കേരളം സമീപകാലത്ത് പല അനര്‍ത്ഥങ്ങള്‍ക്കും ‘പ്രശ്ന-സൃഷ്ടി’ പ്രതിസന്ധികള്‍ക്കും വിളനിലമായി മാറുന്നു. ചിലതിന് ശാശ്വത പരിഹാരവും ആശ്വാസവുമൊക്കെ ഉണ്ടാകുന്നുമുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ‘ഭരണാധികാര-വ്യവഹാര’, സുപ്രീം കോടതി വിധി തന്നെയാണ് അതില്‍ പ്രധാനം. സര്‍ക്കാരും രാജകൊട്ടാരവും ഭക്തരും പല നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും അരങ്ങുണ്ടാക്കി. അതിന്റെയെല്ലാം സമാപ്തിയുടെ തുടക്കമാകട്ടെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വ്യവഹാരത്തിന്റെ വിധിന്യായം. 1949ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഉണ്ടാക്കിയ കവനന്റ്(ഉടമ്പടി), ഭേദഗതി ചെയ്യാനാകില്ലെന്നും അതില്‍ വ്യക്തമാക്കിയിട്ടുള്ള രാജപരമ്പര അവകാശങ്ങള്‍, ആചാര-അനുഷ്ഠാനങ്ങള്‍ നഷ്ടപ്പെടുന്നതല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. അത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രമായി ഒതുങ്ങാനും ഇടയില്ല. ശബരിമല ശ്രീ അയ്യപ്പ സന്നിധി അടക്കം കേരളത്തിലെ പല ക്ഷേത്രങ്ങള്‍ക്കും സുപ്രീം കോടതിവിധി ചവിട്ടുപടിയാക്കി മാറ്റാനും പറ്റും. അതിന് അടിയുറച്ച ദൈവ വിശ്വാസവും അടി പതറാത്ത ധര്‍മ്മ സംരക്ഷണ മനസ്സും ഉണ്ടാവണം. ക്ഷേത്രഭരണത്തിലും കാര്യസ്ഥ നിര്‍വ്വഹണത്തിലും രാഷ്ട്രീയ ഭരണാധികാരികള്‍ക്ക് എത്രകണ്ട് കടന്നുചെല്ലാനാകുമെന്നതിന്റെ ‘ലക്ഷ്മണരേഖ’ കൂടിയാകണം കോടതിവിധി.
കേരളത്തിലെ വലുതും ചെറുതുമായ ക്ഷേത്രങ്ങള്‍, നമ്മുടെ കലാ- സാംസ്കാരിക തട്ടകങ്ങള്‍ കൂടിയാണ്. ഒരു ജനതയുടെ ആത്മീയവും ഭൗതികവുമായ അന്തര്‍ധാര സുശക്തമാക്കുന്നതും ‘വസുധൈവ കുടുംബകം’ എന്ന സാര്‍വ്വദേശീയ ദര്‍ശനം രൂപം കൊള്ളുന്നതും ക്ഷേത്രങ്ങളിലൂടെയാണ്. അത് മറക്കുമ്പോഴാണ് ദേവാലയങ്ങള്‍ ചൂഷണത്തിന്റേയും വിഭാഗീതയുടേയും വിളനിലങ്ങളാകുന്നത്. ഓരോ ദേവാലയവും ഉദയം കൊള്ളുന്നതും വിശ്വാസാധിഷ്ഠിതമായി ഉയര്‍ന്നു വരുന്നതും ചില ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ചാണെന്നും അത് വ്യതിചലിപ്പിക്കാന്‍ നിയമപരമായ സാധ്യത കുറവാണെന്നും നീതിപീഠം വ്യക്തമാക്കുന്നു.
1729ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവാണ് ഇന്നു കാണുന്ന വാസ്തു വിസ്മയം പുനര്‍നിര്‍മ്മിച്ചത്. 1750ല്‍ രാജ്യവും രാജാധികാരവും സമസ്ത സമ്പത്തും ശ്രീ പത്മനാഭ സ്വാമിക്ക് തൃപ്പടി ദാനമായി സമര്‍പ്പിച്ച,് ക്ഷേത്രസംരക്ഷകന്‍ എന്ന ചുമതല മാത്രം ഏറ്റെടുത്തു. ദേവന്റെ സമ്പൂര്ണ്ണനിധി ശേഖരം ശ്രീകോവിലിന് ചുറ്റുമുള്ള നിലവറകളില്‍ നിത്യഭദ്രമാക്കി. 1811 സെപ്റ്റംബര്‍ പതിനൊന്നിന്, സര്‍ക്കാരിന് യാതൊരു ഉടമാവകാശവും ഇല്ലാത്ത 348 മേജര്‍ ക്ഷേത്രങ്ങളുടേയും 1128 മൈനര്‍ ക്ഷേത്രങ്ങളുടേയും സ്വത്തുവകകള്‍ സര്‍ക്കാരില്‍ ലയിപ്പിച്ചു. 1904ലെ ‘തിരുവിതാംകൂര്‍ എന്റോണ്‍മെന്റ് റഗുലേഷന്’ വഴിയായിരുന്നു ആ കയ്യടക്കല്‍. ക്ഷേത്രഭൂമി ക്രമേണ സര്‍ക്കാര്‍ ഭൂമിയായി. 1904ല്‍ ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്ത് സര്‍ക്കാര്‍ ദേവസ്വങ്ങളുടെ ഭരണം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. രാമചന്ദ്രറാവുവിനെ തിരുവിതാംകൂര്‍ ഗവണ്മെന്റ് നിയമിച്ചു. 1908ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്ഷേത്രഭൂമികളെ സംബന്ധിച്ച് സര്‍ക്കാര്‍ ഒരു ട്രസ്റ്റി മാത്രമാണെന്നും അവയെ പണ്ടാരവകയായി കരുതരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രസ്തുത ഭൂമിയില്‍ നിന്നും അറ്റാദായമായി എല്ലാ വര്‍ഷവും രണ്ടു ലക്ഷം രൂപ വീതം 1811 മുതല്‍ 1908 വരെയുള്ള 98 വര്‍ഷങ്ങളിലേക്ക് 196 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ല. 1920ല്‍ സര്‍ക്കാരും ദേവസ്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റവന്യു ഡിപ്പാര്ട്ടുമെന്റില് നിന്നും ക്ഷേത്രവസ്തുക്കള്‍ വേര്‍തിരിക്കാന്‍ പറ്റുമോ എന്നതിനെക്കുറിച്ചും പരിശോധിക്കാന്‍ ഉന്നതാധികാര കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. അവിടെയും ക്ഷേത്രവസ്തുക്കളുടെ ട്രസ്റ്റി മാത്രമാണ് സര്‍ക്കാരെന്ന് തീര്‍പ്പു കല്പിച്ചു. പ്രതിവര്‍ഷം ഒരു തുക ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്തേ മതിയാകൂവെന്നും അംഗീകരിച്ചു. നികുതി പിരിവിന്റെ നാല്പത് ശതമാനവും ക്ഷേത്രഭൂമിയില്‍ നിന്നുള്ള ആദായത്തിന്റെ നാല്പതു ശതമാനവും ക്ഷേത്രങ്ങള്‍ക്ക് നല്കാന് ഉന്നതാധികാര കമ്മീഷന് ഉത്തരവായി.
1950ല്‍ തിരുവിതാംകൂര്‍-കൊച്ചി (തിരു-കൊച്ചി) ഹിന്ദുധര്‍മ്മ സ്ഥാപന നിയമം നിലവില്‍ വന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവകാശികളില്‍ മാത്രമാക്കി. മറ്റ് തിരു-കൊച്ചി ക്ഷേത്രങ്ങളെ ഒരു ദേവസ്വം ബോര്‍ഡിന്റെ ഭരണവ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ആശയത്തിനും ശക്തി പ്രാപിച്ചു. ‘ശ്രീ പത്മനാഭ ശ്രീകോവിലിന്’ ചുറ്റുമുള്ള അമൂല്യ നിധിശേഖര രഹസ്യം ലോകം അറിഞ്ഞത് രാജകുടുംബ അധികാരതര്‍ക്കവും സ്വത്തവകാശ തര്‍ക്കവും സുപ്രീം കോടതിയില്‍ എത്തിയതോടെയാണ്. 2011ല്‍ ഹൈക്കോടതി നിലവറകള്‍ പരിശോധിക്കാന്‍ ഉത്തരവായി. പരിശോധനയില്‍ ഒരു ലക്ഷം കോടിയിലധികം രൂപ വരുന്ന അമൂല്യനിധികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ബി നിലവറയില്‍ പ്രവചനാതീത നിധിശേഖരം ഉറപ്പായും ഉണ്ടാകുമെന്നും പറയുന്നു.
1950ലാണ് തിരുവിതാംകൂര്‍ – കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചത്. ‘മലബാര്‍’ മദ്രാസ്സ് സ്റ്റേറ്റിന്റെ ഭാഗമായതിനാല്‍ നിലവിലുള്ള സംവിധാനം നിലനിര്‍ത്തി മലബാര്‍ ദേവസ്വം ബോര്‍ഡും ‘സാമൂതിരി രാജപ്രാതിനിധ്യം’ നിലനിര്‍ത്തി 1948ല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും രൂപീകൃതമായി. 1964ലെ ഭൂപരിഷ്ക്കരണ നിയമവും 1970ലെ ഭേദഗതി നിയമവും ഭൂവാടക ഇനമായ ‘വാരം പുറപ്പാടും’, 1971ലെ ‘പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് എന്‍സൈന്‍ ആക്ടും’ ക്ഷേത്രങ്ങളുടെ ഭൂവരുമാനം ഇല്ലാതാക്കി. തിരുവല്ല ‘കവിയൂര്‍ മഹാദേവക്ഷേത്രവും’ വയനാട് ‘കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രവും’ ഉദാഹരിച്ചാണ് 1994ല്‍ ജസ്റ്റിസ് ബാലനാരായണ മാരാരും ജസ്റ്റിസ് ബാലസുബ്രഹ്മണ്യവും വിധി പ്രഖ്യാപിച്ച പ്രകാരം ‘മലബാര്‍ ക്ഷേത്രങ്ങളുടേയും ക്ഷേത്രജീവനക്കാരുടേയും’ പരിപാലന ചുമതല സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്.
കേരളത്തിലെ എല്ലാ ദേവസ്വങ്ങളുടേയും പ്രധാന ക്ഷേത്രങ്ങള്‍ക്കെല്ലാം വിസ്മരിക്കാനാകാത്ത ഇത്തരം ഓരോ ചരിത്രമുണ്ട്. ഉദാഹരണമായി ശബരിമല സന്നിധാനം. ഗുരുവായൂര്‍, കൂടല്‍മാണിക്യം തുടങ്ങിയ മഹാക്ഷേത്രങ്ങളുടേയും ചരിത്രം നാം അറിയണം. ഏതെങ്കിലും ഒരു ‘കവനന്റിന്റെ’ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യാനന്തരം നമ്മുടെ ചില ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. അതറിയാതെ ‘രാഷ്ട്രീയ അധികാരം’ സ്ഥാപിക്കാന്‍ ചിലര്‍ പുറപ്പെടുമ്പോള്‍ ഹിന്ദുവിശ്വാസികളുടെ ‘അധികാരവും അഭിമാനവുമാണ് ചോദ്യം ചെയ്യുന്നത്’. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വിധി ഹൈന്ദവ ജനതയെ ഒരു കാര്യം ബോദ്ധ്യപ്പെടുത്തുന്നു. കേരളത്തിലെ ഓരോ ക്ഷേത്രവും ആദരിച്ചും അനുഷ്ഠിച്ചും പാലിച്ചും പോരുന്ന ആചാരക്രമങ്ങള്‍ ഒരു ഭരണാധികാരിക്കും ചോദ്യം ചെയ്യാനാവില്ലെന്നും ക്ഷേത്രസ്വത്തുക്കള്‍ ആര്‍ക്കും കൈയേറ്റം ചെയ്യാനോ, കീഴടക്കാനോ ആവില്ലെന്നും ഈ വിധിയിലൂടെ ബോദ്ധ്യമാകുന്നു.
ശബരിമല ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളസര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. അവിടെ വിശ്വാസി സമൂഹം ഒന്നിച്ചു നിന്നു. നിയന്ത്രണാതീത തിരക്ക് ഒഴിവാക്കാന്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും തുറക്കാന്‍ പറ്റില്ലെന്നും യുവതീപ്രവേശനം അനുവദിക്കാന്‍ പറ്റില്ലെന്നുമുള്ള ശക്തമായ നിലപാടിന് വിശ്വാസി സമൂഹത്തിന്റെ പിന്തുണ ലഭിച്ചു. ‘ഒരു മതത്തിന്റേയും ആചാര-അനുഷ്ഠാനങ്ങളില്‍’ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന സുപ്രീം കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജ്ജിക്ക് ഇതരമതങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണയും ലഭിച്ചു. ‘ശരിയത്ത് നിയമത്തെ’ ചോദ്യം ചെയ്യാനോ, ‘ചര്‍ച്ച് ആക്ട്’ കൊണ്ടുവരാനോ കേന്ദ്രസര്‍ക്കാര്‍ തയാറാകില്ല. ‘ഏത് മതം സ്വീകരിക്കാനും, സ്വീകരിക്കുന്ന മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കാനുമുള്ള നിയമ പരിരക്ഷ’ ഭാരതത്തിന്റെ മതേതരത്വ മഹത്വം വിളിച്ചറിയിക്കുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുപ്രീം കോടതി വിധി, ശബരിമല യുവതീ പ്രവേശന നിരോധനം നൈഷ്ഠിക ബ്രഹ്മചാരി ശ്രീഅയ്യപ്പ ദേവാവകാശം ഡൈറ്റി (ബാലാവകാശത്തിന്റെ) അന്ത്യതിട്ടൂരം തന്നെയാകുമെന്ന് പ്രത്യാശിക്കാം. ശ്രീഅയ്യപ്പന് കലിയുഗവരദായകനാണെന്നതിന്റെ സാക്ഷ്യങ്ങളാണ് ആനുകാലിക അനുഭവങ്ങള്‍.
പ്രയാര്‍ ഗോപാലകൃഷ്ണന്
(തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ് ലേഖകന്‍)
9447129345
പ്രതികരിക്കാൻ ഇവിടെ എഴുതുക: