കേരള ജനങ്ങള്‍ക്ക് പൊതുവേ പരസഹായവും സേവനവും ശീലമാണ്. അതിന് ഏറെക്കാലത്തെ ചരിത്രമുണ്ട്. ഇടയ്‌ക്ക് സേവനമായാലും സഹായമായാലും സംഘടനകളുടെയും പ്രത്യയ ശാസ്ത്രങ്ങളുടെയും മറ്റും നേതൃത്വത്തിലായി എന്നതും കേരളത്തിന്റെ പ്രത്യേകതകളാണ്. പക്ഷേ, അടുപ്പിച്ചുണ്ടായ രണ്ട് പ്രളയങ്ങളുടെ കാലത്ത് കേരളത്തിന്റെ സേവന മനസും അതിലെ ഐക്യവും, വിവേചനമില്ലായ്മയും കണ്ടു. അത് പുതിയ ശീലമായി വരികയായിരുന്നു. കൊറോണ പോലുള്ള അതിഭീകര പകര്‍ച്ച വ്യാധിക്കാലത്തും കേരള ജനതയുടെ സേവനത്തിന്റെ മുഖം കാണാനായി.
വഴിയില്‍, ഏതു സമയത്ത് അപകടമുണ്ടായാലും സഹായിക്കാന്‍ ആളുകള്‍ എത്തിയിരുന്ന കാലമുണ്ടായിരുന്നു. റോഡപകടങ്ങള്‍ പോലെ തികച്ചും അപ്രതീക്ഷിതമായ വേളയില്‍ പോലും അകമഴിഞ്ഞ് സഹായത്തിനെത്തിയവര്‍ എത്രയെത്ര ജീവന്‍ രക്ഷിച്ചിട്ടുണ്ട്, എത്രയേറെ പൊതുസ്വത്ത് സംരക്ഷിച്ചിട്ടുണ്ട്. അത് നമ്മുടെ ജീവന്റെ ഭാഗമാണ്.
പക്ഷേ, പില്‍ക്കാലത്ത് അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്നിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയോ സാക്ഷിയോ ആകുന്ന അവസ്ഥ വന്നു. രക്ഷിക്കല്‍ ഒരു ശിക്ഷയായി മാറിയപ്പോള്‍ സര്‍ക്കാരുകള്‍തന്നെ മുന്‍കൈ എടുത്ത് രക്ഷിക്കുന്നവര്‍ക്കുമേല്‍ ഉണ്ടാകുന്ന നിയമക്കുരുക്ക് ഒഴിവാക്കിക്കൊണ്ട് നിയമം പാസാക്കി. അങ്ങനെ റോഡപകടങ്ങളില്‍ രക്ഷകര്‍ക്കുമേല്‍ കേസില്ലെന്നായി.
പക്ഷേ, ഇനിയുള്ള കാലം സൂക്ഷിക്കണം. സേവനവും രക്ഷാപ്രവര്‍ത്തനവും ശിക്ഷയാകാം എന്നാണ് പുതിയ പാഠം. അതാണ് സംസ്ഥാന ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം ഉണ്ടായതറിഞ്ഞ് ഓടിയെത്തിയ കെ. സുരേന്ദ്രനും മറ്റു പലര്‍ക്കുമെതിരേ കേസെടുത്ത, പിണറായി വിജയന്‍ നയിക്കുന്ന, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്‍കുന്ന താക്കീത്.
സര്‍ക്കാര്‍ ഒരു പാര്‍ട്ടിയുടേതല്ല, സര്‍ക്കാര്‍ മുന്നണിയുടേതുമല്ല, സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവന്‍ ക്ഷേമ കാര്യങ്ങള്‍ നോക്കുന്ന സംവിധാനമാണ്. അത് കെട്ടിടമോ, ഉദ്യോഗസ്ഥനോ, മുഖ്യമന്ത്രിയോ അല്ല. ആ സംവിധാനത്തെയും അനുബന്ധ സാമഗ്രികളേയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് പൊതു മുതല്‍ എന്ന പ്രയോഗം പോലമുണ്ടായത്. സംസ്ഥാന സെക്രട്ടേറിയറ്റ് ചീഫ് സെക്രട്ടറിയുടെ സ്വകാര്യ സ്വത്തല്ല, എന്നപോലെതന്നെ മുഖ്യമന്ത്രിയുടെയോ സര്‍ക്കാര്‍ നയിക്കുന്ന ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടേതോ അല്ല. സെക്രട്ടേറിയറ്റില്‍ തീപ്പിടിച്ചുവെന്നറിഞ്ഞാല്‍ അണയ്‌ക്കാനും രക്ഷാ പ്രവര്‍ത്തനത്തിനും ഫയര്‍ഫോഴ്സിനെ ഉത്തരവാദിത്വം ഏല്‍പ്പിച്ച് രാജ്യത്തോട് പ്രതിബദ്ധതയുള്ള ഒരു സേവകനും കൈകെട്ടി കണ്ടു നില്‍ക്കാനാവില്ല. ആ ഉത്തരവാദിത്വമാണ് കെ. സുരേന്ദ്രനും മറ്റു സുരേന്ദ്രന്മാരും ചെയ്തത്.
പൊതുപ്രവര്‍ത്തകനെ ഉത്തരവാദിത്വം നിറവേറ്റിയതിന്റെ പേരില്‍,ഭരണ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയെന്നും ആയുധങ്ങളുമായെത്തിയെന്നും ആരോപിച്ച് കേസെടുക്കുന്ന ഈ സര്‍ക്കാര്‍ പറയുന്നത്, ഒരു അടിയന്തര ഘട്ടത്തിലും ഒരു സേവകനുംസഹായ സേവനങ്ങള്‍ക്ക് ഇറങ്ങരുതെന്നാണെങ്കില്‍ ഹാ കഷ്ടം!
ഈ കമ്യൂണിസ്റ്റ് സര്‍ക്കാരിന് സേവനങ്ങളെ പേടിയാണ്, സേവകരേയും. സേവാഭാരതിയെ ഭയമാണ്, സ്വയംസേവകരേയും. കാരണം, കമ്യൂണിസ്റ്റുകളുടെ കാപട്യങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ്. പ്രളയകാലത്ത് സേവനത്തിന് വ്യവസ്ഥകള്‍ വെച്ചു. സേവാഭാരതിക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കൊറോണക്കാലത്ത് തുടക്കത്തില്‍ സന്നദ്ധ പ്രവര്‍ത്തകരില്‍ സേവാഭാരതിക്കാരെ മാറ്റി നിര്‍ത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒടുവില്‍ സേവനം ചെയ്യാന്‍ സേവാഭാരതി ഓഫീസുകളില്‍ കളക്ടര്‍മാര്‍ക്ക് കയറി ഇറങ്ങി അപേക്ഷിക്കേണ്ടിവന്നു. അവരെ തോല്‍പ്പിക്കാന്‍ പക്ഷേ കെ. സുരേന്ദ്രനെതിരേ എടുത്ത കേസ് അടിയന്തര ഘട്ടത്തില്‍ സേവനത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ഇറങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷ കൊടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
ചീഫ് സെക്രട്ടറിയെന്നാല്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനല്ല. അത് ബിശ്വാസ് മേത്തയായാലും ആരുതന്നെയായാലും. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയ്‌ക്ക് പ്രശംസിക്കാം. പക്ഷേ, അത് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാകണം. അധികാരമില്ലാത്തിടത്ത് ഇടപെടുന്നതിനാകരുത്. ആരുടെ നിര്‍ദേശ പ്രകാരമാണ് മാധ്യമ പ്രവര്‍ത്തകരെയും സേവന പ്രവര്‍ത്തകരേയും ചീഫ് സെക്രട്ടറി തടഞ്ഞത്. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിച്ചതാണെങ്കില്‍ തീപ്പിടിത്തത്തിന്റെ ഉത്തരവാദി ചീഫ് സെക്രട്ടറി ആകണ്ടേ? ഏല്‍ക്കുമോ? ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രി
ന്‍സിപ്പല്‍ സെക്രട്ടറി, ഐഎഎസ് കാരന്‍ കൂടിയായ സെക്രട്ടറി ഒരു സംസ്ഥാനത്തെ മുഴുവന്‍ നാണം കെടുത്തി സ്വര്‍ണക്കടത്തു കേസില്‍ കുടുങ്ങിയതിന്റെ ഉത്തരവാദിത്വം ഏത് ചീഫ് സെക്രട്ടറി ഏറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വം മന്ത്രിസഭയുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്. അല്ലാതെ സ്വന്തം തീരുമാനം നടപ്പാക്കുകയല്ല. സെക്രട്ടേറിയറ്റിന്റെ ഗേറ്റ് പൂട്ടി സ്ഥലം എംഎല്‍എ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ വിലക്കിയത് സ്വന്തം തീരുമാനമോ ആരുടെയെങ്കിലും നിര്‍ദേശപ്രകാരമോ എന്ന് വ്യക്തമാക്കേണ്ടത് ബിശ്വാസ് മേത്തയാണ്.
ചീഫ് സെക്രട്ടറിയുടെ എട്ട് പ്രമുഖ ഉത്തരവാദിത്വങ്ങളുണ്ട്. അതില്‍ പ്രധാനം മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണ്. ഒമ്പത് അധിക ഉപദേശകര്‍കൂടിയുള്ള മുഖ്യമന്ത്രിയുടെ മുഴുവന്‍ ചെയ്തികളും തന്റെ ഉപദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറി സമ്മതിക്കേണ്ടിവരും. മാധ്യമങ്ങളേയും പൊതുപ്രവര്‍ത്തകരേയും വിലക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്ത നടപടി എട്ട് പ്രമുഖ ഉത്തരവാദിത്വങ്ങളില്‍ പെടുന്നില്ല. ഒരു ചീഫ് സെക്രട്ടറിയുടെ സ്വേച്ഛയാ ഉള്ള ചെയ്തിയെ സംസ്ഥാന മന്ത്രിസഭ പ്രശംസിക്കുന്നെങ്കില്‍, സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐഎഎസ്) കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉപദേശം അനുസരിക്കാന്‍ തയാറാകണം. 2014 ല്‍ പ്രധാനമന്ത്രിയായ ശേഷം തന്റെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മോദി ഇങ്ങനെ പറഞ്ഞു: ”നിങ്ങളുടെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. ആര് ആവശ്യപ്പെട്ടാലും ഏതു കാര്യമായാലും രേഖാമൂലമല്ലെങ്കില്‍ അനുസരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ശരിയെന്ന് ബോധ്യമുള്ളത് ചെയ്യുക. അതിന് ന്യായം ഉണ്ടാകണം. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണം. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും.”-
ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും മുമ്പു നല്‍കിയിട്ടില്ലാത്ത ഉപദേശം. അത് സ്വീകരിച്ചാണ് അവരുടെ, എന്നല്ല, രാജ്യത്തെ ഒട്ടുമിക്ക ഐഎഎസ് ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനം. പക്ഷേ, കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് അങ്ങനെ സ്വയം പ്രവര്‍ത്തിക്കാനാവുമെങ്കില്‍, അതിനുള്ള ധൈര്യം നല്‍കലും അനുമതി നല്‍കലുമാണ് പിണറായി മന്ത്രിസഭയുടെ പ്രശംസയെങ്കില്‍, അത് പുതിയൊരു കീഴ്‌വഴക്കത്തിന് തുടക്കമിടും. അതോടെ കേരളത്തിലെ ഐഎഎസുകാര്‍ക്ക്, ചീഫ് സെക്രട്ടറിക്ക് നട്ടെല്ലുണ്ടെന്നു കാണിക്കാന്‍ അവസരമൊരുങ്ങുമെങ്കില്‍, ടി.പി.സെന്‍കുമാറും ജേക്കബ് തോമസും പോലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഗതികണ്ടു വേണം ആശ്വസിക്കാനും വിശ്വസിക്കാനും എന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: