Categories: Kerala

കൃത്യസമയത്ത് സാലറിയുമില്ല ഒപ്പം സാലറി ചാലഞ്ചും;കൂട്ടത്തോടെ രാജിവച്ച് ജൂനിയര്‍ ഡോക്റ്റര്‍മാര്‍; സംസ്ഥാനത്തെ കോവിഡ് ചികിത്സ പ്രതിസന്ധിയിലേക്ക്

കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എല്‍ടിസികളിലേക്ക് 950 ജൂനിയര്‍ ഡോക്ടര്‍മാരാണ് നിയമിക്കപ്പെട്ടത്.

Published by

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടിത്തത്തില്‍ കേരളത്തിലെ കോവിഡ് ചികിത്സ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച 868 താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി നല്‍കി. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എല്‍ടിസികളിലേക്ക് 950 ജൂനിയര്‍ ഡോക്ടര്‍മാരാണ് നിയമിക്കപ്പെട്ടത്.  

താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിക്ക് ചേര്‍ന്ന ഡോക്ടര്‍മാര്‍ക്ക് 42,000 രൂപയാണ് ശമ്പളം. ഇതില്‍ 350 പേര്‍ക്കാണ് ഇതുവരെ ശമ്പളം കിട്ടിയത്. കിട്ടിയവര്‍ക്ക് തന്നെ സാലറി ചാലഞ്ചും നികുതിയും കിഴിച്ച് 27000 രൂപ മുതല്‍ 29000 വരെയാണ് കയ്യില്‍ കിട്ടിയത്. ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. നിലവിലുള്ള 950 പേരില്‍ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും. ബാക്കിയുള്ള 800ലധികം ഡോക്ടര്‍മാര്‍ രാജിക്കത്തും നല്‍കി കഴിഞ്ഞു. സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ല. ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിയമിച്ച ഡോക്ടര്‍മാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് കേരള ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രാജിക്കത്ത് സര്‍ക്കാരിന് നല്‍കിയത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by