ബംഗളൂരൂ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേും കര്‍ണാടകയില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദും കൂട്ടുകച്ചവടക്കാരെന്ന് അന്വേഷണസംഘം. ബിനീഷ് കോടിയേരി പല തവണ അനൂപിന് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് കടമായിട്ടല്ല, ലഹരിമരുന്ന് കച്ചവടത്തിലെയും ഹോട്ടല്‍ ബിസിനസിലെയും പങ്കാളിത്തത്തിന് വേണ്ടിയാണെന്നും എന്‍സിബി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുവരികയാണ്. കേരളത്തില്‍ അനൂപ് മുഹമ്മദിന് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ രാഷ്ട്രീയ സഹായം ലഭ്യമായിട്ടുണ്ട്. ഇതും അന്വേഷിക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു. ബിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ആറുലക്ഷം രൂപ മാത്രമല്ല അനൂപ് മുഹമ്മദ് അടങ്ങുന്ന സംഘത്തിന് കൈമാറിയത്. ഇക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു. ‘അനൂപിനെ വളരെ നന്നായി അറിയാം. വസ്ത്ര വ്യാപാരിയെന്ന നിലയ്‌ക്കാണ് അറിയുന്നത്. ഹോട്ടല്‍ റൂം ബുക്ക് ചെയതു.തരാറുണ്ട്..റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നല്‍കി. ആറു ലക്ഷം രൂപയാണ് വായ്പയായി നല്‍കിയത്’. എന്നായിരുന്നു ബിനീഷ് പറഞ്ഞത്
അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലെ വസതിയില്‍ ബിനീഷ് കോടിയേരി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ മലയാളത്തിലെ ഒരു പുതുമുഖ നടനും ഇവരുടെ കച്ചവടത്തില്‍ പങ്കാളിയാണ്. കേരളത്തില്‍ അനൂപ് മുഹമ്മദും സംഘവും കൊച്ചിയിലും കോട്ടയത്തും ആലപ്പുഴയിലുമായി ലഹരിമരുന്ന് പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അനൂപിന്റെ ഫോണില്‍ നിന്നും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. കുമരകത്തെ പാര്‍ട്ടിയില്‍ കോടിയേരിയുടെ മകനും പങ്കെടുത്തിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അനൂപ് മുഹമ്മദിനെ അറിയില്ലെന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെയാണ് ബിനീഷ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടിയേരി പുത്രന്റെ ലഹരിമാഫിയയുമായിട്ടുള്ള ബന്ധം ആദ്യം പുറത്തുവിട്ടത് ജന്മഭൂമി ഓണ്‍ലൈനായിരുന്നു.
ആ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യൂhttps://www.janmabhumi.in/read/bengaluru-drugs-case-narcotics-control-bureau-case-report/?fbclid=IwAR0aGCfLHYIwoz-0zPdRS8yHK2LfFEULWW_EXG7kFk4oOuew54HgwAGFZkI
പ്രതികരിക്കാൻ ഇവിടെ എഴുതുക: