ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയൊരു ദൃശ്യവ്യാകരണം സൃഷ്ടിച്ച സംവിധായകനാണ് അമ്പിളി. വര്ണങ്ങളാല് വിസ്മയം തീര്‍ക്കുന്ന ചിത്രകാരന്, സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍, കലാസംവിധായകന്‍, മേക്കപ്പ്മാന്, പോസ്റ്റര്‍ ഡിസൈനര്‍ തുടങ്ങിയ രംഗങ്ങളിലും കയ്യൊപ്പ് ചാര്‍ത്തിയ ഈ പ്രതിഭാശാലി നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാട്ടിക കടപ്പുറത്തുകണ്ട ചെമ്മീന്‍ സിനിമയുടെ ഷൂട്ടിങ് അമ്പിളി എന്ന ബാലനെ വല്ലാതെ ആകര്‍ഷിച്ചു. സിനിമയുടെ എല്ലാമെല്ലാം സംവിധായകന് ആണെന്ന് അന്നു തിരിച്ചറിഞ്ഞു. സത്യന്, ഷീല, മധു, കൊട്ടാരക്കര ഇവരെക്കാളൊക്കെ അമ്പിളിയുടെ ശ്രദ്ധ ഉടക്കിയത് നിക്കറും ടീ ഷര്‍ട്ടും ധരിച്ചു സ്ഥിരമായി പൈപ്പ് വലിക്കുന്ന ബുള്‍ഗാന്‍ താടിയുള്ള തടിയന് വ്യക്തിയിലായിരുന്നു. അദ്ദേഹത്തിന്റെ പേര് രാമു കാര്യാട്ട് എന്നാണെന്ന് അറിഞ്ഞത് പിന്നെയാണ്.
എസ്എസ്എല്‍സി പാസ്സായതിനു ശേഷം അമ്പിളി തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്നു. സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കു ചിത്രരചനയ്ക്ക് നിരവധി തവണ നേടിയ ഒന്നാം സമ്മാനങ്ങളായിരുന്നു ഈ കോഴ്സിനു ചേരാനുള്ള പ്രചോദനം. പ്രശസ്ത സംവിധായകരായ പി.എന്‍. മേനോനും ഭരതനും അവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സിലെ സിനിമ മോഹം ഒരു ലഹരിയായി പടരാന്‍ തുടങ്ങി. കോഴ്സ് കഴിഞ്ഞ് ചിത്രങ്ങളുടെ ലോകത്ത് സ്വയം സല്ലപിച്ചു നില്‍ക്കുമ്പോഴാണ് 1971 ല്‍ രാമു കാര്യാട്ട് ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കാര്യാട്ടിനുവേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുവാനുള്ള അവസരം അമ്പിളിക്ക് ഒരു സുഹൃത്ത് വഴി ലഭിക്കുന്നു. രണ്ടില ആയിരുന്നു ചിഹ്നം. അമ്പിളി വരച്ച ആ പോസ്റ്ററുകള്‍ കാര്യാട്ടിനെ വല്ലാതെ ആകര്‍ഷിച്ചു. തിരഞ്ഞെടുപ്പില്‍ കാര്യാട്ട് പരാജയപ്പെട്ടെങ്കിലും ആദ്ദേഹവുമായി ആത്മബന്ധമുണ്ടാക്കാന്‍ അമ്പിളിക്ക് സാധിച്ചു.
പിന്നെ കുറെനാള്‍ തൃശൂരുള്ള ഉമ പ്രിന്റേഴ്സില്‍ അമ്പിളി ഡിസൈനറായി ജോലി ചെയ്തു. ഈ കാലഘട്ടത്തില്‍ പ്രശസ്ത നാടകകൃത്തായ കാലടി ഗോപിയുടെ പെരുമ്പാവൂര്‍ നാടകശാലക്കാരുടെ നോട്ടീസുകള്‍ തയ്യാറാക്കിയിരുന്നത് അമ്പിളിയായിരുന്നു. ആ നാടക സമിതിയുടെ രംഗപടങ്ങള്‍ ചെയ്യേണ്ട ഉത്തരവാദിത്തവും ഏറ്റെടുത്തു. ഈ കാലയളവില്‍ തന്നെ ശ്രീമൂലനഗരം വിജയന്റെ തുളസിത്തറ എന്ന നാടകത്തിന്റെ കലാസംവിധാനം അമ്പിളി നിര്‍വഹിച്ചു. നാടകവുമായി ബന്ധപ്പെട്ട ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയിലും കൈവച്ചു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലൂടെ അമ്പിളി ചലച്ചിത്ര രംഗത്തെത്തി. നെല്ല്, രാഗം, പല്ലവി എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു. പി. ചന്ദ്രകുമാറിന്റെ സമയമായില്ല പോലും എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കാന്‍ അമ്പിളിക്ക് അവസരം ലഭിച്ചു. അന്നു ചന്ദ്രകുമാറിന്റെ അസിസ്റ്റന്റ് ആയിരുന്ന തന്റെ നാട്ടുകാരന് സത്യന് അന്തിക്കാടിന്റെ ശുപാര്‍ശയില്‍ ആ ചിത്രത്തിന്റെ കലാസംവിധാനം കൂടി നിര്‍വഹിക്കാനും സാധിച്ചു. പക്ഷേ നിര്‍ഭാഗ്യം എന്നു പറയാം, നിര്‍മാതാവും സംവിധായകനുമായുണ്ടായ പിണക്കത്തില്‍ ആ ചിത്രം ഉപേക്ഷിച്ച് ചന്ദ്രകുമാര്‍ മടങ്ങി. അങ്ങനെ അമ്പിളിയുടെ ആദ്യ സിനിമാ സംരംഭം പരാജയപ്പെടുകയായിരുന്നു.
മാടമ്പ് കുഞ്ഞുകുട്ടന് രചിച്ച് തൃപ്രയാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ഭ്രഷ്ട് ആയിരുന്നു അമ്പിളി നിശ്ചല ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം അമ്പിളിയുടെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞ ചന്ദ്രകുമാര്‍ തന്റെ അടുത്ത ചിത്രമായ ‘അസ്തമയ’ത്തിലേക്കു പോസ്റ്റര്‍ ഡിസൈന്‍, കലാസംവിധാനം എന്നിവ നിര്‍വഹിക്കാനും മധു സാറിന്റെ അടുത്ത് അമ്പിളിയെ നിര്‍ദേശിച്ചു. ഈ ചിത്രത്തിനുവേണ്ടി അമ്പിളി തയ്യാറാക്കിയ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉമ ആര്‍ട്സ് സ്റ്റുഡിയോയുടെ പ്രഭാതസന്ധ്യ, ശുദ്ധികലശം, അര്‍ച്ചന ടീച്ചര്‍, ഗൃഹലക്ഷ്മി തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധാനവും പോസ്റ്റര്‍ ഡിസൈനും അമ്പിളി ചെയ്തു. ഓരോന്നും ഒന്നിനൊന്നു മികച്ചവയായിരുന്നു.
ശ്രീകുമാരന്‍ തമ്പിയുടെ ആക്രമണം, ഗാനം, പി. ജി. വിശ്വംഭരന്റെ കടത്ത് എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ പെയിന്റിങ് അമ്പിളിയുടെ വകയായിരുന്നു. ബാലചന്ദ്രമേനോന്റെ കലിക, വൈകി വന്ന വസന്തം, അണിയാത്ത വളകള്‍, ഇഷ്ടമാണു പക്ഷേ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു.
സൂര്യ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സൂര്യപ്രകാശ് നിര്‍മിച്ച വീണപൂവ് ആണ് അമ്പിളി സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ലളിതമായ ആഖ്യാന ശൈലിയില്‍ ഉടലെടുത്ത വീണപൂവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്പിളിതന്നെയായിരുന്നു തിരക്കഥ. നെടുമുടി വേണു, ശങ്കര്‍ മോഹന്‍, ബാബു നമ്പൂതിരി, ബഹദൂര്‍, ഉമ, സുകുമാരി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ശ്രീകുമാരന്‍ തമ്പി, മുല്ലനേഴി എന്നിവരുടെ വരികള്‍ക്ക് വിദ്യാധരന് മാഷ് ആയിരുന്നു സംഗീതം. ‘നഷ്ടസ്വര്‍ഗങ്ങളെ..’ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടി.
ഇന്ത്യന്‍ പനോരമയിലേക്കു അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം, ഭരതന്റെ ഓര്‍മക്കായി, അരവിന്ദന്റെ ഒരിടത്ത് എന്നീ ചിത്രങ്ങള്‍ക്കൊപ്പം അമ്പിളിയുടെ വീണപൂവും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ചിത്രത്തിലൂടെതന്നെ ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവരുടെ നിരയിലേക്ക് അമ്പിളി ഉയര്‍ന്നു. ടര്‍ക്കിഷ് ഫിലിം മേളയിലേക്കു മലയാളത്തില്‍ നിന്നുള്ള അന്നത്തെ ഏക ചിത്രവും വീണപൂവ് ആയിരുന്നു.
വീണപൂവിനു ശേഷം അമ്പിളി സംവിധാനം ചെയ്ത ‘അഷ്ടപദി’ക്കും നല്ല ചിത്രം എന്ന അഭിപ്രായം നേടാന്‍ സാധിച്ചു. പെരുമ്പടവം ശ്രീധരന്റെ നോവല്‍ സിനിമയാക്കുകയായിരുന്നു. ഭരത് ഗോപി,
ദേവന്, ബാബു നമ്പൂതിരി, രവി മേനോന്, പ്രേംജി, അടൂര്‍ ഭാസി, ശ്രീമൂലനഗരം വിജയന്, മേനക, ഉമ, സുകുമാരി തുടങ്ങിയവരായിരുന്നു താരങ്ങള്‍. ദേവന്റെ ആദ്യ ചിത്രംകൂടിയായിരുന്നു ഇത്. വിദ്യാധരന് തന്നെയാണ് സംഗീതം നല്‍കിയത്. മൗനരാഗം, സ്വന്തം ശാരിക, സീന്‍ നമ്പര്‍ 7 എന്നീ ചിത്രങ്ങളും അമ്പിളി സംവിധാനം ചെയ്തു. എന്നാല്‍ ചിത്രങ്ങള്‍ കണ്ടവരുടെ നല്ല അഭിപ്രായം കൊണ്ടുമാത്രം ഒരു സംവിധായകന് നിലനില്ക്കാന് സാധിക്കില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു.
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1991 ല്‍ ശുദ്ധ ഹാസ്യലൈനില് ഗാനമേള എന്ന ചിത്രം അമ്പിളി നിര്‍മിച്ചു സംവിധാനം ചെയ്തു. കഥയും തിരക്കഥയും സംഭാഷണവും നടന് ജഗദീഷ് ആയിരുന്നു. മുകേഷ്, സിദ്ദിക്ക്, മണിയന്‍പിള്ള രാജു, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, മാള അരവിന്ദന്, ജഗദീഷ്, ഇടവേള ബാബു, കുഞ്ചന്‍, ജഗന്നാഥ വര്‍മ്മ, ഗീത വിജയന്, മീന, തൃശൂര്‍ എല്‍സി, സൗമിനി തുടങ്ങിയവരായിരുന്നു താരങ്ങള്‍. കൈതപ്രം, ശശി ചിറ്റഞ്ഞൂര്‍ എന്നിവരുടെ വരികള്‍ക്ക് രവീന്ദ്രന്, ജെറി അമല്‍ദേവ്, എ. ടി. ഉമ്മര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സംഗീതം നല്‍കിയത്. എല്ലാ ഗാനങ്ങളും ഹിറ്റായി. സിനിമ പ്രദര്‍ശന വിജയം നേടുകയും ചെയ്തു.
ഇതേ വര്‍ഷംതന്നെ ഈഗിള്‍ എന്ന സസ്പെന്‍സ് ത്രില്ലറിനും അമ്പിളി രൂപം നല്കി. പി. സുകുമാര്‍, ബബ്ലു, രാംരാജ്, കുതിരവട്ടം പപ്പു, മാള അരവിന്ദന്, പൂനംദാസ് ഗുപ്ത എന്നിവരായിരുന്നു താരങ്ങള്‍. പില്ക്കാലത്ത് പ്രശസ്തനായ നടന് ബിജുമേനോന് ആദ്യമായി മുഖം കാണിച്ചത് ഈ ചിത്രത്തിലാണ്.
പിന്നീട് പുറത്തുവന്ന അമ്പിളിയുടെ ചിത്രം സമുദായം ആയിരുന്നു. കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ആദ്യ ചിത്രമായിരുന്നു സമുദായം. തന്നെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ അമ്പിളി എന്ന സംവിധായകനോടുള്ള ബഹുമാനവും സ്നേഹവും എന്നും മണിച്ചേട്ടന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. മധു, അശോകന്, ബൈജു, മാതു, വിന്ദുജ, കെപിഎസി ലളിത തുടങ്ങിയവര്‍ ആയിരുന്നു ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
അവസാനമായി അമ്പിളിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാമന്റെ കബനി. പ്രശസ്ത നടന് മാള അരവിന്ദന്റെ അവസാന ചിത്രം ആയിരുന്നു ഇത്. 110 വയസുള്ള ആദിവാസി മൂപ്പനായിട്ടാണ് മാള അഭിനയിച്ചത്. 2001 ല്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസ് ചെയ്യുന്നത് 2015 ലാണ്.
ഭാര്യ ഷീല, മക്കളായ അയിഷ മരിയ അമ്പിളി, രാഹുല്‍ തടത്തില്‍ എന്നിവര്‍ക്കൊപ്പം തൃശൂര്‍ ജില്ലയിലെ സ്വദേശമായ ചെന്ത്രാപ്പിന്നിയിലാണ് അമ്പിളിയുടെ കുടുംബം താമസിക്കുന്നത്. ചിത്രരചനയിലാണ് അമ്പിളി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഒരു പെയിന്റിങ് എക്സിബിഷന് നടത്തിയിരുന്നു. ഈ കഴിവുറ്റ സംവിധായകനില്‍ നിന്ന് ഇനിയും നല്ല സിനിമകള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.
(അമ്പിളിയുടെ മൊബൈല്‍ നമ്പര്‍: 9447527522)
സുബിന് ജി.കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: