പുല്ലാണി മലയില്‍ കയറിയാല്‍ ഓണപ്പൂക്കളും പൂച്ചെടി പൂക്കളും സുലഭമായി കിട്ടും. താളിന്റിലയില് നുള്ളിയിടാനും ഒട്ടും ബുദ്ധിമുട്ടുണ്ടാവുകയില്ല. മുരടന്‍ പാറയില്‍ കയറി നിന്നാല്‍ കൂര്‍ത്തു മൂര്‍ത്ത ഏരകപ്പുല്ലു പോലെയുള്ള വാളന്‍ പുല്ല് കാലില്‍ തട്ടി കോറി ചോരയൊലിക്കുമെന്ന പേടിയും വേണ്ട. പക്ഷേ അമ്മൂട്ടിയമ്മയുടെ കണ്ണുവെട്ടിച്ച് പുല്ലാണി മലയില്‍ എത്തിച്ചേരുവാന്‍ നന്നേ കഷ്ടപ്പെടേണ്ടിവരും. പിന്നെ നാട്ടിക്കല്ല് കടന്നു കിട്ടിയാല്‍ പ്രശ്നമില്ല. അമ്മൂട്ടിയമ്മയുടെ കണ്ണെത്തുന്ന ദൂരം പിന്നിട്ടു കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.
പൂക്കളിറുക്കുന്ന പട പുല്ലാണി മലയില്‍ എത്തിപ്പെടണമെങ്കില്‍ വല്യേട്ടനായ സുരേട്ടന് കനിയണം. വല്ല്യച്ഛന്റെ മക്കള്‍ സുരേട്ടന്, മനോട്ടന്. അച്ഛന് പെങ്ങളുടെ മക്കള്‍ ജയേട്ടന്, ജ്യോച്ചി പിന്നെ ചിന്നൂട്ടിന്നു വിളിക്കുന്ന ഞാനും. എന്നാലെ അമ്മൂട്ടിയമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ പട്ടാളം ങ്കട്ട് തെകയുള്ളൂ. പോക്കാച്ചിക്കാവിനു മുന്നിലെ വളയന്‍ കണ്ടത്തില്‍ ചൂണ്ടയിട്ടിരിക്കുന്നുണ്ടാവും കക്ഷി. സുരേട്ടന് സമ്മതിച്ചാല്‍ കാര്യം നടക്കും. പുല്ലാണി മല കയറിയിറങ്ങിയാല്‍ മാത്രമേ അത്തം വെളുക്കുകയുള്ളൂ. അത്ത പൂക്കളമൊരുക്കുവാന്‍ കാശിത്തുമ്പയും തുമ്പപ്പൂവും മാത്രം പോരല്ലോ. പുല്ലാണി മലയുടെ പരിധി വിട്ടാല്‍ തീക്കൊള്ളി മലയിലും വിവിധയിനം പൂ
ക്കളുണ്ട്. സാമൂഹ്യ ദ്രോഹികള്‍ അവിടവിടെയായി തീയിട്ടു നശിപ്പിച്ചതിനാല്‍ ആരും ധൈര്യപ്പെട്ട് തീക്കൊള്ളി മലയില്‍ പോകുക പതിവില്ല. പക്ഷേ ഓണക്കാലമായാല്‍ തറവാട്ടിലെ കൗമാരക്കാര്‍ കാടും മേടും ചവിട്ടി തീക്കൊള്ളി മലയിലും എത്തിപ്പെടും.
അമ്മൂട്ടിയമ്മ നെടുമ്പുരയില്‍ തൃക്കാക്കരപ്പനെ ഉണ്ടാക്കുവാനായി മണ്ണു കുഴയ്ക്കുന്ന തിരക്കിലാണ്. ചാമിയും ഒണക്കനും മണ്ണിടിച്ച് കുഴച്ച് പതം വരുത്തി വെയ്ക്കും.
തൃക്കാക്കരപ്പനെയും ഓണത്തപ്പനെയും മാതേരുകളെയും രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ ചാമിയും ഒണക്കനും കിഴക്കോറത്തിരുന്ന് ചോറുണ്ട് അച്ഛമ്മയുടെ കൈയില്‍ നിന്ന് ഒരു മുണ്ടും തരപ്പെടുത്തി കുടിയിലേക്ക് പോവും. പോണ വഴീല് ഓണപ്പാട്ടും പാടി ഓണത്തല്ലും നടത്തി കുടിയിലെത്തുമ്പോഴേക്കും ഉടുത്ത ചളിപിടിച്ച മുണ്ട് തലക്കെട്ടായിട്ടുണ്ടാവും. അച്ഛമ്മ നല്കിയ മുണ്ട് ചിലപ്പോള്‍ അരയിലും ചുറ്റിക്കാണാം. ചെള്ളിയും കുഞ്ചനും വൈകീട്ട് ഓണത്തപ്പന്റെ മിനുക്കു പണികള്‍ പൂര്‍ത്തീകരിക്കും. ഓണത്തപ്പന് മണ്ണുകൊണ്ടു മനോഹരമായ പീഠം നിര്‍മിക്കും. കുഴച്ചു പരുവമാക്കിയ ബാക്കി മണ്ണ് അവസാന ഒരുക്കങ്ങള്‍ക്കായി കൊട്ടിലിന്റെ മൂലയ്ക്ക് കൊണ്ടുപോയി വെയ്ക്കും. പട്ടര്, എണ്ണക്കാരന്‍ തുടങ്ങി ഇനിയും കഥാപാത്രങ്ങള്‍ ഓണത്തപ്പനു ചുറ്റും ക്രമീകരിക്കേണ്ടതുണ്ട്. മണ്ണുരുള ഉരുട്ടി പൂക്കളും അലങ്കരിക്കേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ വല്ല്യച്ഛനും അഞ്ചംഗപ്പടയും കൂടി നിര്‍വ്വഹിക്കണം.
അമ്മൂട്ടിയമ്മ തോട്ടുവക്കത്തെ കണ്ടത്തില്‍ കൈകാലുകളില്‍ പറ്റിപ്പിടിച്ച ചളി കഴുകിക്കളയുവാന്‍ പോകുമ്പോള്‍ അഞ്ചംഗ സംഘം പുല്ലാണി മല ലക്ഷ്യമാക്കിക്കൊണ്ടുള്ള യാത്രയാരംഭിക്കും. നീളിക്കണ്ടവും നടുക്കണ്ടവും താണ്ടി കുണ്ടന്‍ കണ്ടത്തിന്റെ വരമ്പിലെത്തിയാല്‍ ചെറ്യേക്കന് നിന്നു പരുങ്ങുന്നതു കാണാം. തെക്കേതൊടിയില്‍ കയറി പെറുക്കിയെടുത്ത തേങ്ങകള്‍ മുണ്ടിനുള്ളില്‍ പൂഴ്ത്താനുള്ള ശ്രമത്തിനൊടുവില്‍ പണി പാളി മുണ്ടോടു കൂടി തേങ്ങകള്‍ കുണ്ടന്‍ കണ്ടത്തില്‍ ‘പ്ലാ’ ന്ന് വീഴും.
”ചെറ്യേമ്പ്രാന് മാപ്പാക്കണം. അടിയന് വേറെ മാര്ഗ്ഗല്യാഞ്ഞിട്ടാ… ഓണല്ലേ ചെറ്യേമ്പ്രാ… നാലഞ്ചെണ്ണേ ള്ളൂ.” താണുതൊഴുത് ചെറ്യേക്കന് പറയുന്നതു കേട്ട് സുരേട്ടന് ഗൗരവത്തില്‍ പറയും. ”തിരുവോണം കഴിയുന്നതുവരെ ചെറ്യേക്കന് തേങ്ങയെടുത്തോ. പക്ഷേ അമ്മൂട്ടിയമ്മയോട് ഞാന്‍ സമ്മതം തന്നൂന്നൊന്നും പറഞ്ഞേക്കരുത്. പിന്നെ ഞങ്ങളെ ഇവിടെ കണ്ട കാര്യോം. അതുപോലെ പുല്ലാണി മലയിലേക്ക് പോയ കാര്യോം. ഇരു ചെവിയറിയരുത്. എന്താ.”
”അടിയന് ‘ക മ ‘ ന്ന് ഒരക്ഷരം പറയില്ല ചെറ്യേമ്പ്രാനെ. പക്ഷേ തമ്പ്രാ… ഈ തമ്പ്രാട്ടിക്കുട്ട്യോളേം കൊണ്ട് പുല്ലാണി മല കേറണോ. ഒന്നൂടെ ആലോചിച്ചൂടെ…”
”ചെറ്യേക്കാ… തേങ്ങ വേണോ അതോ വഴി മാറുന്നോ.”
”തമ്പ്രാന് കുട്ടി പൊയ്ക്കോ… പക്ഷേ പാത്തും കണ്ടും വേണം മല കയറാന്‍. തീക്കൊള്ളി മലയില്‍ പോകരുത്. തമ്പ്രാട്ടിക്കുട്ട്യേ… കാടും മലേം കയറി ള്ള ചന്തം കളയണ്ട. പിന്ന്യേയ്… രണ്ടൂന്നു കൊല്ലം കഴിഞ്ഞാ കെട്ടിച്ചു കൊടുക്കാനുള്ളതാ.”
”ങ്ഹും… ചെറ്യേക്കനല്ലേ എന്നെ കെട്ടിച്ചു കൊടുക്കാന്‍ പോണത്? അങ്ങനെ കെട്ടിച്ചു വിടാനൊന്നും പറ്റില്ല ചെറ്യേക്കാ ന്റെ പഠിപ്പൊക്കെ കഴിഞ്ഞ് നല്ല സ്വഭാവള്ള ഒരുത്തനെ കാണട്ടെ. അപ്പൊ നോക്കാം.”
”ന്റെ കുട്ട്യേ… മൂത്ത തമ്പ്രാന് പറഞ്ഞ് കേട്ടത് അടിയന് പറഞ്ഞതാ. രണ്ടോണം കൂടി കഴിഞ്ഞാല്‍ തറവാട്ടില്‍ പന്തലൊരുക്കണംന്ന്.”
”ചെറ്യേക്കാ… ദുര്‍ഘടം പറയാതെ ഇപ്പൊ വഴി മാറ്. അപ്പൊ ഞങ്ങളെ കണ്ടിട്ടില്ല. എല്ലാം പറഞ്ഞ പോലെ. ഓണം കറുപ്പിയ്ക്കണ്ട. കുടീല് തേങ്ങരച്ച വിഭവങ്ങള്‍ കൊണ്ട് ഓണം കെങ്കേമാവട്ടെ.” മനുവേട്ടന് പറയുന്നത് കേട്ട് തലക്കെട്ട് കക്ഷത്തു വെച്ച് ചെറ്യേക്കന് മാറി നിന്നു.
”ചെറ്യേക്കന് പറ്റിക്യോ മനോ ട്ടാ…”
”ഇല്ലെന്റെ ചിന്നൂട്ടി… തേങ്ങ മോഷണം പാട്ടാവില്യേ..പിന്നയാള് പറയോ.”
”അതു ശരിയാ. വരണ വഴീല് പള്ള്യേല് ഏത്തം പൊട്ടിവീണതാകണ്ടത്. ദുഃശകുനം.” ജ്യോച്ചിയുടെ ആത്മഗതം ഉച്ചത്തിലായിപ്പോയി.
”ഓ… ഗോപാലകൃഷ്ണപ്പണിക്കര്. രാശി വെച്ചു തുടങ്ങി. ഒന്ന് മിണ്ടാതിരിയെന്റെ ജ്യോച്ചി. മണ്ണാങ്കട്ട.”
”ചിന്നൂട്ടി… നിനക്കങ്ങനെ പറയാം. പക്ഷേങ്കില് അമ്മൂട്ടിയമ്മയോട് ചോദിച്ചു നോക്ക്.”
”ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തേ… മാപ്പ് ജ്യോച്ചി. ഇപ്പൊ നമ്മുടെ ലക്ഷ്യമെന്താ… പുല്ലാണി മലയിലെ പൂക്കള്‍ പറിച്ചെടുക്കണം. പൂക്കളമൊരുക്കി ഓണം കൊള്ളണം. ലക്ഷ്യം വെച്ച് മുന്നോട്ട്. അത്രെന്നെ.”
”ഓ.. ഒരു പുരോഗമനവാദി. പെണ്കുട്ട്യായി ജനിക്കേണ്ടതല്ല. പെണ്‍കുട്ടീടെ രൂപോം ആണ്കുട്ട്യോള്ടെ സ്വഭാവോം.” ജ്യോച്ചിയുടെ പറച്ചില് കേട്ട് ജയേട്ടന് ഇടപെട്ടു.
”തര്‍ക്കം നിര്‍ത്ത്. നാം ഓണപ്പുല്ലുകള്ക്കിടയിലൂടെ നടന്ന് പുല്ലാണി മലയുടെ അതിരിലെത്തിക്കഴിഞ്ഞു. അങ്ങോട്ടു നോക്ക്. മഞ്ഞ പരവതാനി വിരിച്ച പോലെ. മേടുകള്‍ മുക്കുറ്റി പൂക്കള്‍ കൊണ്ട് പു
തച്ചിരിക്കുന്നത്.”
പുല്ലാണിമല വര്‍ണപ്പകിട്ട് കാണിച്ച് ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. അച്ഛമ്മ അരിയളക്കുന്ന നാഴിയുടെ ആകൃതിയിലുള്ള മുക്കുറ്റികള്‍. മഞ്ഞപ്പട്ടു പുതച്ച് നില്‍ക്കുകയാണ് സുന്ദരിയായ പുല്ലാണി മല. അങ്ങകലെ മഞ്ഞക്കടമ്പ് പൂത്തു നില്ക്കുന്നു. അതിനപ്പുറം തീക്കൊള്ളി മല. ഉത്സാഹത്തോടെ താളിലയില്‍ നുള്ളിയെടുത്ത മുക്കുറ്റി പൂക്കള്‍ ചാക്കു നാര് വെച്ച് കെട്ടി സൂക്ഷിക്കുവാന്‍ ജയേട്ടനെ ഏല്പിച്ചു. ജയേട്ടന് കയ്യിലെ നീളമുള്ള വടിയില്‍ താളില കീറാതെ പൂക്കള്‍ കെട്ടിയിട്ടു.
അഞ്ചംഗസംഘം തീക്കൊള്ളി മലയിലേക്ക് യാത്രയായി.
മഞ്ജുളമായ ഒരു പൂപ്പാലികയുടെ നടുവില്‍ വിടര്‍ന്ന പൂക്കളെ പോലെ ബാല്യ കൗമാരങ്ങള്‍ രസിച്ച് യാത്ര തുടരുകയാണ്.
”തീക്കൊള്ളി മലയില്‍ പൂക്കളിറുക്കാന്‍ പോയാല്‍ ഓണത്തിന് കൂടാന്‍ പറ്റോന്നാ ന്റെ പേടി.” ജ്യോച്ചിയുടെ ഭീതി വകവെയ്ക്കാതെ പരിധി ലംഘിച്ച് തീക്കൊള്ളി മലയിലേക്ക് കയറി. ഈ ഓണംകേറാമൂലേല് ഇത്രേം പൂക്കളോ… കണ്ണഞ്ചിപ്പോയ വര്ണ്ണപ്രപഞ്ചത്തില് നിന്ന് പലതരം പൂച്ചെടി പൂക്കള്‍ ഇലക്കുമ്പിളില്‍ പറിച്ചിടുമ്പോഴാണ് തന്റെ കാലിലൂടെ ഒലിച്ചിറങ്ങുന്ന ചോര ജ്യോച്ചിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ”അയ്യോ! ചിന്നൂട്ടിയുടെ കാലില്‍ നിന്ന് ചോര. പാമ്പുകടിച്ചെന്നാ തോന്നുന്നേ. അപ്പഴേ പറഞ്ഞതാ… ശകുനം പന്തിയല്ലെന്ന്. ആരും കേട്ടില്ല.” ജ്യോച്ചി ആര്‍ത്തു കരച്ചില് തുടങ്ങി.
”ഒന്നു നിര്ത്തെന്റെ ജ്യോച്ചി. ഇത് പാമ്പുകടിച്ചതൊന്നൊല്ല. പു
ല്ലാണി മലയിലെ വാളന്‍ പുല്ല് കൊണ്ട് കീറി ചോരയൊലിക്കുന്നതാ. കൊറച്ച് പച്ചിലവെച്ചാ മാറാവുന്നതേള്ളൂ. നമുക്ക് ചെറ്യേക്കന്റെ കുടീല് പോകാം. പച്ചില മരുന്ന് വെച്ച് കെട്ടും. ആരും അറികേം ഇല്ല.”
സുരേട്ടനും ജയേട്ടനും മാറി മാറി പരിശോധിച്ച് പാമ്പുകടിച്ചതല്ലെന്ന് ഉറപ്പു വരുത്തി. കാലിലെ മുറിവിന്റെ ആഴം തിട്ടപ്പെടുത്തുമ്പോഴാണ് ചിന്നൂന്റെ കാലിലെ പാദസരം കാണാനില്ലെന്ന അടുത്ത പരിദേവനം ജ്യോച്ചിയില് നിന്ന് പുറപ്പെട്ടത്.
നോക്കുമ്പോള്‍ ശരിയാണ്. പാദസരം നഷ്ടപ്പെട്ടതില്‍ ചെറിയ ദു:ഖമുണ്ടായെങ്കിലും അമ്മൂട്ടിയമ്മയോട് പറഞ്ഞ് തിരുവോണമാകുമ്പോഴേക്കും ഒരു പാദസരം തരപ്പെടുത്തി തരാമെന്ന് ജയേട്ടന് സമാശ്വസിപ്പിച്ചു. അമ്മൂട്ടിയമ്മ പറഞ്ഞാല്‍ അച്ഛമ്മ കേള്‍ക്കാതിരിക്കില്ല. വിവാഹം കഴിയാത്ത അനിയത്തിയെ അച്ഛമ്മ ഒപ്പം കൂട്ടീട്ട് ഇരുപതു വര്‍ഷത്തിലേറെയായി. തറവാട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അച്ഛമ്മയുടെ അനിയത്തി അമ്മൂട്ടിയമ്മയാണ്.
തിരിച്ചുള്ള യാത്രയില്‍ മലയിടുക്കില്‍ എത്തിയപ്പോള്‍ എല്ലാവരും കളഞ്ഞു പോയ പാദസരം തെരഞ്ഞു നോക്കിയെങ്കിലും കണ്ടെത്താനായില്ല. കുണ്ടന്‍ കണ്ടംവഴി ഇറങ്ങി ചെറ്യേക്കന്റെ കുടിലിന്റെ താഴെ തട്ടിലെത്തി. ‘പൂവേ പൊലി’ യുമായെത്തിയ തമ്പ്രാന് കുട്ടികളെ കണ്ട് ചെറ്യേക്കന് മുണ്ടു മടക്കിക്കുത്തിയതഴിച്ചു. ജയേട്ടനും സുരേട്ടനും കാല് മുറിഞ്ഞത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീര സാഹസികതയോടെ വിവരിച്ചു. ചെറ്യേക്കന് കുറ്റിക്കാട്ടില്‍ പോയി നാലഞ്ച് ഇലകള്‍ പറിച്ചെടുത്തു. കാലിലെ മുറിവില്‍ അമര്‍ത്തി ചോര കളഞ്ഞു. ഇലകള്‍ കൈയില്‍ ഞരടി ചാറാക്കി മുറിവില്‍ വെച്ചമര്‍ത്തി തേച്ചു. സ്വര്‍ഗ്ഗം കണ്ടു പോയെങ്കിലും കരഞ്ഞില്ല. നാളെ അത്തമല്ലേ..
”ന്നാലും ന്റെ തമ്പ്രാട്ടിക്കുട്ട്യേ… എത്ര പറഞ്ഞതാ. ആണ്‍കുട്ട്യോളെ പോലെ കാടും മലയും കയറിയലയണ്ടാന്ന്. പറഞ്ഞാല്‍ കേള്‍ക്കില്ല. എന്തെങ്കിലും പറഞ്ഞാ ഒരു ചോദ്യോം. ന്താദ് ആണ്‍കുട്ട്യോള്‍ക്ക് മാത്രേ പറ്റൂ …? തമ്പ്രാന്റെ ന്ന് അടി കിട്ടാത്തതിന്റെ കേടാ.”
തറവാട്ടിലേക്ക് പോകുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി ചെറ്യേക്കനോട് പറഞ്ഞു. ”ചെറ്യേക്കന് ഇതൊന്നും ഇനീപ്പൊ വിസ്തരിക്കേണ്ട. നാളെ കൊട്ടത്തളത്തിന്റെ പിന്നില്‍ കുറച്ചു തേങ്ങ കെടക്ക്ണ് ണ്ടാവും. അതും കൂടി കൂട്ടി പത്തൂസം കാളനും തോരനും. ഓണ സദ്യ പൊടിപൊടിക്കട്ടെ.”
”മനസ്സിലായി കുട്ട്യേ.” ചെറ്യേക്കന് കറ പിടിച്ച ചുണ്ടു കോട്ടി ചിരിച്ചു.
”അടുത്ത ഓണക്കാലമാവുമ്പോ… തമ്പ്രാട്ടിക്കുട്ടീടെ കല്യാണം കഴിഞ്ഞാ ..പിന്നെ ചെറ്യേക്കന്?”
”പിന്നെ ചെറ്യേക്കന്…?”
”പിന്നെ ആരാ ഇങ്ങനെ അരീം നെല്ല്യൊക്കെ ആരും കാണാതെ…”
”അതിന് ഞാനിവിടെ നിന്ന് പോകുന്നില്ലല്ലോ ചെറ്യേക്കാ…”
”കല്യാണം കഴിഞ്ഞാ പിന്നെ പെണ്ണ് ആ തമ്പ്രാന്റെ തറവാട്ടില്‍ പോണം കുട്ട്യേ. പിന്നെ അതാ അവളുടെ വീട്.”
”ന്നാലും ഓണക്കാലത്ത് ഞാന്‍ വരും. ചെറ്യേക്കന് നെല്ലും അരിയും തേങ്ങയും പത്തായപ്പുരേന്നെടുത്തു തരാന്‍.”
”തമ്പ്രാട്ടിക്കുട്ടി സൂക്ഷിച്ച് പൊയ്ക്കോളൂ.”
”ശരി ചെറ്യേക്കാ.”
തറവാട്ടിലെത്തി താമരക്കട്ടിലിനു താഴെ പൂക്കള്‍ നിറച്ച ഇലക്കുമ്പിള്‍ തുറന്നു വെച്ചു. ജ്യോച്ചി രാത്രിയില്‍ എല്ലാ ഇലക്കുമ്പിളിലും ചെറുതായി വെള്ളം തളിച്ചു കൊടുത്തു.
തുളസിത്തറയിലെ ചക്കമുല്ലമൊട്ടുകള് പറിച്ചെടുത്തു വെച്ചതും, കട്ടിലിനടിയില്‍ സുഗന്ധം പരത്തി. ആ സൗരഭ്യത്തില്‍ താമരക്കട്ടിലില്‍ ജ്യോച്ചിയോടൊപ്പം ചാഞ്ഞു മയങ്ങി. പുലര്‍ച്ചെ എഴുന്നേറ്റ് ചാണകം മെഴുകിയ മുറ്റത്ത് മനോഹരമായ അത്ത പൂക്കളം ഒരുക്കുമ്പോള്‍ അമ്മൂട്ടിയമ്മയുടെ ദൃഷ്ടി പാദസരമില്ലാത്ത കാലില്‍ കൊളുത്തി.
”ചിന്നൂട്ടിയുടെ പാദസരം എവിടെപ്പോയി?” കനപ്പിക്കുന്നൊരു ചോദ്യം. ഒരു നോട്ടോം.
”ന്നലെ നെടുമ്പുരേലിരുന്ന് തൃക്കാക്കരയപ്പനു ചുറ്റും വെയ്ക്കുന്ന അമ്മി, ഉരല് തുടങ്ങിയ വീട്ടുസാമഗ്രികള്‍ മണ്ണുകൊണ്ടുണ്ടാക്കുമ്പോഴും കാലിലുള്ള പാദസരം കിലുക്കി ഓടി നടന്ന താണല്ലോ. ഇപ്പൊ എവിടെ?”
ഒന്നും ഉരിയാടാതെ പൂക്കളമൊരുക്കിക്കൊണ്ടിരുന്നു.
പിന്നെ തന്നിഷ്ടക്കാരിയല്ലേ. ചോദിച്ചാല്‍ മറുപടിയുണ്ടാവില്ല. അല്ലെങ്കില്‍ മറു ചോദ്യം.
ദൈവേ. ഈ അമ്മൂട്ടിയമ്മയുടെ ഒരു കാര്യം.
”ന്നലെ ഉച്ചയ്ക്ക്ചാടിത്തുള്ളി കടമ്പ കടന്നുപോണത് കണ്ടല്ലോ. ആരും കാണില്ലെന്നാ കുട്ടീടെ വിചാരം.”
ന്റെ തൃക്കാക്കരപ്പാ… തേവരേ… ന്നലെ ഉച്ച സമയത്ത് ആരും കാണാതെ ചെറ്യേക്കന്റെ കുടിയില്‍ പോയിരുന്നത് സത്യം. തനിക്കു അച്ഛമ്മ വാങ്ങിത്തന്ന ഓണപ്പുടവ ചെറ്യേക്കന്റെ മകള്‍ക്കു കൊടുക്കുവാന്‍ പോയതാണ്. എവിടെ പോയെന്നും എന്തിനു പോയെന്നും മനസ്സിലായില്ലെങ്കിലും താന്‍ പോയത് അമ്മൂട്ടിയമ്മ കണ്ടിരിക്കുണു. തറവാട്ടിലെ ആരെയും അറിയിക്കാതെയാണ് തന്റെ ഓണക്കോടി ചെറ്യേക്കന്റെ കെട്ടിയവള് ചീരൂന്റെ കയ്യില്‍ കൊണ്ടുപോയി കൊടുത്തത്. ചീരു തന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് സമയത്ത് ആ ചോര വറ്റിയ കണ്ണുകളില്‍ നിന്ന് ധാരധാരയായി കണ്ണുനീര് ഒട്ടിയ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അച്ഛമ്മ തനിക്കും ജ്യോച്ചിയ്ക്കും വാങ്ങിത്തന്ന മഞ്ഞപ്പട്ടുപാവാടയും ബ്ലൗസും തയ്പ്പിക്കാന്‍ ലീലോപ്പയുടെ അടുത്തേയ്ക്ക് കൊടുത്തുവിട്ടത് ചീരൂന്റെ കൈയിലായിരുന്നു. ചീരൂന്റെ മകള്‍ പൊന്നു തനിക്കും അതുപോലൊരെണ്ണം കിട്ടുമോന്ന് ചോദിച്ച് ചിണുങ്ങുന്നതു കേട്ട് മനസ്സ് നുറുങ്ങി.
”കേട്ടില്ലേ പെണ്ണിന്റൊരാഗ്രഹം. തമ്പ്രാട്ടി കുട്ട്യോള്ടങ്ങനത്തെ കുപ്പായം വേണം പോലും.” ചീരു മകളെ ശാസിച്ച് തള്ളിയിടുന്നത് കണ്ടതാണ്. തന്റെ പ്രായമുള്ള ചീരൂന്റെ മകള്‍ക്ക് ആ മഞ്ഞപ്പട്ടുപാവാട ഓണക്കോടിയായി സമ്മാനിക്കുമെന്ന് അന്നുറപ്പിച്ചതാണ്.
ചെറ്യേക്കന്റെ കുടിയില്‍ അങ്ങനെ പോയതാണ്. പൊന്നു ഒരു ഇലക്കുമ്പിളില്‍ മഞ്ഞച്ചേമന്തിയും തേക്കിലയില്‍ പൊതിഞ്ഞ തുമ്പപൂക്കളും തന്റെ കൈകളില്‍ തരുന്ന സമയത്ത് പൊന്നുവിന്റെ കണ്ണുകളില്‍ കണ്ട മുക്കുറ്റി പ്രഭ. പിന്നീടൊരിയ്ക്കലും അത്രയ്ക്ക് കാന്തി ഒന്നിനും
തോന്നിയിട്ടില്ല, ഒന്നിനും.
അമ്മൂട്ടിയമ്മയ്ക്ക് ഉത്തരം കിട്ടാതെ വന്നപ്പോള്‍ എണ്ണക്കാരന്റെ തലയില്‍ ഒരുരുള കമിഴ്ത്തി ഉള്ളിലേക്കു പോയി. കരുവാന്‍ കുഞ്ഞിരാമനോട് ഓണവിശേഷങ്ങള്‍ ചോദിച്ചു നില്ക്കുന്ന അച്ഛമ്മയും ഭാഗ്യത്തിന് ഒന്നും കേട്ടില്ലെന്ന് തോന്നുന്നു. ഓണക്കാലത്ത് തൃക്കാക്കരപ്പനോടൊപ്പം അമ്മിയും ഉരലും എണ്ണക്കാരനും മറ്റും മണ്കുഴച്ചുണ്ടാക്കി വെയ്ക്കുന്ന സമ്പ്രദായം വള്ളുവനാടിന്റെ സംസ്കാരത്തനിമയാണെന്ന് കരുവാന്‍ കുഞ്ഞിരാമനെ പഠിപ്പിക്കുന്നുമുണ്ട് അച്ഛമ്മ.
തൊഴുത്തിനപ്പുറത്ത് ആരുടേയോ നിഴല്‍. ചെറ്യേ ക്കന്‍. പാത്തും പതുങ്ങിയും തൊഴുത്തിനു പിറകില്‍ തല ചൊറിഞ്ഞു നില്ക്കുന്നു.
ഉച്ചയ്ക്കുശേഷം വരാന്‍ ആംഗ്യം കാട്ടിയിട്ടും പോകുന്നില്ല. ”തമ്പ്രാട്ടിക്കുട്ടീ… ഒന്ന് ങ്ക്ട് വരൂ….” ശബ്ദം താഴ്ത്തി പറയുന്നതു കേട്ട് ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തി തൊഴുത്തിനു പിന്നില്‍ പോയി. തന്നെ കണ്ടപ്പോള്‍ ചെറ്യേക്കന് കറുത്ത പല്ലുകള്‍ കാട്ടി ചിരിച്ച് കിലുങ്ങുന്ന പാദസരം ഉയര്‍ത്തിക്കാണിച്ചു.
എന്നിട്ടു പറഞ്ഞു. ”ന്റെ പൊന്നു തമ്പ്രാട്ടിക്കുട്ടിക്ക് തരാന്‍ പറഞ്ഞതാ. ദ് തമ്പ്രാട്ടിക്കുട്ടീടേണത്രെ. പെണ്ണ് പറഞ്ഞത് ആ കാലില്‍ കിടക്കുമ്പോഴേ അതിന് ചന്തള്ളൂന്ന്.”
ദൈവേ…ന്റെ പാദസരം…
”ദ് ന്നും ങ്ങനെ കുട്ടീടെ കാലില്‍ കിലുങ്ങണത് കേള്ക്കണത്രെ. പെണ്ണ് പറയ്യാ. ഓരോ പൂത്യേ.”
പിന്നീട് ചീരു പറഞ്ഞാണറിഞ്ഞത്. ഉച്ചയ്ക്ക് ഓണക്കോടിയുമായി ചെറ്യേക്കന്റെ കുടീല് പോയപ്പോ. അവിടെ അഴിഞ്ഞു വീണതാ. ചീരു തന്റെ മകള്‍ പൊന്നൂന് നല്കിയ പാദസരം അവള് ചെറ്യേക്കനെ ഏല്പ്പിച്ചതാണത്രെ.
തറവാട്ടിലെ കുട്ടീടെ കാലില്‍ കിടക്കുമ്പോഴേ അതിന് ഭംഗീള്ളൂന്ന് പറഞ്ഞൂ ത്രെ…
ന്നാലും തനിക്ക് പൊന്നു സമ്മാനിച്ച മഞ്ഞച്ചേമന്തിയുടെയും തുമ്പ പൂക്കളുടെയും ഭംഗി ഒന്നിനൂല്യാ…. ഒന്നിനൂല്യാ…
രജനി സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: