ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് വിദേശരാജ്യവുമായി കേരളം കരാറൊപ്പുവച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖുറാന് ഇറക്കുമതി ചെയ്ത സംഭവം നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി കാണാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കേരളം കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി വികാസ് സ്വരൂപ് പാര്‍ലമെന്ററികാര്യ യോഗത്തില്‍ അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് വിഷയം പാര്‍ലമെന്ററി സമിതിയില്‍ ഉന്നയിച്ചത്.
റെഡ്ക്രസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഇതോടെ കേരള സര്‍ക്കാര്‍ നടത്തിയത് ഗുരുതര നിയമലംഘനമെന്ന് വ്യക്തമായി. സ്വതന്ത്ര രാജ്യമെന്ന നിലയില്‍ കേരളം പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു രാജ്യവുമായോ വിദേശ ഏജന്‍സിയുമായോ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാല്‍ റെഡ്ക്രസന്റുമായുണ്ടാക്കിയ കരാറിനെപ്പറ്റി കേന്ദ്രം അറിഞ്ഞിട്ടില്ല. യുഎഇ അറ്റാഷെയെ വിട്ടുനല്‍കണമെന്ന് ഇന്ത്യക്ക് ആവശ്യപ്പെടാനാവില്ല. യുഎഇയുടെ അനുമതിയുണ്ടങ്കില്‍ അവിടെയെത്തി വിവരങ്ങള്‍ തേടാന്‍ മാത്രമേ അക്കാര്യത്തില്‍ സാധിക്കൂ, ചോദ്യത്തിന് ഉത്തരമായി വികാസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായി ഇഡി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. നയതന്ത്ര ബാഗേജ് വിട്ടുനല്‍കുന്നതിന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതി ആവശ്യമാണെന്നും അല്ലാത്ത പക്ഷം ബാഗേജുകള്‍ വിട്ടുനല്‍കില്ലെന്നും കസ്റ്റംസും സമിതിയെ അറിയിച്ചു.
അതേസമയം റെഡ് ക്രസന്റുമായി ലൈഫ് മിഷന് കരാര്‍ ഒപ്പിടുന്ന വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍, കേന്ദ്രാനുമതിയുടെ ആവശ്യമില്ല. സര്‍ക്കാരും റെഡ്ക്രസന്റും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. റെഡ് ക്രസന്റ് ഏജന്‍സിയെ നിയോഗിച്ചു. അത് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: