ലണ്ടന്‍: ഗ്രീസില്‍ അടിപിടിക്കേസുമായി ബന്ധപ്പെട്ട തന്റെ പ്രവൃത്തികളെ ന്യായികരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മാഗ്വെയര്‍. തന്റെ ജീവനു തന്നെ ഭീഷണി ഉണ്ടായി. തട്ടികൊണ്ടുപോകുകയാണെന്നാണ് വിചാരിച്ചതെന്ന് മാഗ്വെയര്‍ പറഞ്ഞു.
ഗ്രീസിലെ മൈകോനോസ് ദ്വീപില്‍ കഴിഞ്ഞയാഴ്ചയാണ് മാഗ്വെയര്‍ അടിപിടികേസില്പ്പെട്ടത്. പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസ് മാഗ്വെയറിനെ അറസ്റ്റ് ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ട ഗ്രീക് കോടതി ഇരുപത്തിയൊന്ന് മാസത്തെ ‘സസ്പെന്‍ഡഡ്’ തടവ് വിധിച്ചു. സസ്പെന്‍ഡഡ് തടവ് ആയതിനാല്‍ ജയിലില്‍ കിടക്കേണ്ട ആവശ്യമില്ല. ഇതിനെതിരെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ വീണ്ടും വിചാരണ നടക്കും.
മാഗ്വെയര്‍ ഇന്നലെയാണ് ആദ്യമായി ഈ അടിപിടികേസിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. യുണിഫോമിലല്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയും ഒരു സുഹൃത്തിനെയും മിനിവാനില്‍ നിന്ന് വലിച്ച പുറത്തിട്ട് അടിക്കാന്‍ തുടങ്ങി. ഞങ്ങളെ തട്ടികൊണ്ടുപോകുകയാണെന്നാണ് ആദ്യം വിചാരിച്ചത്. ഞങ്ങള്‍ മുട്ടുകുത്തി നിന്നു. അവര്‍ കാലുകളില്‍ ശക്തമായി അടിച്ചു. നിന്റെ കരിയര്‍ കഴിഞ്ഞെന്നും ഇനി ഫുട്ബോള്‍ കളിക്കാനാകില്ലെന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
അവര്‍ പോലീസുകാര്‍ അല്ലെന്നാണ് കരുതിയത്. ഓടി പോകാന്‍ ശ്രമിച്ചു. കാലിന് നല്ല വേദനയുണ്ടായിരുന്നു. അവര്‍ എന്നെ കൊല്ലുമെന്ന് ഭയപ്പെട്ടു. പോലീസ് സ്റ്റേഷന് പുറത്താണ് സംഭവം നടത്തത്. രാത്രിയില്‍ രണ്ട് പേര് അടുത്തെത്തിയതിനെ തുടര്‍ന്ന് ബോധം നഷ്ടമായ സഹോദരി ഡെയ്സിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് പോലീസുകാര്‍ ആക്രമിച്ചതെന്ന് മാഗ്വെയര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: