ഇന്ന് തിരുവോണം. ഓര്‍മകള്‍ കൊണ്ട് മനസ്സിന്റെ തിരുമുറ്റത്ത് പൂക്കളമിടുന്ന നാള്. ഉത്സവം തന്നെ മനുഷ്യരില്‍ ആഹ്ലാദമുണ്ടാക്കുന്നതാണ്. അത്തരം ആഹ്ലാദത്തിന്റെ വസന്തകാലമാണ് ഓണം. ഓര്‍മകളുടെ ഉത്സവത്തിന് പ്രത്യേകതകളേറെ, വര്‍ണങ്ങളേറെ ,വിഭവങ്ങളേറെ… പൂക്കളും പ്രകൃതിയും വികാരവും പ്രതീക്ഷയും ഒത്തൊരുമിച്ച് കാലം കഴിക്കുന്ന പ്രതിഭാസത്തിന് നാം കൊടുത്ത പേരാണ് ഓണം.
എല്ലാവരും ഉടുത്തൊരുങ്ങി നില്ക്കുമ്പോള് ‘ഞങ്ങളും ഒപ്പം’ എന്നത്രേ പ്രകൃതി പറയുന്നത്. ആ ഒത്തൊരുമയുടെ ഇഴയടുപ്പത്തിലേക്ക് പൂക്കളായി പ്രകൃതി കടന്നു വരികയാണ്. പൂവിറുത്തും പൂപ്പൊലിപ്പാട്ടു പാടിയും ഇടവഴി നടവഴി കേറി മറിഞ്ഞു പോവുമ്പോള്‍ മനുഷ്യനും പ്രകൃതിയും ഒന്നായി മാറുകയായിരുന്നു. ‘മാനുഷരെല്ലാരുമൊന്നുപോലെ’ യായ സൗവര്‍ണ കാലത്തില്‍ നിന്ന് ശപിക്കപ്പെട്ട കാലത്തിലേക്ക് നാം തന്നെ നമ്മെ പറിച്ചു നട്ടു. പ്രകൃതിയെ കൊച്ചുന്നാളിലെ അറിഞ്ഞനുഭവിക്കാനുള്ള പഴയ ശാസ്ത്രീയ പരീക്ഷണ കാലമായിരുന്നു ‘അത്തം പത്തോണം’ നാള്. ഓരോ ദിവസവും ഓരോ പൂ എന്ന തരത്തില്‍ മനസ്സും ശരീരവും പരുവപ്പെടുത്തുന്ന ‘ഒന്നാകല്‍’ കൊച്ചു നാളിലെ നടന്നിരുന്നു. അങ്ങനെയുള്ള ഒന്നാകല്‍ ജീവിതത്തിലുടനീളം വേണമെന്നതിന്റെ ഓര്‍മപ്പെടുത്തലായാണ് വര്‍ഷാവര്‍ഷം ഓണത്തിന്റെ വരവ്.
കണ്ണീരും കഷ്ടപ്പാടും നീങ്ങി പ്രകൃതി നവോഢയായി നില്ക്കുമ്പോള് അറിയാതെ ഓരോരുത്തരുടെ ഉള്ളിലും ഓര്‍മയായ് ഓണം നൃത്തം ചെയ്യുകയത്രേ. ഏത് ഐതിഹ്യപ്പെരുമയുടെ തിരുമുറ്റത്ത് പൂക്കളമിട്ടാലും അതില്‍ ആഹ്ലാദത്തിന്റെ അനിര്‍വചനീയമായ ഒരു ഊര്‍ജം ഉയര്‍ന്നു വരുന്നുണ്ട്. അതില്‍ അന്തര്‍ലീനമായ ഒരു സന്ദേശവുമുണ്ട്. ‘പ്രകൃതിയുടെ മക്കളേ നിങ്ങള്‍ ഒരുമയോടെ കഴിയുക. നിങ്ങള്‍ ഒരു പോലുള്ളവരാണ് ‘ഈ സന്ദേശം നാം മറക്കുകയും നമ്മുടെ സന്ദേശത്തിന്റെ ഇത്തിരിച്ചിമിഴിലേക്ക് ഓണത്തെപ്രതിഷ്ഠിക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഓണത്തിന്റെ ഓര്‍മകള്‍ നാം പുതുക്കിക്കൊണ്ടിരുന്നു. അത്തരം പുതുക്കലിലേക്കാണ് ഇത്തവണ കോവിഡ് ഭീഷണി എത്തിയിരിക്കുന്നത്.
ആഹ്ലാദപ്പൂത്തിരി കത്തേണ്ട നാളില്‍ ഒറ്റപ്പെട്ടും വിഷമിച്ചും ഓണം നാം ‘ആചരിക്കുന്ന’അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഒരു പരമാണുവിന്റെ വിളയാട്ടത്തില്‍ ലോകം വിറച്ചിരിക്കുന്ന സ്ഥിതിയില്‍ പ്രകൃതിയിലേക്കു മടങ്ങാനുള്ള സന്ദേശമാണ് മൗനമായി ഓണം ഉയര്‍ത്തിയിരുന്നതെന്ന് നാമറിയണം. ആ ഓണത്തെളിമയുടെ നിത്യ സത്യത്തിലേക്ക് നാം പൂവിട്ടു ചെല്ലണം. മുന്നൂറ്റി അറുപത്തിനാലു ദിനവും ക്വാറന്റൈനിലായ വ്യക്തി ഇത്തവണ നമ്മെ കാണാന്‍ വരുമ്പോള്‍ ഇവിടെ പലരും ക്വാറന്റൈനിലാണെന്നത് യാദൃച്ഛികമാവാം. ഒരു ക്വാറന്റൈന് കഴിഞ്ഞ് ഭൂമിയിലേക്കെത്തിയ നമ്മള് അമ്മയെ (പ്രകൃതി) മറന്നതിന്റെ കെടുതികള്‍ ഓര്‍മിപ്പിക്കാന്‍ കൂടിയാവാം കൊറോണപ്പേടിയിലെ ക്വാറന്റൈന്. ഏതായാലും മനുഷ്യര്‍ ഒന്നുപോലെ നന്മയുടെ പൂക്കാലങ്ങളില്‍ ഉല്ലസിച്ചു നടന്നതിന്റെ മന്ത്രമധുരമായ ഓര്‍മകള്‍ മനുഷ്യവംശം ഉള്ളിടത്തോളം ഉണ്ടാവും, ഉണ്ടാവണം. ആ നല്ലോണത്തിന് ഹൃദയം കൊണ്ട് നമുക്ക് പൂക്കളമിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: