എംജിആര്‍ നായകനായി അഭിനയിച്ച നാടോടി മന്നന് 62 വയസ്സ്. എംജിആര്‍ എന്ന നടനു പുറമെ ഒരു സംവിധായക പ്രതിഭയെ കൂടി ഈ ചിത്രത്തില്‍ നമുക്ക് ദര്‍ശിക്കാം. അന്നത്തെ കാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് നാടോടി മന്നന്. ഇതില്‍ എംജിആര്‍ ഇരട്ട വേഷങ്ങളിലാണ് അഭിനയിക്കുന്നത്. എംജിആറിന് പുറമേ മറ്റു പ്രമുഖരും അണിനിരന്നിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാണം എംജിആറും സഹോദരന് എം.ജി. ചക്രപാണിയും ചേര്‍ന്നായിരുന്നു.
എംജിആറിന്റെ വളരെ കാലത്തെ ഒരു ആഗ്രഹമായിരുന്നു ഒരു സിനിമ നിര്‍മിക്കുക എന്നത്. ഇതിനു മുന്നോടിയായി എംജിആര്‍ പിക്ചേഴ്സ് എന്ന പേരില്‍ നിര്‍മാണ കമ്പനി സ്ഥാപിച്ചു. കലൈഞ്ജര്‍ എം. കരുണാനിധിയുടെ തിരക്കഥയില്‍ ഒരു സിനിമ നിര്‍മിക്കാനായിരുന്നു ആദ്യകാല പദ്ധതി. എന്നാല്‍ കല്ലാര്‍കുടി പ്രക്ഷോഭത്തിലേര്പ്പെട്ടതിനെ തുടര്‍ന്ന് കരുണാനിധി തടവിലാക്കപ്പെട്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു.
ഒരര്‍ത്ഥത്തില്‍ എംജിആറിനെ നാടോടി മന്നനിലെത്തിച്ചത് ശിവാജി ഗണേശന് അഭിനയിച്ച ഉത്തമപുത്രന് എന്ന സിനിമയായിരുന്നു. 1940 ല്‍ പുറത്തുവന്ന ഉത്തമപുത്രന് എന്ന ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ശിവാജിയുടെ ഉത്തമപുത്രന്. ഇതേ സമയത്ത് എംജിആര്‍ ഉത്തമപുത്രന് എന്ന പേരില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ശിവാജിയുടെ ഉത്തമപുത്രനില്നിന്ന് വ്യത്യസ്തമായ കഥയായിരുന്നു അത്. ഈ രണ്ടു ഉത്തമപുത്രന്മാരുടേയും പരസ്യം ഒരേസമയത്ത് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് എംജിആര്‍ തന്റെ ഉത്തമപുത്രനെ പെരുവഴിയില്‍ ഉപേക്ഷിച്ചു. മറ്റൊരു കഥ തയ്യാറാക്കാന്‍ ആര്.എം. വീരപ്പനെ നിയോഗിച്ചു. ആ കഥയാണ് നാടോടി മന്നന്.
എംജിആറിന് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരു സിനിമ സ്വന്തമായി നിര്‍മിക്കണമെന്നത്. പത്തൊമ്പതു വര്‍ഷങ്ങള്‍ക്കുശേഷം തന്റെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലാണ് അത് സഫലമായത്. റിച്ചാര്‍ഡ് കോള്‍മാന്റെ ദ പ്രിസണര്‍ ഓഫ് സെന്‍ഡ, ഇഫ് ഐ വെയര്‍ എ കിങ്, അതുപോലെ വിവാ സപാര്‍ട്ട എന്നീ വിദേശ ചിത്രങ്ങള്‍ ആസ്പദമാക്കിയാണ് നാടോടി മന്നന്റെ കഥ തയ്യാറാക്കിയത്. സിനിമയ്ക്കു സംഭാഷണമെഴുതിയത് കവി കണ്ണദാസനും രവീന്ദറും ആയിരുന്നു. നാടോടി മന്നന് സംവിധാനം ചെയ്യാന്‍ കെ. രാമനോതിനെ ആയിരുന്നു നിശ്ചയിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം മൂലമാണ് എംജിആര്‍ ഈ ദൗത്യം ഏറ്റെടുത്തത്.
നാടോടി മന്നന് പ്രോജക്ടുമായി എംജിആര്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു നടി ഭാനുമതിയുടെ ഭരണി പിക്ചേഴ്സ്, റിച്ചാര്‍ഡ് കോള്‍മാന്റെ ‘ദ പ്രിസണര്‍ ഓഫ് സെന്‍ഡ’യെ ആസ്പദമാക്കി ഒരു സിനിമയെടുക്കാന്‍ നിശ്ചയിച്ചത്. ഇതറിയാനിടയായ എംജിആര്‍ ഭാനുമതിയുമായി സംസാരിക്കുകയും, നാടോടി മന്നനില്‍ നായികാവേഷം വച്ചുനീട്ടുകയും ചെയ്തു. ഭാനുമതി അത് സ്വീകരിക്കുകയും, തന്റെ സിനിമയെ ഉപേക്ഷിക്കുകയും ചെയ്തു. ഭാനുമതിയെ കൂടാതെ സരോജാദേവിയും ഈ ചിത്രത്തില്‍ നായികയുടെ വേഷം അവതരിപ്പിച്ചിരുന്നു. വില്ലന്‍ വേഷം ചെയ്യാന്‍ എം.എന്‍. നമ്പ്യാരും പി.എസ്. വീരപ്പയുമായിരുന്നു അണിനിരന്നത്. ജെ.പി. ചന്ദ്രബാബുവായിരുന്നു ഹാസ്യകഥാപാത്രം അവതരിപ്പിച്ചത്. എം.എന്‍.രാജം, എം.ജി. ചക്രപാണി, മലയാള നടനായ ടി.കെ. ബാലചന്ദ്രന് തുടങ്ങി ഒട്ടേറെപ്പേരും ഇതില്‍ അണിനിരന്നു.
മറ്റു സിനിമകളിലൊന്നും അഭിനയിക്കാതെ മുഴുവന്‍ സമയവും നാടോടി മന്നന് ചിത്രീകരണത്തിനായി എംജിആര്‍ വിനിയോഗിച്ചു. നിര്മാണത്തിനുവേണ്ടി എംജിആര്‍ ഉദാരമായി ചെലവു ചെയ്തു. ചിത്രീകരണത്തിനു മാത്രമല്ല നടീനടന്മാര്ക്കുള്ള വേതനം, ഭക്ഷണം എന്നിവകളിലായിരുന്നു മറ്റു ചെലവുകള്‍. നാടോടി മന്നന് പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു മിനി ഹോട്ടല്‍ തന്നെ എംജിആര്‍ ബുക്കു ചെയ്തു. പണക്കാര് മാത്രം കുടിക്കുന്ന ഓവല്‍ടിന്‍ എന്ന പാനീയം എല്ലാവര്ക്കും വേണ്ടി വലിയ അളവില്‍ വങ്ങി വച്ചു. സാധാരണ സിനിമ നിര്‍മിക്കുന്നതിനുള്ള ചെലവിന് രണ്ടിരട്ടിയായിരുന്നു നാടോടി മന്നന്റെ ചെലവ്.
തമിഴിലെ ഒരസാധാരണ ചിത്രമായിരുന്നു നാടോടി മന്നന്. സാധാരണ ഒരു സിനിമ ചിത്രീകരിക്കാന്‍ 50-60 ദിവസമായിരുന്നു എടുത്തിരുന്നത്. എന്നാല്‍ നാടോടി മന്നന് 156 ദിനം കൊണ്ടാണ് പൂര്‍ത്തിയായത്. ഇതിന്റെ കാരണം ഒരു ഷോട്ട് തന്നെ കുറേയേറെ തവണ എടുത്തിരുന്നു എന്നതാണ്. ഇതുമൂലം ഫിലിം ഒരുപാട് ചെലവായി. ഫിലിമിനു റേഷനിങ്ങുള്ള സമയമാണെന്നോര്‍ക്കണം.
ഒരു ഷോട്ട് തന്നെ കുറേയെറെ തവണ എടുത്തിരുന്നതിനോട് നായികാ വേഷം ചെയ്ത ഭാനുമതി അതൃപ്തി പ്രകടിപ്പിച്ചു. ഒരു നല്ല സംവിധായകനെ വച്ച് ചിത്രീകരണം നടത്താന്‍ ഭാനുമതി പലവട്ടം ഉപദേശിച്ചു. ഒടുവില്‍ എംജിആര്‍ ഭാനുമതിക്കു മുന്പില് രണ്ടു വഴി തുറന്നുകൊടുത്തു. ഒന്നുകില്‍ സഹകരിക്കുക അല്ലെങ്കില്‍ ഉപേക്ഷിച്ചു പോവുക. ഭാനുമതി രണ്ടാമത്തെ പാത സ്വീകരിച്ചു. എംജിആര്‍-ഭാനുമതി ജോഡിയുടെ അവസാന ചിത്രമായി നാടോടി മന്നന് മാറി. ഭാനുമതിയുടെ ഒഴിവിലായിരുന്നു കന്നട നടി സരോജ ദേവിയുടെ രംഗപ്രവേശം. അന്നുവരെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സരോജാദേവിക്കു ഒരു നല്ല വേഷം കിട്ടുന്നത് നാടോടി മന്നനിലായിരുന്നു. ഇതോടുകൂടി എംജിആര്‍-സരോജാദേവി ജോഡി പിറന്നു. ഇതു എംജിആറിന്റെ അരസകട്ടള വരെ നീണ്ടു.
സിനിമയുടെ മൂന്നിലൊരു ഭാഗം ബ്ലാക്ക് ആന്‍ഡ് വൈറ്റിലും ബാക്കി ജേവാ കളറിലുമാണ് ചിത്രീകരിക്കുന്നത്. നാടോടി മന്നന്റെ നിര്‍മാണ ചെലവ് ഒരു കോടി കടന്നു. തമിഴ് സിനിമാ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണ്. ചിത്രീകരണം തീര്‍ന്ന ശേഷം എംജിആര്‍ പ്രഖ്യാപിച്ചു. ”പടമോടിയാല്‍ ഞാന്‍ മന്നന് ഓടിയില്ലെങ്കില്‍ ഞാന്‍ നാടോടി.” എംജിആര്‍ ജനങ്ങള്‍ക്കു മുന്പില് വച്ച ഒരു ഹിതപരിശോധനയായിരുന്നു നാടോടി മന്നന്. 1958 ആഗസ്റ്റ് 22 ന് നാടോടി മന്നന് പൊതു പ്രദര്‍ശനത്തിനെത്തി. ജനങ്ങള്‍ എംജിആറിനെ മന്നനാക്കി. ഏകദേശം രണ്ട് കോടിയോളം രൂപ നാടോടി മന്നനു ലഭിച്ചു. 2006 ല്‍ നാടോടി മന്നന് ഡിജിറ്റലൈസ് ചെയ്തു പ്രദര്‍ശിപ്പിച്ചു. പഴയ തലമുറയെപ്പോലെ പുതുതലമുറയും നാടോടി മന്നനെ ഇരുഹസ്തവും നീട്ടി സ്വീകരിച്ചു. വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ട് തലമുറകളെ ത്രസിപ്പിക്കാന്‍ നാടോടി മന്നനു സാധിക്കുന്നുവെന്നത് ഈ ചിത്രത്തിനു കിട്ടുന്ന ഒരു ബഹുമതിയായി കണക്കാക്കാം.
സംപ്രീത് പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: