മഹാബലി ചക്രവര്‍ത്തിയെ ഒരു മലയാള മഹാകവി പ്രതീകാത്മകമായി ഇങ്ങനെ അവതരിപ്പിക്കുന്നു:
പണ്ടു ചരിത്രമുദിക്കും മുമ്പു,
മതങ്ങള്‍ കരഞ്ഞു പിറക്കും മുമ്പൊരു
മന്നവര്‍ മന്നന് വാണിതു തന് കുട
വാനിനു കീഴിലൊതുങ്ങി വിശ്വം
അന്നത്തെ മനുഷ്യര്‍, ഉത്തമപൂര്‍ണമനുഷ്യര്‍. അവര്‍ക്ക്, വിശിഷ്ട മഹാതിഥികള്‍ക്ക് വിദഗ്ധയും കുലീനയുമായ ഗൃഹസ്ഥയെപ്പോലെ വസുന്ധര സമസ്ത പദാര്‍ഥങ്ങളും വിളമ്പി. അവരുടെ ജീവിതം സുകൃതപൂക്കളൊടുങ്ങാത്ത തിരുവോണവുമായി. വസന്തപരാഗമണിഞ്ഞ ആയിരത്താണ്ടുകള്‍ പറന്നു പോയി. പ്രളയജലത്തില്‍ മഹീതല മഹിമകളൊക്കെ ഒലിച്ചു പോയെന്നൊരു കഥ. ഇവിടെ ഒരു അസുര ചക്രവര്‍ത്തിക്ക് സര്‍വാദരം ലഭിച്ചിരിക്കുന്നു.
ഒമ്പതാം നൂറ്റാണ്ടിലെ ഒരു പാട്ടിലാണ് ഓണ സങ്കല്‍പ്പം ഘനീഭവിച്ചിരിക്കുന്നത്. ‘മാവേലി നാടു വാണീരും കാലം മാനുഷരെല്ലാരുമൊന്നുപോലെ’. എന്നാരംഭിക്കുന്ന മഹാബലി ചരിതമെന്ന പാട്ടിന്റെ കര്‍ത്താവാരെന്ന് ഒരു രൂപവുമില്ല. പക്ഷേ ഈ ഗാനത്തിന്റെ ഈണത്തില്‍ ഇതള്‍ വിരിയുന്ന സാന്ദ്രാനന്ദം ആഹ്ലാദഭരിതം തന്നെ. ഒരു കിളി പറന്നുവന്ന് കവിയുടെ അരികിലിരിക്കുന്നു. തൃക്കാക്കര നിന്നും യാത്ര തിരിച്ച കിളി അവിടുത്തെ വിശേഷങ്ങള്‍ കവിയോട് മൊഴിയുകയായി. സദ്ഭാവനകള്‍ ഊടുംപാവുമായ ഒരു സാമൂഹ്യ ജീവിതത്തിന്റെ നേര്ചിത്രമാണതില്.
ഇല്ലങ്ങള്‍ തോറുമലങ്കരിച്ചു
ചെത്തിയടിച്ചു മെഴുകിത്തേച്ചു
നല്ത്തറയിട്ടു കളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളു
മന്പൊടണിയറ തന്നില്‍ ചാര്‍ത്തി..
പത്തുനാള്‍ മുമ്പു വന്നത്തം തൊട്ട
ങ്ങെത്രയും ഘോഷങ്ങളെന്നേ വേണ്ടൂ...
ബലിചക്രവര്‍ത്തിയുടെ ഭരണകാലത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ആഘോഷങ്ങളുടെ അനന്തവൈചിത്ര്യങ്ങള്‍, അങ്ങാടികളിലെ തിക്കും തിരക്കുമുള്ച്ചേര്ന്നുള്ള ശ്രീസമൃദ്ധിയുടെ അനായാസ വര്‍ണനകള്‍ ഒക്കെയും ഈ കിളിപ്പാട്ടിലുണ്ട്.
മലയാളിയുടെ കളിയരങ്ങും മലയാളത്തിന്റെ കലയരങ്ങുമാണ് ഓണം. പ്രാചീന കാലം മുതല്‍ ആധുനിക കാലം വരെയുള്ള സാഹിത്യ കൃതികളില്‍ ഓണപ്പൂക്കള്‍ വീണുകിടക്കുന്നു. ഓണത്തെക്കുറിച്ച് ഒരു വരിയെങ്കിലും എഴുതാത്ത ഒരു കവിയും മലയാളത്തിലുണ്ടാവില്ല.
ഓണം ഒരു സംസ്ക്കാര വിശേഷമാകുന്നു. രാജാവിനും പ്രജയ്ക്കും ഒരു പോലെയുണ്ടാവേണ്ട മൂല്യ ബോധത്തെ ഇത് ആണ്ടോടാണ്ട് ഓര്‍മപ്പെടുത്തുന്നു. കള്ളമില്ലാത്ത, ചതിയില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത കാലസന്ധി അപ്രാപ്യമെങ്കിലും ആശിക്കാന്‍ വക നല്കുകയായി. പ്രസന്നവും പ്രഭാതരളവുമാണ് ഓണമെന്ന മിത്ത്.
നമുക്ക് കേവലമായ സങ്കല്‍പ്പങ്ങളും പ്രത്യാശകളും മാത്രം പോരാ. സ്വാംശീകരണവും സാക്ഷാത്കാരവുമുണ്ടാകണം. വീരും പരിസരവും മോടിയാക്കലും വൃത്തിയാക്കലും ഒരു ഓണക്കാല ചടങ്ങ് മാത്രമാവരുത്. ആവണി മുറ്റത്തെത്തുന്ന പ്രകൃതിയുടെ കാര്‍ഷിക സമൃദ്ധിയില്‍ വിഷം കലരാതെയും കലക്കാതെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മഹാവ്യാധിയുടെ മഹാവ്യസനത്തില്‍ മനുഷ്യരാശി അകപ്പെട്ടിരിക്കുകയല്ലേ! ജാഗ്രത്തായ ബോധത്താല്‍ അതിജീവനത്തിന്റെ പാതയൊരുക്കാന്‍ വിവേകിയായ മനുഷ്യനു കഴിയും.
ബഹുനില മന്ദിരങ്ങളില്‍ വളരുന്ന നമ്മുടെ കുട്ടികള്‍ക്ക് ഗന്ധവതിയായ ഭൂമി അങ്ങു താഴെ പാതാളത്തിലെവിടെയോ ആണ്. ചാണകം മെഴുകിയ തിരുമുറ്റത്തിന്റെ നെറ്റിപ്പൊട്ടായ പൂക്കളം, കണ്ടു മറന്ന കിനാവാകരുത്.
മാനവധര്‍മം വിളംബരം ചെയ്യുന്ന സുദിനമാണ് തിരുവോണം. മനസ്സിന്റെ ജരാനര മാറ്റി മനുഷ്യനെ ഇത് നിത്യ യൗവന യുക്തനാക്കി നിര്‍ത്തുന്നു. സ്നേഹത്തിന്റെയും സാഹോദരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഓണനാളുകള്‍. ശ്രീ സമൃദ്ധിയുടെ രാപ്പകലുകള്‍. എന്‍.എന്‍. കക്കാട് ഇങ്ങനെ കുറിക്കുന്നു:
നന്ദി, തിരുവോണമേ, നന്ദി
നീ വന്നുവല്ലോ അടിമണ്ണിടിഞ്ഞു കടയിളകിച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറു ചിരി വിടര്‍ത്തി നീ വന്നുവല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: