കാസര്‍കോട്: കുടുംബശ്രീ വിതരണം ചെയ്യുന്ന കിറ്റിന് അമിത വിലയെന്നും അത് രണ്ടെണ്ണം വീതം വാങ്ങാനായി സൂപ്പര്‍വൈസര്‍മാര്‍ അയല്‍ക്കൂട്ട ഭാരവാഹികളെ നിര്‍ബന്ധിക്കുന്നതായും ആക്ഷേപം ശക്തമാകുന്നു. പല പഞ്ചായത്തുകളിലും അയല്‍ക്കൂട്ട ഭാരവാഹികളുടെ വീടുകളില്‍ വേണ്ടായെന്ന് പറഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വീതം കിറ്റുകള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചതായാണ് ആരോപണമുയരുന്നത്. ഓണം സുഭിക്ഷമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കുടുംബശ്രീയും ഭക്ഷ്യസാധനക്കിറ്റുകള്‍ കുടുംബശ്രീ അയല്ക്കൂട്ടങ്ങളിലെത്തിച്ച് കഴിഞ്ഞു. ഒരു കിറ്റിന് 380 രൂപയാണ് വില. ഒരു കുടുംബശ്രീ അയല്‍ക്കൂട്ടം നിര്‍ബന്ധമായും രണ്ട് കിറ്റുകള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശമുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അയല്‍ക്കൂട്ടങ്ങളെ അറിയിച്ചിരിക്കുന്നത്. 10 മുതല്‍ 15 വരെ അംഗങ്ങളാണ് ഓരോ അയല്ക്കൂട്ടത്തിലുമുള്ളത്.
760 രൂപ നല്കി വാങ്ങുന്ന രണ്ട് കിറ്റുകള്‍ അയല്‍ക്കൂട്ടത്തില്‍ 15 അംഗങ്ങളുണ്ടെങ്കില് അവര്‍ക്ക് അത് 15 ആയി വീതം വെച്ച് പങ്കിടാവുന്നതാണ്. അതേ സമയം പല സ്ഥലത്തും കിറ്റുകളില്‍ വ്യത്യസ്ത സാധനങ്ങളാണെന്ന് പരാതിയുണ്ട്. അയല്‍ക്കൂട്ടങ്ങളുടെ ഫണ്ടില്‍ നിന്ന് പണമെടുത്ത് കിറ്റുകള്‍ വാങ്ങിയാല്‍ അത് പങ്കിട്ട് നല്‍കേണ്ട തലവേദന സെക്രട്ടറിക്കും പ്രസിഡണ്ടിനുമാണ്. പല അയല്‍ക്കൂട്ടങ്ങളിലും ചുമതലപ്പെട്ടവര്‍ കൂലിപ്പണിക്കാരും കൃത്യമായ സ്ഥിരവരുമാനം ഇല്ലാത്തവരുമാണ്. അതിനാല്‍ തന്നെ ഇത്രവലിയ തുക സ്വന്തം കൈയ്യില്‍ നിന്നെടുത്ത് കൊടുത്ത് കിറ്റ് വാങ്ങാനുള്ള ശേഷി പല ഭാരവാഹികള്ക്കുമില്ല.
കാസര്‍കോട് ടൗണില്‍ വിതരണം ചെയ്ത ഓരോ കിറ്റിലും ഓരോ വെള്ളരിക്ക, ഒരു കക്കിരി, ഒരു നരമ്പന്, അരകിലോ പുട്ടുപൊടി, അരക്കിലോയുടെ ഒരു പാക്കറ്റ് ചിപ്സ് ഒരു ചെറിയ കുപ്പി അച്ചാര്‍, ഒരു ചെറിയ കുപ്പി സാനിറ്റൈസര്‍, ഒരു സോപ്പ്, 50 ഗ്രാം ചിക്കന്‍ മസാല, അത്രതന്നെ സാമ്പാര്‍പൊടി, 25 രൂപ വിലയുള്ള മാസ്ക്ക് എന്നിവയാണുള്ളത്. അയല്‍ക്കൂട്ട ഫണ്ടില്‍ നിന്നെടുത്ത് കിറ്റ് വാങ്ങിയാല്‍ ഓണത്തിന് കുടുംബശ്രീ വഴി നല്കുന്ന ഈ കിറ്റിന്റെ വിഹിതം തങ്ങള്‍ക്കും വേണമെന്ന് പല കുടുംബശ്രീയിലെയും അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കാസര്‍കോട്ടെ അയല്‍ക്കൂട്ടം ഭാരവാഹികള്‍ പറയുന്നു.
കിറ്റിലെ 100 ഗ്രാം വരുന്ന മുളകുപൊടിയും മറ്റു സാധനങ്ങളുമൊക്കെ പത്തോ പതിനഞ്ചോ ആയി എങ്ങനെയാണ് വിഭജിക്കുകയെന്ന് ഭാരവാഹികള്‍ ആശങ്കപ്പെടുകയാണ്. അങ്ങനെ വീതിച്ചാല്‍ തന്നെ അതുകൊണ്ട് എന്താണ് ചെയ്യുകയെന്നും അവര്‍ ആവലാതിപ്പെടുന്നു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ പരമാവധി 250 രൂപ വിലവരുന്ന സാധനങ്ങള്‍ക്കാണ് 380 രൂപ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് നിര്‍ബന്ധിച്ച് വാങ്ങുന്നതെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഈ പ്രതിഷേധം നേരിട്ട് പറയാന്‍ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു. താനാണ് പറഞ്ഞതെന്നറിഞ്ഞാല്‍ അയല്‍ക്കൂട്ടത്തില്‍ നിന്ന് വായ്പ നല്‍കില്ലെന്നാണ് അവരില്‍ പലരുടെയും ഭായം. അത് കാരണം എന്തുചെയ്യണമിതെന്നറിയാതെ നട്ടം തിരിയുകയാണ് കിറ്റ് ലഭിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഭാരവാഹികള്‍. നിര്‍ബന്ധപൂര്‍വ്വം കിറ്റുകള്‍ അയല്‍ക്കൂട്ടങ്ങളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം നല്കിയാല് മതിയെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നുമാണ് ജില്ലാ കുടുംബശ്രീ മിഷന് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: