലാസാകഷ്ഗര്‍ 219ാം നമ്പര്‍ ദേശീയപാത. ചൈനയുടെ പടിഞ്ഞാറന്‍ തെക്കന്‍ അതിര്‍ത്തികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാത നിലവില്‍ ആറായിരത്തിലേറെ കിലോമീറ്ററുണ്ട്. പതിനായിരം കിലോമീറ്റര്‍ ദേശീയ പാതയാണ് ചൈന ഇവിടെ ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ കിഴക്കന്‍ ലഡാക്കിനോടു ചേര്‍ന്നുള്ള ചൈനീസ് അതിര്‍ത്തി മേഖലകളിലെ പ്രദേശങ്ങളിലേക്കെത്തുന്ന 219-ാംനമ്പര്‍ ദേശീയപാതയെ ഇന്ത്യന്‍ തോക്കുകള്‍ക്ക് ഇപ്പോള്‍ ലക്ഷ്യം വെയ്‌ക്കാന്‍ സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ശനിയാഴ്ച നടന്ന സൈനിക നീക്കത്തിലൂടെയാണ് ഈ മേഖലകളിലെ മേധാവിത്വം ഇന്ത്യ നേടിയത്.
അക്‌സായ് ചിന്നിലേക്ക് എത്തുന്ന ദേശീയ പാതയുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുന്നു എന്നതിന്റെ അര്‍ത്ഥം അക്‌സായ് ചിന്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടായാല്‍ സൈനിക നീക്കം അസാധ്യമാകും എന്നതു തന്നെയാണെന്ന് ചൈനീസ് സൈന്യത്തിനറിയാം. ചര്‍ച്ചകളില്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നിര്‍ണായക നടപടികളിലൂടെ ഇന്ത്യക്ക് സാധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: