മീന്‍ തൊട്ടു കൂട്ടുക
കവിയും മഹാപണ്ഡിതനുമായിരുന്നു മേല്പുത്തൂര്‍ നാരായണ ഭട്ടതിരി. മാത്രമല്ല, ഗുരുവായൂരപ്പന്റെ അടിയുറച്ച ഭക്തനും. അതുപോലെ ഭഗവാനില്‍ തീവ്രമായി ഭക്തിയുളള ആളായിരുന്നു മഹാകവി എഴുത്തച്ഛനും. ഈ രണ്ടു വ്യക്തിത്വങ്ങളെ ബന്ധപ്പെടുത്തുന്നതാണ് പ്രസ്തുത ചൊല്ല്.
മേല്‍പുത്തൂരിന് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. കൈകാലുകള്‍ മരവിച്ചു. ശരീരം വേദനകൊണ്ടു നുറുങ്ങി. എങ്കിലും ഭഗവാനില്‍ അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. രോഗാവസ്ഥയിലും ഭഗവാന് ഒരു കാവ്യം എഴുതി സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു.
എന്നാല്‍ ആദിമധ്യാന്ത രഹിതനായ ഭഗവാന്റെ അപദാനങ്ങള്‍ എവിടെനിന്നും ആരംഭിക്കണം എന്നതില്‍ അദ്ദേഹത്തിനും നിശ്ചയമില്ലായിരുന്നു. സംശയ നിവാരണത്തിനായി പരമ ഭക്തനായ എഴുത്തച്ഛനെത്തന്നെ ആശ്രയിക്കാന്‍ ഭട്ടതിരി തീരുമാനിച്ചു.
ഒരു ബ്രാഹ്മണനെ അദ്ദേഹം അതിനായി നിയോഗിച്ചു. ബ്രാഹ്മണന്‍ ചെല്ലുമ്പോള്‍ നാരായംകൊണ്ട് എഴുത്തച്ഛന്‍ ഓലയില്‍ എന്തോ കുറിക്കുന്ന തിരക്കിലായിരുന്നു.
എങ്കിലും അദ്ദേഹം കാര്യം തിരക്കി. ബ്രാഹ്മണനില്‍ നിന്നും ഭട്ടതിരിയുടെ അവസ്ഥയും ആഗമനോദ്ദേശ്യവുമറിഞ്ഞ എഴുത്തച്ഛന്‍, ‘മീന്‍ തൊട്ടു കൂട്ടാന്‍’ ഉപദേശിച്ചു.
എഴുത്തച്ഛന്റെ മറുപടി ബ്രാഹ്മണനില്‍ നീരസമുണ്ടാക്കി. എങ്കിലും അയാള്‍ മറുത്തൊന്നും പറഞ്ഞില്ല. മടങ്ങിയെത്തിയ ബ്രാഹ്മണന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചിലതെല്ലാം പറഞ്ഞു. ഒടുവില്‍ ‘മീന്‍തൊട്ടു കൂട്ടാന്‍’ പറഞ്ഞ കാര്യവും പുച്ഛത്തോടെ പറഞ്ഞു.
അതു കേട്ടതോടെ ഭട്ടതിരിക്ക് സമാധാനമായി. എഴുത്തച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ അദ്ദേഹത്തിനു പിടികിട്ടി. മുഖം തെളിഞ്ഞു. സംശയിച്ചുനിന്ന ബ്രാഹ്മണനോട്, ‘മത്സ്യാവതാരം മുതല്‍ എഴുതിത്തുടങ്ങാനാണ് എഴുത്തച്ഛന്റെ നിര്‍ദ്ദേശ’മെന്ന് അദ്ദേഹം വിശദീകരിച്ചു.
അതോടെ, ബ്രാഹ്മണനും സമാധാനമായി.
തന്റെ വിഡ്ഢിത്തമോര്‍ത്ത് അയാള്‍ ലജ്ജിച്ചു.
അങ്ങനെ, ‘നാരായണീയ കാവ്യം’ ഭട്ടതിരി എഴുതി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ വാതരോഗവും അതോടെ ശമിച്ചു.
9061108334
പ്രതികരിക്കാൻ ഇവിടെ എഴുതുക: