അബുദാബി: ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയപ്പോള്‍ തീര്‍ത്തത് പുതുചരിത്രം. ഇന്നലെ വൈകിട്ടാണ് യുഎസ്-ഇസ്രയേലി പ്രതിനിധി സംഘവുമായി ആദ്യ വിമാനം യുഎഇയില്‍ എത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജറീദ് കഷ്നര്‍ നയിക്കുന്ന പ്രതിനിധി സംഘത്തില്‍ ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവനുമായ മീര്‍ ബെന്‍ ഷാബതുമുണ്ടായിരുന്നു.
വിമാനത്തിന്റെ കോക്പിറ്റിന്റെ ഭാഗത്ത് അമേരിക്കയുടെയും ഇസ്രയേലിന്റെയും യുഎഇയുടെയും ദേശീയ പതാകകളുമായാണ് വിമാനം വാനില്‍ ഉയര്‍ന്നത്. കോക് പിറ്റിന് പുറത്ത് സമാധാനം എന്ന് അറബിക്, ഇംഗ്ലീഷ്, ഹീബ്രു ഭാഷകളില്‍ ആലേഖനം ചെയ്തിരുന്നു.
ഒരു മാസം മുമ്പ് യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്രധാരണയിലെത്തിയിരുന്നു. ഇസ്രായേലി ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഉപേക്ഷിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ വാണിജ്യവിമാനം യുഎഇയിലേക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: