ബെംഗളൂരു: ബിനീഷ് കോടിയേരി ബാലകൃഷ്ണന് പങ്കാളിത്തമുള്ള ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തിയതെന്ന് ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. കൂട്ടുപ്രതികളില്‍ ഒരാളായ റിജീഷ് രവീന്ദ്രന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബെംഗളൂരുവില്‍ ബിനീഷ് കോടിയേരി നടത്തിയ പണമിടപാട് സ്ഥാപനത്തിന്റെ രേഖകളും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. ധര്‍മ്മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളി. കേസില്‍ സിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ക്കും പങ്കുള്ളതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അറസ്റ്റ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാജ്യത്തെ മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കേന്ദ്ര നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ. നഗരത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 47 പേര് ഇന്നലെ പിടിയിലായി. സ്നിഫര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 4 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനും മലയാളികളാണ്. ഇവര്‍ക്ക് സിനിമാമേഖലയിലടക്കം ബന്ധങ്ങളുണ്ടെന്ന സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകാനുണ്ടെന്ന് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരനും സിനിമാ നിര്‍മാതാവുമായ ഇന്ദ്രജിത് ലങ്കേഷും വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ലഹരി മാഫിയയുമായി ബന്ധമുള്ള സിനിമാരംഗത്തുള്ളവരെ പറ്റി വിവരങ്ങള്‍ നല്‍കാനാണ് ഇന്ദ്രജിത് ലങ്കേഷ് വീണ്ടും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. കൂടുതല്‍ പേരെ വരും ദിവസങ്ങളിലും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: