പ്രൊഫ. ലതാ നായര്‍
സ്വയം പര്യാപ്തത! വ്യവസായ-വാണിജ്യ കാര്‍ഷിക മേഖലകളില്‍ മാത്രമല്ല, തൊഴില്‍രംഗം ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളും ഇന്ന് ആലോചിക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നത് എങ്ങനെ സ്വയം പര്യാപ്
തമാകാം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപിച്ചത് ഈ വിധം ഒരു പുനര്‍ചിന്തനം രാഷ്ട്രവികസനത്തിനും വ്യവസായ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന കാലത്തിന്റെ ആവശ്യം മുന്‍കൂട്ടി കണ്ടുകൊണ്ടാവണം. സ്വയം പര്യാപ്തതയെക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റാതെ മുന്നോട്ട് നടക്കാനാവില്ല.
ലോക്ഡൗണിനെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികളില്‍ ഭൂരിഭാഗവും മടങ്ങിവന്നിട്ടില്ല. അവരെ മാത്രം ആശ്രയിച്ച് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത സംരംഭകര്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞിട്ടും ഉല്‍പ്പാദനവും അനുബന്ധ സേവനങ്ങളും നടത്താനാവാതെ ബുദ്ധിമുട്ടുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ തൊഴില്‍ മേഖലയിലെ ഇന്നത്തെ അവസ്ഥയിലേക്കാണ്.
അന്യദേശ തൊഴിലാളികളുടെ പങ്ക്
ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ ഏകദേശം 42 ലക്ഷം അന്യസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നു. 2014 ല്‍ ഇത് 25 ലക്ഷമായിരുന്നു. ഓരോ വര്‍ഷവും ഏതാണ്ട് 2.5 ലക്ഷം ആളുകള്‍ വീതം എത്തുന്നു 17 നും 35 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് തൊഴില്‍ തേടി കേരളത്തിലെത്തുന്നത്. നിര്‍മാണ മേഖല, ഹോട്ടല്‍, വ്യവസായ സ്ഥാപനങ്ങള്‍, ബിസിനസ്, ക്വാറികള്‍, കൃഷി തുടങ്ങി എല്ലാ സംരംഭങ്ങളിലും അവരുടെ സാന്നിദ്ധ്യമുണ്ട്. അഞ്ഞൂറിനും എണ്ണൂറിനും ഇടയ്ക്കാണ് ഇവര്‍ക്ക് ദിവസ വേതനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേതനം നല്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ ജീവിതച്ചെലവ് ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കുറവാണ് താനും. ഇതിന് പുറമെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിലേക്ക് അവരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഇവയൊക്കെയാണ്.
കേരളത്തിലെ തൊഴിലില്ലായ്മ
ഔദ്യോഗിക കണക്ക് അനുസരിച്ച് കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 2019-ല്‍ 8.4% ആണ്. 2020 ആദ്യം ഇത് 10.2 ആയി വര്‍ധിച്ചു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി സര്‍വ്വേ അനുസരിച്ച് 2020 മെയില്‍ ഇത് 25% ലേക്ക് കടന്നിരുന്നു. ദേശീയ തൊഴിലില്ലായ്മ നിരക്കിലും വളരെ കൂടുതലാണ് ഇത്. ഇവിടെയാണ് വൈരുദ്ധ്യം കാണുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ വന്ന് ജോലി ചെയ്യുന്ന സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചുവരുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സമ്പൂര്‍ണ സാക്ഷരതയും വ്യവസായങ്ങളുടെ അഭാവവുമാണ് കേരളത്തിനു പുറത്ത് ജോലി തേടാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിദേശത്ത് എത്തുന്നവരെല്ലാം അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസരിച്ചുള്ള ജോലിയല്ല അവിടെ ചെയ്യുന്നത്. ജോലി സ്ഥിരതയും ഉറപ്പില്ല. മഹാമാരിയുടെ കുത്തൊഴുക്കില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. നിരാശയിലും അനിശ്ചിതത്വത്തിലും ജീവിതം മുന്നോട്ട് നീക്കുന്ന ഇന്നത്തെ തലമുറയിലെ ഈ വിഭാഗത്തിന് ഒന്ന് മാറി ചിന്തിച്ചുകൂടെ? അന്യസംസ്ഥാന തൊഴിലാളികളെ കാത്തിരിക്കുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ വ്യവസായ-വാണിജ്യ മേഖലകളെ രക്ഷിക്കാനാവില്ലേ?
മാറ്റം എവിടെയെല്ലാം
തൊഴില്‍ സംബന്ധമായി രണ്ട് കാര്യങ്ങള്‍ പറയാറുണ്ട്. ഒന്ന് ജോലിയില്‍ നൈപുണ്യം ലഭിക്കാതെ അത് ചെയ്യേണ്ടി വരുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നു. കേരളത്തിലെ ഉത്പാദന ശാലകളില്‍ ഉത്പാദനത്തേക്കാള്‍ കൂടുതല്‍ തൊഴിലാളിക്ഷേമത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് ഈ അസ്വസ്ഥത പലപ്പോഴും ജോലിയോട് അനിഷ്ടം ഉണ്ടാക്കുന്നുണ്ട്. രണ്ടാമത്തേത് സങ്കീര്‍ണ്ണമാണ്. നൈപുണ്യത്തിനും യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴിലല്ല ലഭിച്ചത് എന്ന തോന്നല്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
വിയര്‍പ്പ് ഒഴുക്കുന്നവന്, പണം മുടക്കുന്നവന്റെയത്ര തന്നെ പ്രതിഫലം ലഭിക്കണമെന്ന ചിന്താഗതി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. ജോലിയോടുള്ള കടമകളേക്കാള്‍ അവകാശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ തൊഴിലാളികള്‍ നിര്‍ബ്ബന്ധിതരാകുന്നു. ജോലിയുടെ വിവിധ വശങ്ങള് ആഴത്തില്‍ പഠിക്കുന്നതിന് മുമ്പ് സമത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഒരു നൈപുണ്യവും കരസ്ഥമാക്കാതെ ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തി അങ്ങനെ തന്നെ തുടരുകയാണ് പലപ്പോഴും. സംഘടിക്കുന്നത് അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രമാണെന്ന ധാരണ തൊഴിലാളി സംഘടനകള്‍ മാറ്റേണ്ട കാലം അതിക്രമിച്ചു.
യുവാക്കളുടെ നൈപുണ്യ വികസനത്തിന് എത്ര പ്രാധാന്യം നമ്മള് കൊടുക്കുന്നു എന്നതും ചിന്തിക്കണം. നമുക്ക് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കിറശമി കിേെശൗേലേ ീള കിളൃമേെൃൗരൗേൃല മിറ രീിേെൃൗരശേീി ഉം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ടസശഹഹ ഋഃരലഹഹലിരല കിേെശൗേലേ കള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറായതായി പറയുന്നു. അതിനു വേണ്ട നൈപുണ്യ ആവശ്യ അപഗ്രഥനം നമ്മള് നടത്തിയിട്ടുണ്ടോ? തൊഴില്‍ വിപണി അപഗ്രഥനം നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്നത് ഖേദകരമാണ്. ഈ രംഗത്ത് നമുക്ക് ആവശ്യം വ്യക്തവും ശാസ്ത്രീയവുമായ ഗവേഷണവും അപഗ്രഥനവുമാണ്.
അടുത്ത അഞ്ചുവര്‍ഷത്തെ മാനവ വിഭവശേഷിയുടെ ആവശ്യകത നൈപുണ്യ അടിസ്ഥാനത്തില്‍ കണക്കാക്കാന്‍ കഴിയണം. വ്യവസായ-വാണിജ്യങ്ങളില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇതാവശ്യമാണ്. അതനുസരിച്ച് നൈപുണ്യ പരിശീലനം നല്കാന് പരിശീലന സ്ഥാപനങ്ങള്‍ക്ക് കഴിയണം. എല്ലാം ജില്ലകളിലും ഒരു ഉത്തരവാദിത്വവും ഇല്ലാതെ നോക്കുകുത്തികളായിരിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രങ്ങളെ ഇവയുടെ നടത്തിപ്പും മേല്‍നോട്ടവും ഏല്‍പ്പിക്കണം. തൊഴിലില്ലായ്മ വേതനം നല്കുന്ന ചെലവ് കൊണ്ട് നൈപുണ്യ വികസനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. വ്യവസായ സംരംഭകര്‍ക്ക് നൈപുണ്യം സിദ്ധിച്ച ജോലിക്കാരെ നല്കാന് ജില്ലാ വ്യവസായ കേന്ദ്രം പര്യാപ്തമാകണം. സ്വയം പര്യാപ്തത വെറും വാക്കല്ല എന്ന തിരിച്ചറിവ് തന്നെയാണ് ആദ്യമുണ്ടാകേണ്ടത്. ലോകം മാറുന്നതോടൊപ്പം നമ്മുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും മാറ്റം അനിവാര്യമാണ്. വരും തലമുറയ്ക്ക് നമ്മള് കൊടുക്കുന്നത് ലോകം ഉറ്റുനോക്കുന്ന പുതിയ തൊഴില്‍ സംസ്കാരത്തിന്റെ ആദ്യപാഠങ്ങളായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: