വരട്ടേ ദുരിതങ്ങള്‍
കേരളത്തിനുമേലും
ചിരിക്കാന്‍ മറക്കാതെ-
യിരിക്കാന്‍ സാധിച്ചെങ്കില്‍
(വൈലോപ്പിള്ളി)
മേടത്തിലെ വിഷു, ചിങ്ങത്തിലെ ഓണം, ധനുമാസത്തിലെ തിരുവാതിര. വ്യക്തികളുടെ കാര്യത്തിലായാലും സമൂഹത്തിന്റെ കാര്യത്തിലായാലും സുഖദുഃഖ സമ്മിശ്രമായ അനുഭവങ്ങള്‍ക്കിടയില്‍, കൃത്യമായ ഇടവേളകളില്‍, കടന്നുവന്ന്, ഈ ആണ്ടറുതികള്‍ ജീവിതത്തിന് ആഘോഷങ്ങളുടെ കസവണിയിക്കുന്നു.
മൂന്ന് ആണ്ടറുതികളില്‍ തിലകക്കുറിയായി തിളങ്ങുന്ന തിരുവോണം. മഹാബലിയുടെ കഥ ഹിന്ദു പുരാണത്തിലുള്ളതാണെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ, പ്രായഭേദമോ ലിംഗഭേദമോ ഇല്ലാതെ ഓണം ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്നു. ഓണക്കഥകള്‍ ഒട്ടേറെയാണ്. കഥകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ട്.
വാമനനായി അവതരിച്ച മഹാബലി പരമഭക്തനായ മഹാബലിയുടെ ദര്‍പ്പമടക്കി അനുഗ്രഹിച്ചു എന്നതാണ് ഭാഗവതത്തില്‍. കേരളത്തിന്റെ സാഹചര്യത്തില്‍, മാറിമറിഞ്ഞപ്പോള്‍ ദേവന്മാര് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു വഞ്ചനയുടെ സ്വഭാവം അതിനു കൈവന്നു. ഈ പൊരുത്തക്കേടുകള്‍ സമ്പന്നമായ നമ്മുടെ ഓണസാഹിത്യത്തില് പ്രതിഫലിക്കുന്നുണ്ട്. അതെന്തായാലും സമൃദ്ധിയുടെയും സംതൃപ്തിയുടെയും അതുമൂലമുള്ള സന്തോഷത്തിന്റെയും ഒരു പഴയ കാലത്തെക്കുറിച്ചുള്ള ഓര്മ പുതുക്കാനുള്ള സന്ദര്‍ഭമാണ് ഓണം. കൊറോണയെന്നല്ല, ഏത് വിഷാണുവിനും ആ സന്തോഷത്തെ ഒരു പരിധിക്കപ്പുറം ബാധിക്കാനാവില്ല.
ചിങ്ങത്തിനു മാവേലിയെ/തൃക്കാക്കരയപ്പനെ പൂപ്പരവതാനി വിരിച്ച് സ്വീകരിച്ച് ആദരിക്കുന്നതിന് മുപ്പതുനാള് മുന്‍പ് ഓണാഘോഷത്തിനുള്ള ഒരുക്കം തുടങ്ങുന്നു. ആദ്യം വീടും പരിസരവും വൃത്തിയാക്കി മോടിയാക്കല്.
”ചന്തത്തില്‍ മുറ്റം ചെത്തിത്തള്ളിച്ചീല
എന്തെന്റെ മാവേലീയോണം വന്നൂ”
എന്ന പാട്ട് ഈ മുന്നൊരുക്കത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിന്നീട് ഓണവിഭവങ്ങള്‍ സമാഹരിക്കലാണ്. അതില്‍ കാര്‍ഷിക വിഭവങ്ങളും വിനോദോപാധികളും പെടുന്നു. ചിങ്ങത്തിലെ അത്തം വരെ ഈ തിരക്ക്. അത്തപ്പൂക്കളം. ഉത്രാടത്തിന്ന് മഹാബലിയെയും തൃക്കാക്കരയപ്പനെയും അണിയില്‍, പൂജ, നിവേദ്യം. ചതയത്തിന് നാള് യാത്രയാക്കല്‍.
ഓണ ദിവസങ്ങളിലെ സന്തോഷങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് വേദനയോടെ വിടപറയുന്ന പ്രജകളോട്,
”പതിനാറാം മകത്തുന്നാള്
ഞാന്‍ വരുന്നുണ്ട് പിള്ളേരേ”
എന്ന് മഹാബലി ആശ്വസിപ്പിക്കുന്നു. കന്നിമാസത്തിലെ ആയില്യം-മകം-ഓണം. ഓണം കഴിഞ്ഞ് പതിനാറാം നാള് മഹാബലി വീണ്ടും വരും എന്നാണ് വിശ്വാസം. മകത്തിന് മകത്തടിയനെയാണ് നാം വെച്ചുപൂജിക്കുന്നത്. മകത്തടിയന്‍ ശിവന് തന്നെ. അന്നത്തെ സദ്യയോടെയാണ് ഓണാഘോഷം പൂര്‍ത്തിയാകുന്നത്.
ഈ ഓണാഘോഷത്തിലെ ഒരു സവിശേഷത എടുത്തുപറയേണ്ടതുണ്ട്. വാമനന്റെ പിറന്നാളാണ് തിരുവോണം. ഓണത്തിന് വയ്ക്കുന്ന തൃക്കാക്കരയപ്പന് വാമനനാണ്-വിഷ്ണു. വിഷ്ണുവിന്റെ അവതാരമായ വാമനന് എന്ന തൃക്കാക്കരയപ്പനെയും മഹാബലിയെയുമാണ് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ പൂജിക്കുന്നത്. ഓണപ്പൂവിടല്‍ ഭഗവതിയെ സങ്കല്‍പ്പിച്ചുമാണ്. ആയില്യം-മകത്തിന് നാം വെച്ചാരാധിക്കുന്നത് ശിവനെ. ഇതെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ വൈഷ്ണവ-ശൈവ-ശാക്തേയ ഉപാസനകളുടെ സംഗമമാണ് നമ്മുടെ തിരുവോണം എന്നു കാണാം.
ഇത് മറ്റൊരാലോചനയിലേക്ക് നമ്മെ നയിക്കുന്നു. ദേശീയ ആഘോഷങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊണ്ട് അവയുടെ ആത്മാംശം നഷ്ടപ്പെടുത്താതെ, എങ്ങനെ മലയാളി അവ സ്വന്തം തനിമയിലേക്ക് പകര്‍ത്തുന്നു എന്ന ആലോചനയിലേക്ക് നോക്കുക. ഓണവും തിരുവാതിരയും ദക്ഷിണായന കാലത്താണ് വരുന്നത്. ദക്ഷിണായനം ഈശ്വരന്മാരുടെയും ദേവന്മാരുടെയും രാത്രി എന്നാണ് വിശ്വാസം. ഉത്തരായനം പകലും. മകരം മുതല്‍ മിഥുനം വരെയുള്ള ആറുമാസം ഉത്തരായണം. ദേവന്മാരുടെ ഒരു പകല്‍; കര്‍ക്കടകം മുതല്‍ ധനുവരെ ആറുമാസം-ദക്ഷിണായനം-രാത്രി. ഉത്തരായനവും ദക്ഷിണായനവും ചേര്‍ന്നുവരുന്നു. ഒരു വര്‍ഷം ദേവന്മാരുടെ ഒരു ദിവസം. ഇതില്‍ ഉത്തരായണം ജ്ഞാന സമ്പാദനത്തിന്റെയും ദക്ഷിണായനം ജന്മശുദ്ധീകരണത്തിന്റെയും നാളുകള്‍-ഇതാണ് സങ്കല്‍പ്പം.
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: