വീണ്ടുമൊരു ഓണക്കാലം. കര്‍ക്കടകത്തിലെ പഞ്ഞവും ദുരിതവും അവസാനിച്ച് സമൃദ്ധിയുടെ ചിങ്ങമാസത്തില്‍ ജനങ്ങളുടെ മനസ് സന്തോഷപൂര്ണമാകുന്നു. പുത്തരിയുണ്ണുക, പുത്തനുടുപ്പിടുക, ഊഞ്ഞാലാടുക, കളിച്ചുരസിക്കുക എന്നിവയായിരുന്നു ഓണാഘോഷത്തില്‍ പ്രധാനം. ആഹ്ലാദത്തിന്റെ സാഫല്യമായിരുന്നു അത്. ഓണക്കാലത്ത് വ്യക്തിപരമായ അനന്ദത്തേക്കാള് കൂട്ടായ്മയുടെ ആസ്വാദ്യതയായിരുന്നു കൂടുതല്‍. മറ്റുള്ളവര്‍ക്ക് കൊടുത്ത് താനും ഉണ്ണുക എന്നതായിരുന്നു സങ്കല്‍പ്പം. ഓണം നല്കുന്ന ആ സന്ദേശമാണ് വലുത്. വേദവും ഓണവുമായി ബന്ധമുണ്ട്. വേദത്തിലെ സൂക്തങ്ങളില്‍ അന്യനു കൊടുക്കാതെ ഭക്ഷിക്കുന്നതിനെ തെറ്റായി സൂചുപ്പിക്കുന്നു. ആ മഹത്തായ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ് ഓണം. ഉള്ളവന് ഇല്ലാത്തവന് അന്നവും കോടിയും കൊടുക്കുന്നു. അതാണ് സമത്വത്തിലേക്കുള്ള വഴി. പണ്ട് ഇന്നത്തെപോലെ ചെലവ് കൂടുതലില്ല. അതിനാല്‍ തന്നെ പണത്തോട് ആര്‍ത്തിയുമില്ല. ഇന്ന് അവനവന്റെ സുഖത്തിനുള്ളതുമാത്രമായി മാറി ഓണാഘോഷങ്ങള്‍.
ഇന്നത്തെ ഓണത്തിന് മലയാളികളില്‍ മിക്കവര്‍ക്കും സ്വന്തം മണ്ണില്‍ വിളഞ്ഞ നെല്ലില്ല. സ്വന്തം മണ്ണിലെ ഏത്തയ്ക്കയില്ല. സ്വന്തം മണ്ണിലെ പൂക്കളില്ല. സ്വന്തം നാട്ടില്‍ നെയ്ത മുണ്ടില്ല. ഉണ്ണുന്നത് ആന്ധ്രയില്‍ നിന്നുള്ള അരിയാണ്. തുണിയും ഭക്ഷണവും വെളിയില്‍ നിന്നു കൊണ്ടുവരണം. സര്‍വ്വ വിഭവങ്ങളും ഓണക്കാലത്ത് വെളിയില്‍ നിന്ന് വാങ്ങി കോടിക്കണക്കിന് രൂപ വെളിയിലേക്ക് ഒഴുക്കുകയാണ് മലയാളി. സ്വന്തമായി ഒരു പാവയ്ക്കയെങ്കിലും വിളയിച്ചെടുക്കാനുള്ള സംസ്കാരം നഷ്ടമായി. ഇന്ന് തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങളും കേരളത്തിലേക്കെത്തുന്നത്.
ഈ അലസത വിട്ട് ഉണരാന്‍ ഒരോ ഓണവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജോലിചെയ്തുണ്ണണം എന്നതാണ് ഓണത്തിന്റെ പാഠം. കൊവിഡ് കാലത്തെ ഓണം പലതിലേയ്ക്കുമുള്ള തിരിച്ചു പോകലിനുള്ള സുവര്‍ണ്ണാവസരമാണ്. തൊടികളില്‍ പച്ചക്കറികള്‍ വിളയിച്ച് അത് ഫേസ്ബുക്കില്‍ അഭിമാനത്തൊടെ ഇടുന്ന ചെറുപ്പക്കാരുടെ മുഖത്തെ സന്തോഷം പ്രതീക്ഷ നല്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആഹാരം എത്തിയില്ലെങ്കിലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ കാഴ്ചകൂടിയാണിത്. ഓണം പണ്ടും കുടുംബാന്തരീക്ഷത്തിലാണ് ആഘോഷിച്ചിരുന്നത്. കച്ചവട സംസ്ക്കാരത്തിന്റെ ഭാഗമായിട്ടാണ് തെരുവിലിറങ്ങിയത്. എല്ലാം കച്ചവടമായ ഇക്കാലത്ത് ഓണവും കച്ചവടമായി. ഒരു നീതി ബോധവും തൊട്ടുതീണ്ടാത്ത കച്ചവട സംസ്കാരം നമ്മെ ബാധിച്ചു. ഭൗതികമായ ദുര്‍മേദസ് ജീവിതത്തില്‍ കൂടിയിരിക്കുന്നു. ആത്മീയമായ പരിശീലനത്തിലൂടെ നാമതിനെ മറികടക്കണം. ഈ ഓണക്കാലം അതിനുള്ള തയാറെടുപ്പിന്റെ കാലമാകട്ടെ. കൊവിഡ് കാലത്തും പഴമയ്ക്ക് കോട്ടംതട്ടാതെ ഓണം ആഘോഷിക്കാന്‍ എല്ലാവര്ക്കും കഴിയും.
വീണ്ടെടുക്കലാണ് ഓണം. നാടിന്റെ തനിമയെ, സംസ്കൃതിയെ, പാരമ്പര്യത്തെ, ഭാഷയെ, ജീവിതത്തെ ഒക്കെ വീണ്ടെടുക്കല്‍. കാലത്തിന്റെ മാറ്റത്തില്‍ കൈവിട്ടുപോയ എല്ലാത്തിനെയും നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. കൊവിഡ് കാലത്തെ ഓണം അതിനുള്ള അവസരമായി വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: