മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി 20 മത്സരത്തില്‍ പാക്കിസ്ഥാന് അഞ്ചു വിക്കറ്റിന് തോറ്റെങ്കിലും അവരുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ക്യാപ്റ്റന്‍ ബാബര്‍ അസം റെക്കോഡ് പുസ്തകത്തില്‍ സ്വന്തം പേര് എഴുതി ചേര്‍ത്തു. ടി 20 യില്‍ ഏറ്റവും വേഗത്തില്‍ ആയിരത്തിഅഞ്ഞൂറ് റണ്‍സ് കുറിച്ച ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരുടെ റെക്കോഡിനൊപ്പം അസമും എത്തി.
മുപ്പത്തിയൊമ്പ് ഇന്നിങ്സിലാണ് ബാബര്‍ അസം ഈ നേട്ടം കൈവരിച്ചത്. കോഹ്ലിയും ഫിഞ്ചും മുപ്പത്തിയൊമ്പത് ഇന്നിങ്ങ്സിലാണ് റെക്കോഡ് സ്ഥാപിച്ചത്. 1500 റണ്‍സ് കുറിക്കാന്‍ 29 റണ്‍സ് കൂടി വേണ്ടിയിരുന്ന ബാബര്‍ അസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി 20 യില്‍ 44 പന്തില്‍ 56 റണ്‍സ് നേടി.
അസമിന്റെ ഈ അര്‍ധ സെഞ്ചുറിയുടെ മികവില്‍ പാക്കിസ്ഥാന് ഇരുപത് ഓവറില്‍ നാല് വിക്കറ്റിന് 195 റണ്‍സ് നേടി. മറുപടി പറഞ്ഞ ഇംഗ്ലണ്ട് ,ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ അര്‍ധസെഞ്ചുറിയുടെ (66) മികവില്‍ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: