Categories: Varadyam

രാമായണത്തിന്റെ ചരിത്ര സത്യങ്ങള്‍

വായന

ലയാളികള്‍ ബഹുഭൂരിപക്ഷത്തിനും രാമായണമെന്നാല്‍ അധ്യാത്മ രാമായണമാണ്. വാല്മീകി രാമായണം പലപ്പോഴും അവരുടെ പരിഗണനാ വിഷയമല്ല. എഴുത്തുകാരിലേക്ക് വന്നാലും സ്ഥിതി വളരെയൊന്നും വ്യത്യസ്തമല്ല. ആദികാവ്യമാണെന്നറിയാം. മാനിഷാദ എന്നു തുടങ്ങുന്ന ശ്ലോകം നിരന്തരം ആവര്‍ത്തിക്കും. ഇതിനപ്പുറം വാല്മീകി രാമായണത്തിന്റെ ആത്മാവിലേക്കെത്തുന്ന ആവിഷ്‌കാരങ്ങള്‍ അധികമൊന്നും മലയാളത്തിലില്ല. വള്ളത്തോളിന്റെ തര്‍ജമ പണ്ടേയുള്ളതാണെങ്കിലും വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനം സമീപകാലത്താണ് വായനക്കാര്‍ക്കിടയില്‍ പ്രചാരത്തിലാവാന്‍ തുടങ്ങിയത്. ഈയൊരു പശ്ചാത്തലത്തിലാണ് എ. വേണുഗോപാലിന്റെ ‘വാല്മീകി രാമായണവും പുരാതന ഭാരത ചരിത്രവും’ എന്ന പുസ്തകം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നത്.

വാല്മീകി രാമായണത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വര്‍ണനകളോ കഥാഗതിയുടെ ആവര്‍ത്തനമോ അല്ല വേണുഗോപാല്‍ നടത്തുന്നത്. ആധുനിക ശാസ്‌ത്രോപാധികളുടെ സഹായത്താല്‍ പുരാതന ഭാരത ചരിത്രത്തെ രാമായണത്തിലൂടെ കണ്ടെത്താനുള്ള ശ്രമമാണ്. ഇതൊരു വെറും അവകാശവാദമെല്ലെന്ന് പതിമൂന്ന് അധ്യായങ്ങളായിത്തിരിച്ചിട്ടുള്ള ഉള്ളടക്കത്തിന്റെ ഓരോ പേജും വായനക്കാരനെ ബോധ്യപ്പെടുത്തും. എഴുത്ത് വിശ്രമവേളയിലെ വിനോദമല്ലെന്ന് ഈ പുസ്തകത്തിന്റെ അനുബന്ധവും ഗ്രന്ഥസൂചികയും വരെ തെളിവു നല്‍കുന്നു.

ആദി കാവ്യം എന്ന വിശേഷണം വാല്മീകി രാമായണത്തിന്റെ മറുപേരാണ്. പക്ഷേ രാമായണത്തിന്റെ കാലമേതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍പോലും വേണ്ടത്ര ബോധവാന്മാരല്ല. അതുള്ളവര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുമുണ്ട്. ഇവിടെ എ. വേണുഗോപാല്‍ രേഖപ്പെടുത്തുന്ന വസ്തുതകള്‍ക്ക് മൗലികതയും പുതുമയുമുണ്ട്. ‘ചരിത്രകാരനായ വാല്മീകി’ എന്ന ആദ്യ അധ്യായംതന്നെ ഇത്തം കണ്ടെത്തലുകളാല്‍ സമ്പന്നമാണ്. ദശരഥന്‍, രാമന്‍, ലവകുശന്മാര്‍ എന്നിങ്ങനെ മൂന്നുതലമുറകളുടെ കാലത്ത് ജീവിച്ചിരുന്ന വാല്മീകി, ദശരഥന്റെ ഉറ്റസുഹൃത്തായിരുന്നുവെന്നും, വിശ്വാമിത്ര മഹര്‍ഷിയും അഗസ്ത്യമുനിയും ആദികവിയുടെ സമകാലികരായിരുന്നുവെന്നും ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഇതുപോലെ തന്നെയാണ് രാമായണകര്‍ത്താവായ വാല്മീകി മഹര്‍ഷിയില്‍നിന്നും ഭിന്നരായ വാല്മീകിമാര്‍ അനവധിയുണ്ടെന്ന കണ്ടെത്തലും. ഇവര്‍ ആരൊക്കെയെന്ന് എടുത്തു പറയുകയും ചെയ്യുന്നുണ്ട്.

വാല്മീകി എന്ന വാക്കിനെ ഉപജീവിച്ച് പില്‍ക്കാലത്ത് മെനഞ്ഞെടുക്കപ്പെട്ട ഐതിഹ്യങ്ങളില്‍ പറയുന്നയാളല്ല രാമായണ രചയിതാവായ ആദികവിയെന്ന സുചിന്തിതമായ നിലപാടാണ് ഗ്രന്ഥകാരനുള്ളത്. ശ്രീരാമന്റെ കാലത്തുതന്നെയാണ് രാമായണം രചിച്ചതെന്ന് കാവ്യാന്തര്‍ഗതമായ വസ്തുതകള്‍ നിരത്തി സ്ഥാപിക്കുകയും ചെയ്യുന്നു. വാല്മീകി രാമായണത്തില്‍ നല്‍കുന്ന ജ്യോതിശാസ്ത്ര സൂചനകളെ മുന്‍നിര്‍ത്തി ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള സംഭവപരമ്പര നടന്ന കാലം ഏതൊക്കെയെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന ‘രാമായണത്തിലെ ജ്യോതിശ്ശാസ്ത്ര സൂചകങ്ങള്‍’ എന്ന അധ്യായം വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ പുലര്‍ത്തുന്ന ഗൗരവത്തിനും സൂക്ഷ്മതയ്‌ക്കും നിദര്‍ശനമാണ്.

”ദക്ഷിണാകാശത്തെ ഉജ്ജ്വലപ്രകാശമുള്ള രണ്ടാമത്തെ നക്ഷത്രമാണ് കനോപ്പസ് അഥവാ അഗസ്ത്യ നക്ഷത്രം. ഭാരതത്തില്‍നിന്നുകൊണ്ട് കനോപ്പസിനെ പണ്ടുകാലത്ത് കാണാന്‍ സാധ്യമല്ലായിരുന്നു. കാരണം ബി.സി. 7200 ല്‍ അതിന്റെ കീഴോട്ട് ചരിഞ്ഞുള്ള അഗ്രഭ്രംശം 68 ഡിഗ്രിയിലായിരുന്നു. ബി.സി. 5100 ല്‍ 81.5 ഡിഗ്രിയായപ്പോഴാണ് ഭാരതത്തില്‍ ദൃശ്യമായത്. വിന്ധ്യാ പര്‍വതത്തില്‍നിന്നുകൊണ്ട് ആദ്യമായി ഈ നക്ഷത്രത്തെ ദര്‍ശിച്ചത് അഗസ്ത്യമുനിയാണ്. ശ്രീരാമനും അഗസ്ത്യമുനിയും സമകാലികരായിരുന്നു. അതുകൊണ്ടുതന്നെ ജ്യോതിശാസ്ത്ര ഗണന പ്രകാരം ബി.സി. 5100 രാമായണ കാലമായിരുന്നുവെന്നുതന്നെ കരുതാവുന്നതാണ്.” ഇത്തരമൊരു രചന നിര്‍വഹിക്കാനുള്ള ഗ്രന്ഥകാരന്റെ യോഗ്യത ഈ നിഗമനത്തില്‍നിന്നു തന്നെ വ്യക്തമാണ്.

രാമായണം ശ്രീരാമന്റെയും സീതാദേവിയുടെയും കഥ മാത്രമല്ലെന്നും, അയോധ്യയുടെയും ആ കാലഘട്ടത്തിലെ ഭാരതത്തിന്റെയും ചരിത്രം കൂടിയാണെന്നും ഗ്രന്ഥകാരന്‍ ഒരിടത്ത് പറയുന്നുണ്ട്. ഈ പ്രസ്താവനയുടെ വാസ്തവം ആധികാരികമായി വിശദീകരിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അതാകട്ടെ അദ്ഭുതകരമായ അറിവുകളുടെ സമാഹാരവുമാണ്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ രാമരാജ്യത്തില്‍, രാമായണ കാലം പുരാവസ്തു ഗവേഷണത്തിന്റെ വെളിച്ചത്തില്‍, അയോധ്യ-ചരിത്ര വസ്തുക്കളുടെ അക്ഷയഖനി, ശ്രീരാമസേതു കടല്‍പ്പാലം, വേദിക് സരസ്വതീ പ്രവാഹം രാമരാജ്യത്തിലൂടെ, ഭാരതവംശജര്‍ നരവംശശാസ്ത്രത്തില്‍, രാമായണ കാലഘട്ടത്തിലെ മാനവസംസ്‌കാരം, രാമായണത്തിലെ സ്ഥലനാമങ്ങള്‍, ആധുനിക സാങ്കേതിക ഗവേഷണ ഫലങ്ങള്‍, അതിര്‍ത്തികള്‍ ഭേദിച്ച രാമായണ സാഹിത്യം, ഭാരതത്തിന്റെ പൂര്‍വാപരബന്ധം രാമായണ ദൃഷ്ടിയില്‍ എന്നീ അധ്യായങ്ങള്‍ ശരിക്കും കണ്ടെത്തലുകളുടെ കലവറകള്‍ തന്നെയാണ്.

ഭാരതീയ നാഗരികതയുടെ പഴക്കവും, രാമായണ കാലഘട്ടം ഉള്‍പ്പെടുന്ന അതിന്റെ തുടര്‍ച്ചയും പുരാവസ്തു തെളിവുകളുടെയും ജനിതക പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. രാമസേതുന്റെ ഉത്ഭവവും പില്‍ക്കാല അവസ്ഥകളും സമഗ്രമായി വിശദീകരിക്കുന്നുമുണ്ട്.

രാമായണം ഒരു കഥ മാത്രമാണെന്ന് കരുതുന്നവരുടെ ധാരണകള്‍ ഈ പുസ്തകം തിരുത്തിക്കുറിക്കുന്നു. രാമായണ കാലത്തെ ഭൂമി ശാസ്ത്രം, ജനവിഭാഗങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, രാജവംശങ്ങള്‍, സംസ്‌കാരം, ഭരണം, സ്ഥലനാമ ചരിത്രം, സാംസ്‌കാരിക നിര്‍മിതികള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ലോഹ സംസ്‌കരണം, ആയുധ നിര്‍മാണം, ആഭരണനിര്‍മാണം എന്നിവയെക്കുറിച്ചൊക്കെ അമ്പരപ്പിക്കുന്ന അറിവുകളാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്. മലയാളത്തില്‍ ലഭ്യമായ മറ്റൊരു പുസ്തകത്തില്‍നിന്നും ലഭിക്കാത്ത അത്യപൂര്‍വമായ വിവരങ്ങളാണിത്. ഇതിലൂടെ കടന്നുപോകുന്ന ഏതൊരു വായനക്കാരനും ഗ്രന്ഥകാരന് നമോവാകമര്‍പ്പിക്കും.

അടിസ്ഥാനപരമായി ഒരു എഴുത്തുകാരനെന്നതിനേക്കാള്‍ ഗവേഷകനാണ് ഗ്രന്ഥകാരന്‍. ഇങ്ങനെയൊരാള്‍ക്കേ ഇതുപോലൊരു പുസ്തകം എഴുതാനാവൂ. വായനക്കാര്‍ക്ക് അപൂര്‍വമായ അറിവുകള്‍ നല്‍കുന്നതിനു പുറമെ പഠന ഗവേഷണങ്ങള്‍ക്ക് വഴിതുറക്കാനും ഈ പുസ്തകത്തിനു കഴിയും. ഭാരതത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും രാമായണത്തിനുള്ള മഹത്വം അരക്കിട്ടുറപ്പിക്കുന്ന രചനയാണിതെന്ന് നിസ്സംശയം പറയാം. ഈ പുസ്തകം വായനക്കാരിലെത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്‌കാരത്തെ സ്‌നേഹിക്കുന്നവര്‍ക്കുണ്ട്.

എ. വേണുഗോപാലിന്റെ

മൊബൈല്‍ നമ്പര്‍: 8086779477

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക