തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപന സുരേഷിന്റെ മൊഴി പ്രചരിപ്പിച്ചതിന് പിന്നില്‍ ധനമന്ത്രിയുടെ ഓഫീസ്. മന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഒരാളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിവരങ്ങള്‍ തേടി. രഹസ്യമൊഴിയുടെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ 33 പേജുള്ള മൊഴിയില്‍ മൂന്ന് പേജാണ് പുറത്തായത്. ഇത് ജനം ടി.വി. കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മൊഴിപ്പകര്‍പ്പ് ചോര്‍ന്നത്. എന്നാല്‍ മൊഴിപ്പകര്‍പ്പ് ലഭിച്ചതും അത് പങ്കുവച്ചതും പഴ്സണല്‍ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹിക മാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള മൊഴി.
കസ്റ്റംസിനുള്ളില്‍ നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് ലഭിച്ചിട്ടുള്ളത് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സംഭവത്തില്‍ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: