തൃശൂര്‍: ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കും. ചില യാത്രകള്‍ പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കും. തിരുവില്വാമല സ്വദേശി ജെറിനെന്ന ഓട്ടോഡ്രൈവര്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഒരു യാത്രയിലായിരുന്നു. ഓട്ടോറിക്ഷയോടിച്ചോടിച്ച് ഒടുവില്‍ ഡ്രൈവറുടെ കാക്കി വേഷത്തില്‍ നിന്ന് പോലീസ് കാക്കിയിലേക്ക് ജെറിന് ചുവടുമാറി. വിയ്യൂര്‍ സബ്ജയില്‍ അസി.പ്രിസണ്‍ ഓഫീസറാണ് തിരുവില്വാമല കാട്ടിക്കുളം സ്വദേശിയായ ജെറിന്. ലളിത ജീവിതത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വലിയ വിജയം കൈവരിക്കാനായതിന്റെ മാതൃകയാണ് ജെറിനെന്ന 30കാരന്.
നാട്ടില്‍ ഓട്ടോറിക്ഷയോടിക്കുമ്പോഴും ജെറിന്റെ ലക്ഷ്യം സര്‍ക്കാര്‍ ജോലിയായിരുന്നു. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്നു ജെറിനെന്ന യുവാവ്. പിതാവ് ജിമ്മിക്ക് കൃഷിപ്പണിയായിരുന്നു തൊഴില്‍. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം പ്ലസ്ടുവിനു ശേഷം ജെറിന് തുടര്‍ പഠനം സാധിച്ചില്ല. ഡ്രൈവിങിനോട് ചെറുപ്പം മുതലേ ജെറിന് ഇഷ്ടമായിരുന്നു. അങ്ങനെ 17-ാം വയസില്‍ ബസ് ക്ലീനറായി. പിന്നീട് ഡ്രൈവിങ് ലൈസന്‍സ് എടുത്തു. ഇതിനു ശേഷം സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ് ഡ്രൈവറായി. കുറേ നാള് ടിപ്പര്‍ ഓടിച്ചു.
ഡ്രൈവിങ് മേഖലയില്‍ മാറി മാറി വാഹനങ്ങള്‍ ഓടിക്കുമ്പോഴും സര്‍ക്കാര്‍ ജോലിയെന്ന മോഹത്തെ ജെറിന് ഉപേക്ഷിച്ചില്ല. 21-ാം വയസില്‍ സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി. കാക്കിയണിഞ്ഞ് ‘മാതാ’ എന്ന ഓട്ടോയുടെ അമരക്കാരനായി. തിരുവില്വാമല എസ്എം സ്റ്റാന്‍ഡിലായിരുന്നു സ്ഥിരമായി ഓട്ടോയിട്ടിരുന്നത്. ഇതിനിടെ ജിമ്മിയുടെ വേര്‍പാടോടെ കുടുംബഭാരം ജെറിനിലായി. അമ്മ രാജി, അനിയന് ജ്യോതിഷ്, അനിയത്തി അനിറ്റ എന്നിവരടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം ജെറിന് സന്തോഷത്തോടെ ഏറ്റെടുത്തു.
നാടുനീളെ ഓട്ടോയുമായി കറങ്ങുമ്പോഴും സ്ഥിരം ജോലിയ്ക്കായുള്ള കഠിന പ്രയത്നത്തിലായിരുന്നു ജെറിന്. അതിനായി ഓട്ടം പോയി തിരിച്ചു വന്നാലുïാകുന്ന ഇടവേളകളില്‍ ഓട്ടോയിലിരുന്ന് പഠിക്കും. ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാലും പാതിരാത്രി വരെ പഠനം. ദീര്‍ഘദൂര വാടകയ്ക്ക് പോകുമ്പോള്‍ കിട്ടുന്ന ഇടവേളകളിലും കയ്യില്‍ കരുതുന്ന പുസ്തകങ്ങള്‍ വായിക്കും. ഇതിനിടയില്‍ ചേലക്കരയില്‍ പിഎസ്സി പരിശീലന ക്ലാസിന് ചേര്‍ന്നെങ്കിലും ഓട്ടോയോടിക്കാന്‍ പോകുന്നതിനാല്‍ മുടങ്ങി. യുട്യൂബ് വിഡീയോ നോക്കിയും പിഎസ്സി ഗൈഡുകള്‍ വായിച്ചുമായിരുന്നു പിന്നീടുള്ള പഠനം. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നതിനിടയില്‍ അനിയത്തിയെ വിവാഹം കഴിച്ചയച്ചു. അനിയന് ഇലക്ട്രീഷ്യനായി ജോലി ലഭിച്ചപ്പോള്‍ ഗള്‍ഫിലേക്ക് പറഞ്ഞയക്കാന്‍ മുന്‍കൈയ്യെടുത്തതും ജെറിന് തന്നെ.
2017ല്‍ ഏറെ പ്രതീക്ഷയോടെ പിഎസ്സിയുടെ ജയില്‍ വകുപ്പ് അസി.പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ പരീക്ഷയെഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ 950 ഉദ്യോഗാര്‍ത്ഥികളുടെ മെയിന്‍ ലിസ്റ്റില്‍ 327-ാം സ്ഥാനമായിരുന്നു ജെറിന്. നിയമന ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് വിയ്യൂര്‍ സബ്ജയിലിലെത്തി അസി.പ്രിസണ്‍ ഓഫീസറായി ചുമതലയേറ്റു. തന്റെ കഠിന പരിശ്രമത്തോടൊപ്പം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ സഫലമായതിന്റെ സന്തോഷത്തിലാണ് ജെറിനിപ്പോള്. ഓട്ടോക്കാരനില്‍ നിന്ന് ജയില്‍ ഓഫീസറിലേക്കുള്ള മാറ്റം തന്നേക്കാളധികം കൂട്ടുകാരെയാണ് ആഹ്ലാദത്തിലാക്കിയത്.
ഓണം അവധിക്ക് വീട്ടിലെത്തിയിട്ടും കൊറോണ കാരണം കൂട്ടുക്കാരെ നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഡ്യൂട്ടിക്ക് പോകേണ്ടതിനാല്‍ അധികമൊന്നും പുറത്തേക്ക് ഇറങ്ങിയില്ല. ജയില്‍ ഡ്യൂട്ടിയായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. എന്നാലും എല്ലാവരെയും ഫോണില്‍ വിളിച്ച് സന്തോഷം പങ്കിട്ടുവെന്ന് ജെറിന്. അസി.പ്രിസണ്‍ ഓഫീസറായി ജോലി തുടരുമ്പോഴും ജെറിന് ഇപ്പോഴും പഠനം മുടക്കിയിട്ടില്ല. പ്രൈവറ്റായി ഡിഗ്രി ചെയ്യുന്നതോടൊപ്പം പിഎസ്സിയുടെ തന്നെ മറ്റു വിവിധ തസ്തികകളിലേക്കും അപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ പഠനം ഇപ്പോഴും തുടരുകയാണെന്ന് ജെറിനെന്ന പ്രിസണ്‍ ഓഫീസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: