വിശേഷ ദിവസങ്ങള്‍ സമ്മാനിതമാകാനുള്ള അവസരം കൂടിയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി വന്നെത്തുന്ന ആഘോഷമെന്ന നിലയില്‍ കേരളത്തിന് ഏറ്റവും പ്രധാനപ്പെട്ട ഓണക്കാലത്ത് ഒരു സമ്മാനം ലഭിക്കുന്നത് ആഘോഷങ്ങളെ മധുരതരമാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കേരളത്തിന് ഓണസമ്മാനം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗിഫ്റ്റ് എന്ന ചുരുക്കപ്പേരിലുള്ള ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡിന്റെ വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയാണ് കേരളത്തിന് ലഭിച്ചത്. ബെംഗളുരുവിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആലുവയില്‍ 1600 കോടി രൂപയുടെ പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി എന്ന പേരില്‍ വരുന്നത്. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റാണ് ഇതിനുള്ള അനുമതി പ്രഖ്യാപിച്ചത്.
സാമ്പത്തിക നേട്ടങ്ങള്‍ക്ക് പുറമെ സാമൂഹ്യനേട്ടവും കൈവരിക്കാന്‍ ഉപയുക്തമാകുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും മൂന്നര ലക്ഷം പേര്‍ക്ക് പരോക്ഷമായും ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. വാണിജ്യ നഗരമായ കൊച്ചിയെ സാമ്പത്തിക സിരാകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2021 മാര്‍ച്ചില്‍ ആരംഭിച്ച് ജൂണ്‍ മാസത്തോടെ തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തോടെ (പിപിപി) ആണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനുള്ള സ്ഥലമെടുപ്പിനാവശ്യമായ പണം കേന്ദ്ര സര്‍ക്കാര്‍ പലിശ കുറഞ്ഞ വായ്പയിലൂടെ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. ആലുവ നഗരസഭ പരിധിയില്‍ കൊച്ചി വിമാനത്താവളത്തിന്റെ പരിസരത്തായി 220 ഹെക്ടര്‍ സ്ഥലമാണ് ഗിഫ്റ്റ് സിറ്റിക്ക് ആവശ്യം. 1600 കോടി രൂപ മുതല്‍ മുടക്കുന്ന ഈ പദ്ധതിയില്‍ പത്ത് വര്‍ഷം കൊണ്ട് 18,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ആഗോള നിലവാരത്തിലുള്ള ഹൈടെക് സാമ്പത്തിക ഹബ്ബ് എന്ന നിലയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വികസനക്കുതിപ്പിന് പ്രേരകമാകുന്ന വിജ്ഞാനാധിഷ്ഠിത വ്യവസായത്തെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുതുതലമുറ വ്യവസായ പദ്ധതികള്‍ക്കായി സര്‍വ്വസജ്ജമായ ഒരു കേന്ദ്രമായിരിക്കുമിത്.
വികസന പ്രതീക്ഷകള്‍ നല്കുന്ന ഒരു പദ്ധതി കൂടി കേരളത്തിന് ലഭിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള ആശങ്ക ഒന്നുമാത്രമാണ്. നിലവിലുള്ള സംസ്ഥാന ഭരണകൂടം വികസന പദ്ധതികളില്‍ നടത്തിവരുന്ന അമിതമായ രാഷ്ട്രീയവത്കരണമാണത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പദ്ധതികളായാലും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പായാലും എല്ലാറ്റിലും ഭരണകക്ഷിയുടെ വഴിവിട്ട ഇടപെടലുകളും പാര്‍ട്ടിവത്കരണവും പലവട്ടം നാം കണ്ടതാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഈ കേരളത്തിന്റെ വികസനപദ്ധതികളുടെ നടത്തിപ്പിനെ ഇത്തരം പാര്‍ട്ടിവത്കരണം കുറച്ചൊന്നുമല്ല തളര്‍ത്തിയത്. ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ കാര്യത്തിലെങ്കിലും ഈ പ്രവണത ഒഴിവാക്കണം. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും കാണിക്കുകയും ഇപ്പോള്‍ നല്കിയതുപോലുള്ള നിരവധി പദ്ധതികള്‍ അനുവദിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുന്ന പ്രവണതയും നിര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: