കട്ടപ്പന: സെക്രട്ടേറിയറ്റിലുണ്ടായ തീ പിടിത്തത്തില്‍ ദുരൂഹതയാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒന്‍പത് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സെക്രട്ടറിയേറ്റിലുണ്ടായ തീ പിടിത്തത്തിലെ ദുരൂഹത നീക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് സന്തോഷ് തീയേറ്ററിന് മുന്നില്‍ പോലീസ് തടഞ്ഞു. ഇതിനിടെ കല്ലേറും മുട്ടയേറും ഉണ്ടായതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി.
ആക്രമണത്തില്‍ വണ്ടന്മേട് സിഐ നവാസ്, കട്ടപ്പന എസ്ഐ സന്തോഷ് സജീവ്, തങ്കമണി എഎസ്ഐ ജേക്കബ്, കട്ടപ്പനയിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് പ്രശാന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഒന്‍പതോളം യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോബിന് അയ്മനം, യൂത്ത് കോണ്‍ഗ്രസ് മുന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ബിജോ മാണി, ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍, അരുണ്‍ രാജേന്ദ്രന്, പ്രശാന്ത് രാജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ടാലറിയാവുന്ന 70 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: