പാരീസ്: മതതീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി 12 പേരുടെ മരണത്തിന് ഇരയായ ഫ്രാന്‍സിലെ വാരിക ഷാര്‍ലി എബ്ദോ. മതതീവ്രദികളെ ചൊടിപ്പിച്ച പ്രവാചകന്റെ കാര്‍ട്ടൂര്‍ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് വാരിക തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.
2015 ജനുവരി ഏഴിന് വാരികയുടെ പാരീസ് ഓഫീസില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഫ്രാന്‍സിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടിരുന്നു. സെയ്ദ്, ഷെരീഫ് കോച്ചി എന്നീ സഹോദരന്മാര് തോക്കുമായെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 14 അക്രമികളെ പിടികൂടിയിരുന്നു. ഇവരെ ഫ്രഞ്ച് ഭരണകൂടം വിചാരണ ചെയ്യാന്‍ തുടങ്ങവെയാണ് വിവാദ കാര്‍ട്ടൂണ്‍ വാരിക വീണ്ടും പ്രസിദ്ധീകരിച്ചത്.
തങ്ങള്‍ എഴുന്നേറ്റ് തന്നെ നില്‍ക്കുമെന്നും ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും വാരികയുടെ ഡയറക്ടര്‍ ലോറന്റ് റിസ് സോറിസോ മുഖപ്രസംഗത്തിലെഴുതി. കവര്‍ ചിത്രത്തില്‍ കൊല്ലപ്പെട്ട ജീന്‍ കാബുട്ട് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി. ‘വെറും ഇതിന്റെ പേരില്‍, അതെല്ലാം’ എന്ന വലിയ തലക്കെട്ടും നല്‍കിയിട്ടുണ്ട്.
”കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. 2015മുതല്‍ മുഹമ്മദിന്റെ മറ്റ് കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞങ്ങള്‍ എല്ലായ്പ്പോഴും അത് നിരസിച്ചു. അത് നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടല്ല. നിയമം അതിന് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പക്ഷെ, അങ്ങനെ ചെയ്യാന്‍ നല്ലൊരു കാരണം വേണമെന്ന് തോന്നി. വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരുന്ന ഒന്ന്.”-ഷാര്‍ലി എബ്ദോ
കാരിക്കേച്ചര്‍ വീണ്ടും പ്രസിദ്ധീകരിച്ചതിനെതിരെ മതതീവ്രവാദികള്‍ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. വാരികയുടെ ഓഫീസിന് വന്‍ സുരക്ഷയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: