വാഷിങ്ടണ്‍: കൊറോണ വാക്സിന് എത്രയും പെട്ടെന്ന് ഉത്പാദിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വാക്സിന് ലഭ്യമാക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. വാക്സിന് ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ മാത്രമേ ലഭ്യമാകൂയെന്ന വിദഗ്ധ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോഴാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
അതിനിടെ, വാക്സിന് വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ബ്രിട്ടനിലും ആരംഭിച്ചു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം.
വാക്സിന് അനുമതി ലഭിക്കുന്നതിനായുള്ള എല്ലാ ക്ലിനിക്കല്‍ പരിശോധനകള്‍ക്കും കാത്തു നില്‍ക്കാനുള്ള സമയമല്ലിത്. അതിനാല്‍ പാര്ശ്വഫലങ്ങളില്ലെന്നുറപ്പു വരുത്തി എത്രയും വേഗം വാക്സിന് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്ത് 170ഓളം ഇടങ്ങളിലാണ് വാക്സിന് നിര്‍മാണം പുരോഗമിക്കുന്നത്. ഇതില്‍ 31 എണ്ണത്തിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ആറെണ്ണം അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ എട്ട് വാക്സിനുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ രണ്ടെണ്ണം രണ്ടാംഘട്ട പരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: