ന്യൂദല്‍ഹി: രാജ്യസുരക്ഷയ്ക്ക് വേണ്ടി ‘ദയ’യില്ലാത്ത കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി. 1987 മുതല്‍ 1992 വരെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ആര് വെങ്കട്ടരാമന് ശേഷം രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാര്‍ക്കശ്യമായ തീരുമാനങ്ങള്‍ എടുത്ത വ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ പ്രണബ്.
2012 ല്‍ പ്രണബ് മുഖര്‍ജി പ്രസിഡന്റായപ്പോള്‍ ഏറെക്കാലമായി തീരുമാനമെടുക്കാതിരുന പല ദയാഹര്‍ജികളും ഒറ്റയടിക്ക് അദേഹം തീര്‍പ്പാക്കി. അദ്ദേഹം പരിഗണിച്ച 32 ദയാഹര്‍ജികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വധശിക്ഷ ഇളവുചെയ്തു നല്‍കിയത്. ബാക്കി 28 എണ്ണത്തിലും വധശിക്ഷ നിലനിര്‍ത്തി.
കെആര്‍ നാരായണന്, എപിജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍ തുടങ്ങിയവരുടെ കാലം മുതല്‍ തീര്‍പ്പാക്കാതെ രാഷ്ട്രപതിയുടെ മേശപ്പുറത്തു കിടന്നിരുന്ന പല ദയാഹര്‍ജി ഫയലുകളിലും പ്രണബ് മുഖര്‍ജി ഇറങ്ങും മുമ്പ് ‘ക്ലോസ്’ ചെയ്തിരുന്നു.
പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയവയുടെ കൂട്ടത്തില്‍, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും, 1986 -ലെ ഒരു കുടുംബത്തിലെ പതിമൂന്നുപേരെ കൊന്ന ഗുര്‍മീത് സിംഗിന്റെയും, പാര്‍ലമെന്റ് ആക്രമണക്കേസിലെ അഫ്സല് ഗുരുവിന്റെയും യാക്കൂബ് മേമനെയും ഒക്കെ ഹര്‍ജികളും ഉണ്ടായിരുന്നു. പരിഗണിച്ചതില്‍ 87 ശതമാനം ദയാഹര്‍ജിയും പ്രണബ് തള്ളിയിരുന്നു.
1987 മുതല്‍ 1992 വരെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ആര് വെങ്കട്ടരാമന് തന്റെ മുന്നില്‍ പരിഗണനക്കു വന്ന 44 ദയാഹര്‍ജികളാണ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: