ശ്രീനഗര്‍ : ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുടെ തുരങ്കം കണ്ടെത്തി. ജമ്മു സാംബ സെക്ടറില്‍ ഇന്ത്യ- പാക്കിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്ക് താഴെയായാണ് തുരങ്കം കണ്ടെത്തിയിരിക്കുന്നത്. വാര്‍ത്ത് ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞദിവസം പെട്രോളിങ്ങിന് പോയ ബിഎസ്എഫ് സംഘമാണ് തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞുകയറ്റത്തിന് സഹായകമാകുന്ന വിധത്തിലുള്ളവയാണ് ഈ തുരങ്കങ്ങള്‍. പ്രദേശത്ത് ഇനിയും തുരങ്കങ്ങള്‍ ഉണ്ടോയെന്ന് ബിഎസ്എഫ് തെരച്ചില്‍ നടത്തി വരികയാണ്. ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന.
തുരങ്കമുഖത്ത് മണല്‍നിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകള്‍ക്ക് മുകളില്‍ പാക്കിസ്ഥാന് മുദ്രകളുള്ളതായും അധികൃതര്‍ അറിയിച്ചു.
കറാച്ചി, ശങ്കര്‍ഗഢ് എന്നിങ്ങനെയാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ എഴുതിയിരിക്കുന്നത്. ചാക്കുകളില്‍ അവ നിര്‍മിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നല്‍കിയിട്ടുണ്ട്. ഇത് നല്കുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
തുരങ്കത്തില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാക്കിസ്ഥാന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം, ജമ്മുവിലെ സാമ്പയിലാണ് അവസാനിക്കുന്നതെന്ന് ജമ്മു ബിഎസ്എഫ് ഐജി എന്‍.എസ്. ജംവാല്‍ അറിയിച്ചു.
കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിര്‍മിച്ചിട്ടുള്ളത്. പാക്കിസ്ഥാനി റേഞ്ചര്‍മാരുടെയും മറ്റ് ഏജന്‍സികളുടെയും അനുമതിയും സഹായവും ഇതിന് ലഭിച്ചിട്ടുണ്ടാകും. അല്ലാതെ ഇത്തരത്തില്‍ ഒരു വലിയ തുരങ്കം നിര്‍മിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: