ന്യൂദല്‍ഹി : ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍. 2007ലെ ഭീകരാക്രണത്തിന്റെ മുഖ്യ ആസൂത്രകനുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷബീല്‍ അഹമ്മദ് എന്നയാളാണ് പിടിയിലായത്.
സൗദിയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ 2010-11 കാലത്ത് ബെംഗളൂരുവില്‍ നിന്നും സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. 2007ലെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഇത് കൂടി കണക്കിലെടുത്താണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015ല്‍ ദല്‍ഹി പോലീസ് പ്രത്യേക വിഭാഗം രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്മേല് ഇയാള്‍ക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു.
യുകെ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ സൂത്രധാരനായ കഫീല്‍ അഹമ്മദിന്റെ ബന്ധുവാണ് ഷബീല്‍ അഹമ്മദ്. ഇയാളുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്ന അല്‍ഖ്വയ്ദ ഭീകരന് സെയ്ദ് മുഹമ്മദ് സിസ്ഹാന്‍ അലിയാണ്. ഇയാള്‍ അല്‍ഖ്വയ്ദയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട്. 2017ല്‍ അല്‍-ഖ്വയ്ദ തീവ്രവാദിയായ സെയ്ദ് മുഹമ്മദ് സിസ്ഹാന്‍ അലിയേയും സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷബീല്‍ അഹമ്മദിനെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ബെംഗളുരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് എന്‍ഐഎ തെളിവെടുപ്പും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: