ന്യൂദല്‍ഹി : ഇന്ത്യയും ചൈനയും പരസ്പര ധാരണയില്‍ എത്തേണ്ടത് അന്താരാഷ്ട്ര ആവശ്യമാണ്. നയതന്ത്ര മാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ ഇത് പരിഹരിക്കാന്‍ സാധിക്കൂവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വാങ് യി റഷ്യയില്‍ ഉച്ചകോടിക്കിടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്നും ജയശങ്കര്‍ പറഞ്ഞു.
നയതന്ത്രതലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പൂര്‍ണബോധ്യം തനിക്കുണ്ട്. അതിര്‍ത്തി നയം സുതാര്യമാണ്. നിലവിലെ അതിര്‍ത്തിയിലെ സാഹചര്യങ്ങളെ താന്‍ വിലകുറച്ച് കാണുന്നില്ല. അതിര്‍ത്തിയില്‍ എന്താണോ സംഭവിക്കുന്നത് അത് ബന്ധങ്ങളെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.
നയതന്ത്ര കാര്യങ്ങളില്‍ കൃത്യമായ രീതികളും എഴുതിവയ്ക്കപ്പെട്ട ധാരണകളുമാണ് ബന്ധം മെച്ചപ്പെടുത്തുന്നത്. ഇന്ത്യയുടെ സുതാര്യമായ നയം ചൈന മനസ്സിലാക്കണം. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഗുരുതരമാക്കിയത് എല്ലാവര്ക്കും ബോധ്യമുള്ളതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. അത് ബന്ധങ്ങളെ ബാധിക്കാതെ നോക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: