തിരുവനന്തപുരം:രാജ്യത്തെ വ്യാവസായിക ഉല്പാദനം ഉത്തേജിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, ‘വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ്’ (ഒ.ഡി.ഒ.പി) നയം പ്രോത്സാഹിപ്പിക്കുക, ‘ആത്മ നിര്‍ഭര്‍ ഭാരത്’ ലക്ഷ്യമിട്ടുള്ള ദേശീയ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായി ജി.ഐ.എസ്. അധിഷ്ഠിത ദേശീയ ലാന്‍ഡ് ബാങ്ക് സംവിധാനം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ (https://iis.ncog.gov.in/parks) ഇലോഞ്ച് ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (ഐ.ഐ.എസ്.) സംസ്ഥാനങ്ങളിലെ ജി.ഐ.എസ്. സംവിധാനങ്ങളുമായി യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 6 സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതി ആരംഭിച്ചു. 2020 ഡിസംബറോടെ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംവിധാനത്തിന്റെ ഭാഗമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഗോയല്‍, ഇത് ഒരു മാതൃക മാത്രമാണെന്നും സംസ്ഥാനങ്ങളുടെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് ഭൂമി ഇടപാടുകള്‍ക്കും തിരിച്ചറിയലിനും ഉള്ള ഫലപ്രദവും സുതാര്യവുമായ ഒരു സംവിധാനമാക്കി ഇതിനെ വികസിപ്പിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലകളുടെയും ക്ലസ്റ്ററുകളുടെയും ജി.ഐ.എസ്. അധിഷ്ഠിത ഡാറ്റാബേസാണ് ഐ.ഐ.എസ്. പോര്‍ട്ടല്‍. 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 3,300 വ്യവസായ പാര്‍ക്കുകളും 4,75,000 ഹെക്ടര്‍ ഭൂമിയും പുതിയ സംവിധാനത്തിന്റെ പരിധിയിലുണ്ട്.
കേന്ദ്രം പുറപ്പെടുവിച്ച പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസിമേക്ക് ഇന്‍ ഇന്ത്യ ഓര്‍ഡര്‍ (ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള പൊതു നയം) സ്വീകരിക്കണമെന്ന് ഗോയല്‍ തന്റെ പ്രസംഗത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആത്മ നിര്‍ഭര്‍ ഭാരത് യാഥാര്‍ഥ്യമാക്കാന്‍ ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിനായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്താന്‍ മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം ഈ ഓര്‍ഡര്‍ നടപ്പിലാക്കികഴിഞ്ഞു.
രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കേന്ദ്ര, സംസ്ഥാന അനുമതികളും നേടുന്നതിനുള്ള ഏകജാലക സംവിധാനം എന്ന നിലയില്‍ വണ്‍സ്റ്റോപ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു
ഇന്ത്യയെ ഒരു ഉത്പാദന പവര്‍ഹൗസാക്കി മാറ്റാന്‍ ‘വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ്’ (ഒ.ഡി.ഒ.പി) സമീപനം സഹായിക്കുമെന്ന് ഗോയല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുള്ള ഗവണ്മെന്റിന്റെ ഇമാര്‍ക്കറ്റ് പ്ലെയ്സ് സംവിധാനം വഴി ആഭ്യന്തര നിര്‍മ്മാതാക്കളില്‍ നിന്നുള്ള പൊതു സംഭരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഗോയല്‍ വ്യക്തമാക്കി.
കാര്‍ഷിക കയറ്റുമതി പ്രോത്സാഹന നയം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പദ്ധതികള്‍ ക്ഷണിച്ചതില്‍, 14 സംസ്ഥാനങ്ങള്‍ മാത്രമാണ് കര്‍മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുള്ളതെന്ന് ഗോയല്‍ പറഞ്ഞു. ഇതിനായി നോഡല്‍ ഏജന്‍സികളെ/ഓഫീസര്‍മാരെ നിയോഗിക്കാനും സംസ്ഥാനതല നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കാര്‍ഷിക രംഗത്ത് മാത്രമല്ല വ്യാവസായിക ഉത്പന്നങ്ങളിലും മൂല്യവര്‍ദ്ധന പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗോയല്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി.
രാജ്യത്ത് അതിവേഗം നിക്ഷേപം നടത്തുന്നതിനുള്ള ഘടനാപരമായ സംവിധാനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ഗോയല്‍, വിവിധ മന്ത്രാലയങ്ങളില്‍ എംപവേര്‍ഡ് ഗ്രൂപ്പ് സെക്രട്ടറിമാരെയും പ്രോജക്ട് ഡവലപ്മെന്റ് സെല്ലുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സമാന രീതിയില്‍ സംവിധാനം ആവിഷ്കരിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വാണിജ്യവ്യവസായ സഹമന്ത്രി സോം പ്രകാശ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: