ഓണം സ്‌നേഹത്തിന്റേയും നന്മയുടേയും ഉത്സവമാണ്. മനുഷ്യരെ മാത്രമല്ല സര്‍വചരാചരങ്ങളേയും സ്‌നേഹിച്ചിരുന്ന ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം. ഓണത്തിന്റെ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും കളികള്‍ക്കുമെല്ലാം മണ്ണിന്റെ സുഗന്ധമുണ്ട്.
പ്രകൃതി മനോഹരിയായി കാണപ്പെടുന്ന മാസമാണ് പൊന്നിന്‍ ചിങ്ങം. ഓണവെയിലും ഓണനിലാവുമെല്ലാം നമുക്ക് സമ്മാനിക്കുന്ന മനം കുളിര്‍പ്പിക്കുന്ന അനുഭവങ്ങളുടെ കാലം. ഇന്ന് അപൂര്‍വമായി കാണുന്ന ഓണത്തുമ്പികള്‍ പാറിനടക്കുന്നത് കാണാന്‍ ഭാഗ്യം കിട്ടുന്ന സമയം. പ്രകൃതിയുടെ താളവും ലയവും മനസ്സിലാക്കി അത് തെറ്റിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നതാണ് ഓണം പകര്‍ന്നുനല്‍കുന്ന പ്രധാന പാഠം.
അത്തം നാളില്‍ തുടങ്ങുന്ന പൂവിടലാണ് പ്രധാന ആകര്‍ഷണം. പൂക്കൂടകളുമായി തൊടികള്‍ കയറിയിറങ്ങി പൂക്കള്‍ ശേഖരിക്കുന്നത് കുട്ടികളാണ്. ഉത്രാടം നാളിലാണ് വലിയ പൂക്കളം ഒരുക്കുന്നത്. ചാണകം മെഴുകിയ മുറ്റത്ത് ഓണത്തപ്പനെ സ്ഥാപിച്ചാണ് ഓണത്തെ വരവേല്‍ക്കുന്നത്. ഇതിനായി മണ്ണുകൊണ്ട് ഓണത്തപ്പനെ ഉണ്ടാക്കും. തുമ്പക്കുടവും ചെത്തിയും തുളസിയുമെല്ലാം ഓണത്തപ്പന് സമര്‍പ്പിച്ചുട്ടുണ്ടാകും. മണ്ണിനേയും പ്രകൃതിയേയും ജീവജാലങ്ങളേയും സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളില്‍ രൂപപ്പെടുത്താന്‍ ഇത്തരം ചടങ്ങുകള്‍ സഹായകമാകും. എന്നാല്‍ വിപണിയാണല്ലോ ഇന്ന് ഓണാഘോഷങ്ങളെ നിയന്ത്രിക്കുന്നത്. പ്രകൃതിയില്‍ നിന്ന് അകന്നു നിന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ ഓണത്തിന്റെ തനിമയും ശോഭയും നഷ്ടപ്പെടുത്തുന്നു.
ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയോട് നാം പുലര്‍ത്തിയിരുന്നത് വളരെ പവിത്രമായ സമീപനമാണ്. കൃഷിയേയും കര്‍ഷകരേയും ബഹുമാനിച്ചിരുന്ന ഒരു സംസ്‌കാരം ഇവിടെ നിലനിന്നു. ഇല്ലം നിറയും പുത്തരിയും’ പോലെയുള്ള ചടങ്ങുകള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്ന് അരിയും പച്ചക്കറികളും പൂക്കളുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയെങ്കില്‍ മാത്രമേ നമുക്ക് ഓണം ആഘോഷിക്കാന്‍ കഴിയൂ. കുന്നിടിച്ച് പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും മാളികകളും നിര്‍മിച്ച് വര്‍ത്തമാനകാല ഭരണാധികാരികള്‍ വികസനം എത്തിച്ചപ്പോള്‍ നഷ്ടമായത് നമ്മുടെ കാര്‍ഷിക സംസ്‌കൃതിയായിരുന്നു. പുഴകളിലും ചെറിയ ജലാശയങ്ങളിലും നടന്നിരുന്ന പല വള്ളംകളികളും ഇന്ന് നിലച്ചിരിക്കുന്നു. പുഴകള്‍ വറ്റിവരളുന്നതാണ് കാരണം.
പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായി പാരസ്പര്യത്തില്‍ കഴിയണമെന്ന് ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തിരുവോണ ദിവസം ഈച്ചയ്‌ക്കും ഉറുമ്പിനും വരെ മധുരം നല്‍കി ഈ ജീവികളെ പ്രസാദിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴും ചില ഭവനങ്ങളില്‍ ഈ ചടങ്ങ് നടത്തുന്നുണ്ട്. ഉറുമ്പിന്റെ സന്തോഷംപോലും പരിഗണിച്ചിരുന്ന ഒരു മൂല്യസങ്കല്‍പ്പം ഇവിടെ നിലനിന്നിരുന്നതായി ഇതില്‍നിന്നും മനസ്സിലാക്കാം.
കെ.പി. വേണുഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: