ഛണ്ഡീഗഡ്: രാജ്യത്തിന്റെ കരുത്തുറ്റ റഫാല്‍ യുദ്ധ വിമാനങ്ങള്‍ സെപ്തംബര്‍ 10ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അമ്പാല വ്യോമത്താവളത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലാകും റഫാല്‍ സേനയുടെ ഭാഗമാകുക. ഫ്രാന്‍സ് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്ലിയേയും ക്ഷണിച്ചിട്ടുണ്ട്. 36 റഫാല്‍ വിമാനങ്ങളില്‍ അഞ്ചെണ്ണം ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അമ്പാലയിലെത്തിയത്.
ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റഫാല്‍ വ്യെമസേനയുടെ ഭാഗമാകുന്നത്. സേനയിലെ ഗോള്‍ഡന്‍ ആരോസ് എന്നറിയപ്പെടുന്ന 17-ാം സ്ക്വാഡ്രണിന്റെ ഭാഗമാണ് റഫാലുകള്‍. ആകാശത്തു വച്ചു തന്നെ ഇന്ധനം നിറയ്ക്കാമെന്നത് ഇവയുടെ പ്രധാനപ്പെട്ട സവിശേഷിതകളിലൊന്നാണ്.
കരുത്തുറ്റ പോര് വിമാനങ്ങളായ റഫാല്‍ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുമെന്നും ഭീഷണികളെ ചെറുക്കുമെന്നും നേരത്തെ രാജ്നാഥ് സിങ് പറഞ്ഞിരുന്നു. 1997ല്‍ റഷ്യയില്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ എത്തിയതിന് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ യുദ്ധവിമാനങ്ങള്‍ രാജ്യത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: