Categories: Samskriti

കാര്‍ഷിക സംസ്‌കൃതിയുടെ ഓണം

കാര്‍ഷിക നന്മയുടെ ഓര്‍മയാണ് ഓണം. ഇന്നത്തെ കാലത്ത് മലയാളിക്ക് എന്ത് കൃഷി? എന്ത് നന്മ? എല്ലാം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്ന സങ്കല്‍പ്പം മാത്രമല്ലേയുള്ളൂ. ഓണം എന്ന് തുടങ്ങിയെന്നത് ആലോചിക്കുന്നതില്‍ പ്രസക്തിയില്ല. ഓണത്തിന്റെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുന്നുവെങ്കിലും ഓണം എന്നുമുണ്ടായിരുന്നു. മഹാബലിയെന്ന ചക്രവര്‍ത്തി ഇവിടെ നാടുവാണിരുന്നുവെന്ന സങ്കല്‍പമാണ് ഓണവുമായി ബന്ധപ്പെട്ടുള്ളത്. അദ്ദേഹം നീതിമാനായൊരു ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകള്‍ എല്ലാവരും സമന്മാരായി പരിഗണിക്കപ്പെട്ടിരുന്നു. കള്ളവും ചതിയുമുണ്ടായിരുന്നില്ല. മാവേലിയെന്ന ചക്രവര്‍ത്തിയുടെ പേരുമായി ബന്ധപ്പെട്ട് നിരവധി സ്ഥലനാമങ്ങള്‍ കേരളത്തിലിന്നുണ്ട്. അതുകൊണ്ടുതന്നെ ഒരുകാലത്ത് മാവേലിയുണ്ടായിരുന്നുവെന്ന് തീര്‍ച്ചയായും വിശ്വസിക്കാം.

ഓണവുമായി ബന്ധപ്പെട്ട് മനസ്സിലുള്ള ഓര്‍മകള്‍ കുട്ടിക്കാലത്തെ ഓണക്കളികളും ഓണസദ്യയുമൊക്കെയാണ്. ധാരാളം കളികള്‍ ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ തുമ്പിതുള്ളല്‍ പോലുള്ളവ അവയില്‍ പ്രധാനമാണ്. ആണ്‍കുട്ടികള്‍ക്കും കളികളുണ്ടായിരുന്നു. ഓണസമയത്ത് അയല്‍വീടുകളിലെ കുട്ടികളൊക്കെ ഒത്തുകൂടുമായിരുന്നു. ജാതിയും മതവുമൊന്നും അതിനായി പരിഗണിക്കപ്പെട്ടിരുന്നില്ല. ഓണസദ്യയും പ്രധാനമായിരുന്നു. നല്ലൊരു കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മയാണ് ഓണം. ഒാണത്തിന് വിളവെടുത്തിരുന്ന വിഭവങ്ങളാണ് പ്രധാനമായും സദ്യക്കായി ഉപയോഗിച്ചിരുന്നത്. നെല്‍കൃഷിയായിരുന്നു പ്രധാനം. അന്നത്തെ കൃഷിരീതികളും ഇന്നത്തെ കൃഷിരീതികളും തമ്മില്‍ വ്യത്യാസമുണ്ട്. പലരും നെല്‍വിത്തുകള്‍ വിതച്ചിരുന്നു. ധാരാളം സ്ഥലത്ത് കൃഷി ചെയ്തിരുന്നു. ഇന്ന് കൃഷിക്കായുപയോഗിക്കുന്ന ഭൂമി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സംസ്‌കാരവും മാറിപ്പോയിരിക്കുന്നു. പലതരം തിന്മകള്‍ സമൂഹത്തില്‍ വന്നുചേര്‍ന്നിരിക്കുന്നു. മൂല്യങ്ങള്‍ ചോര്‍ന്നുപോയിരിക്കുന്നു. പഴയ നന്മകളെയും മൂല്യങ്ങളെയും തിരിച്ചുപിടിക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോ വര്‍ഷവും ചിങ്ങമാസത്തില്‍ വരുന്ന ഓണം.

മഹാബലിയെന്ന സമ്പന്നനായ, സമൃദ്ധിയില്‍ വാണരുളുന്ന ചക്രവര്‍ത്തിക്കും ആ സമൃദ്ധിയില്‍ അഹങ്കാരം തോന്നാമെന്നൊരു യാഥാര്‍ത്ഥ്യംകൂടെ ഓണവുമായി ബന്ധപ്പെട്ടുണ്ട്. തന്റെ സദ്ഭരണത്തിലും, അതിന്റെ ഫലമായുണ്ടായ സമൃദ്ധിയിലും ക്രമേണ വര്‍ധിച്ചുവരുന്ന ബലിചക്രവര്‍ത്തിയുടെ അഹങ്കാരം ശമിപ്പിക്കുക എന്ന ഉദ്ദേശ്യത്താലാണ് വാമനമൂര്‍ത്തി അവതരിച്ചത്. തലയില്‍ കാല്‍വച്ച് പാതാളത്തിലേക്ക് താഴ്‌ത്തിയെന്നത് ഒരു പ്രതീകമാണ്. നീതിമാനായ ചക്രവര്‍ത്തിയുടെ തലയില്‍ കുടിയേറിയ അഹങ്കാരത്തെയാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയത്. വാമനമൂര്‍ത്തി ബലിചക്രവര്‍ത്തിക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു മിത്താണ്. ഈ മിത്തിനു പിന്നിലൊളിഞ്ഞിരിക്കുന്ന മഹത്തായ സന്ദേശം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

നിര്‍ഭാഗ്യവശാല്‍ മഹാബലി സങ്കല്‍പത്തെ അപമാനിക്കുന്ന തരത്തിലുള്ള ചില വേഷപ്പകര്‍ച്ചകളും വേഷംകെട്ടലുകളും ഇന്ന് കാണാനുണ്ട്.  ഇത് ശരിയല്ല. സാംസ്‌കാരിക രംഗത്തും കലാസാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ ഈ പ്രവണതയ്‌ക്കെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു. പക്ഷെ അതുണ്ടാവുന്നില്ല. അവരൊക്കെ രാഷ്‌ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.

മാവേലിത്തമ്പുരാന്‍ എന്ന ഒരു ഭരണാധികാരി നമുക്കുണ്ടായിരുന്നു, തൃക്കാക്കര കേന്ദ്രമായി അദ്ദേഹം നാടു ഭരിച്ചിരുന്നു എന്നും അനുമാനിക്കാം. മിത്തുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഇത്രയും വ്യക്തമാവുന്നു. അതിലധികം ആചാരങ്ങളില്‍നിന്ന് ആറ്റിക്കുറുക്കി എടുക്കുവാന്‍ വിഷമമുണ്ട്.

ആരൊക്കെ എത്രയൊക്കെ വ്യാഖ്യാനിച്ചു വിസ്തരിച്ചാലും മഹാബലിയെ ഓര്‍മിക്കുന്ന ഈ ആഘോഷം ഹൈന്ദവമാണ്. അഹങ്കാരം മൂത്ത് സ്വസ്ഥാന മഹിമക്ക് ചേരാത്തവിധം പെരുമാറിയപ്പോള്‍ ആ ദുര്‍ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കിയേ തീരൂ എന്ന് കാലം നിശ്ചയിച്ചതാണ് ഈ ഇതിഹാസ കഥയുടെ കാതല്‍. കാലം ചരിത്രത്തോട് സന്ധിചെയ്ത മുഹൂര്‍ത്തമാണ് ഓണം. നിത്യമായ ആ സമ്പല്‍സമൃദ്ധിയ്‌ക്കായി ഒത്തൊരുമിച്ച് പ്രയത്‌നിക്കാം. മഹാബലിത്തമ്പുരാന്‍ അഹങ്കാരം വെടിഞ്ഞ് വീണ്ടും അവതരിക്കുമെന്നാശിക്കാം. വര്‍ത്തമാനകാല അധികാരാവസ്ഥകൂടി ഈ ഇതിഹാസ കഥയില്‍ വ്യക്തമാകുന്നു.

ഓണക്കാലം സാഹിത്യവുമായി കൂടി ബന്ധപ്പെട്ടതാണ്. ധാരാളം ഓണപ്പാട്ടുകള്‍ നമ്മുടെ ഭാഷയിലുണ്ട്. അവയൊന്നും ആരാണ് രചിച്ചതെന്നുപോലുമറിയില്ല. തലമുറകളായി വാമൊഴിയായി കൈമാറ്റം ചെയ്തുവന്ന പാട്ടുകളുണ്ട്. ഇന്നത്തെ കാലത്തും ധാരാളം ഓണപ്പാട്ടുകള്‍ രചിക്കപ്പെടുന്നുണ്ട്. ഈ പാട്ടുകള്‍ക്ക് മലയാളസാഹിത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗദ്യസാഹിത്യത്തിലും ഓണവുമായി ബന്ധപ്പെട്ട രചനകളുണ്ടായിട്ടുണ്ട്. ഓണവുമായി ബന്ധപ്പെട്ട സങ്കല്‍പത്തിലെ നന്മയെ വീണ്ടെടുക്കുന്നതിനായുള്ളതാവണം ഇത്തരം രചനകള്‍. സമൂഹത്തിന് നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കാന്‍ ഇതിലൂടെ സാധിക്കും.

നന്മകള്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ കാര്‍ഷിക സംസ്‌കൃതിയായിരുന്നു നമുക്ക്. ആ നന്മയുടെ സംസ്‌കൃതി എന്തുകൊണ്ടൊക്കെയോ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. അന്യമാകുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ് ഓരോ ഓണനാളിന്റെയും ഓര്‍മപ്പെടുത്തല്‍. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഈ സങ്കല്‍പവുമായി ബന്ധമുണ്ട്. ഭരണാധികാരികള്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ ഓണമിത്ത് സന്ദേശം നല്‍കുന്നുണ്ട്. ഓണം നമുക്ക് നല്‍കിയ മഹത്തായ നന്മയുടെ സന്ദേശം ഉള്‍ക്കൊണ്ട് കൊറോണയെന്ന മഹാമാരിയുടെ നിഴലില്‍ കഴിയുന്ന ഇന്നത്തെക്കാലത്തും പരസ്പര സ്‌നേഹത്തിന്റെയും ഒരുമയുടെയും മൂല്യവത്തായ സമൂഹത്തെയും കാര്‍ഷിക സംസ്‌കൃതിയെയും തിരിച്ചുപിടിക്കേണ്ടതുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക