വല്ലപ്പോഴുമൊക്കെ കോഴിക്കോട് നിന്നും വിളിക്കാറുള്ള ഒരു പഴയ സ്വയംസേവകനാണ് ടി. ചന്ദ്രന്. 1957 മുതല്‍ അദ്ദേഹവുമായി പരിചയമുണ്ട്. അന്നു ചന്ദ്രന് ദ്വീതീയ വര്‍ഷ ശിക്ഷണത്തിന് ചെന്നൈയിലെ പല്ലാവരത്ത് എഎംഎസ് ജെയിന് കോളജില്‍ വന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ സ്മരണകള്‍ ഓര്‍മിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കത്തു ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.
ആ കത്തും സംഘശിക്ഷാ വര്‍ഗും മറ്റും ഓര്‍മിക്കാന്‍ ഈയിടെ ഒരു കാരണം വന്നു. ഹൈറേഞ്ചിലെ രാജമലയില്‍ ഈയിടെയുണ്ടായ അതിഭയങ്കരമായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനിക്കും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ധാരാളം സ്വയംസേവകരും മുതിര്‍ന്ന പ്രവര്‍ത്തകരും അവിടെ ചെന്ന് സ്തുത്യര്‍ഹമായ സേവനം ചെയ്യുകയുണ്ടായി. ആരുടെയും നിന്ദയ്ക്കോ സ്തുതിക്കോ കാത്തുനില്‍ക്കാതെയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. അവ വേണ്ടവണ്ണം ലഭിക്കുകയും ചെയ്തു. അവരവിടെ ആ പ്രയത്നത്തില്‍ നിമഗ്നരായിരുന്നപ്പോള് അവരെ നേരില്‍ കണ്ട് ഉത്സാഹം പകരുന്നതിനായി മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന് പുറപ്പെടുകയുണ്ടായി. അദ്ദേഹം ആദ്യം പ്രചാരകനായി പ്രവര്‍ത്തിച്ചത് പില്ക്കാലത്തെ ഇടുക്കിയുടെ കവാടമായ തൊടുപുഴയിലായിരുന്നുതാനും.
തൊടുപുഴയില്‍ എത്തിയപ്പോള്‍ ഹൈറേഞ്ചിലേക്കു യാത്ര ചെയ്യുന്നതിന്റെ അനഭികാമ്യതയെപ്പറ്റി അവിടത്തെ മുതിര്‍ന്ന ആള്‍ക്കാരൊക്കെ പറയുകയാല്‍ അതുവേണ്ടെന്നു വച്ചു. എണ്‍പതാം വയസ്സിലേക്കടുക്കുന്ന അദ്ദേഹം കോവിഡ് കാലത്തു യാത്രാ വിലക്കുള്ള ആളാണെന്നു മറന്നുകൂടല്ലോ. ആ യാത്രയില്‍ എന്റെ വീട്ടിലും വന്നു. ഞങ്ങളും പഴയകാല സ്മരണഅയവിറക്കാന് അവസരം കണ്ടെത്തി. 1956 ല്‍ ചെന്നൈ വിവേകാനന്ദ കോളജില്‍ പ്രഥമവര്‍ഷവും അടുത്ത വര്‍ഷം പല്ലാവരത്തു ദ്വിതീയവര്ഷവും കഴിഞ്ഞവരായിരുന്നു ഞങ്ങള്‍. അതിന്റെ ചില ഓര്‍മകളുമുണ്ടായി. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര ശതവാര്‍ഷികവും കേരള സംസ്ഥാന രൂപീകരണവും ആ വര്‍ഷത്തിലായിരുന്നു. നേരത്തെ പറഞ്ഞ ചന്ദ്രനായിരുന്നു മറ്റൊരാള്‍. അന്നത്തെ ശിക്ഷാര്ഥികളില് തളിപ്പറമ്പിലെ കെ.സി. കണ്ണന് മറ്റൊരാളായിരുന്നു. അവിടത്തെതന്നെ ചെറിയ കുമാരനുമുണ്ടായിരുന്നു ദ്വിതീയ വര്‍ഷയ്ക്ക്. ഇപ്പോള്‍ ചെറുതുരുത്തിയിലുള്ള രാഘവന് മാസ്റ്ററുമുണ്ടായിരുന്നു. ടി. ചന്ദ്രന് സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. സ്റ്റെനോഗ്രാഫറായിട്ടും സര്‍ക്കാര്‍ ജീവനമായിട്ടും പല സ്ഥലങ്ങളിലും യാത്രയിലായിരുന്നു. 1967 ല്‍ ജനസംഘത്തിന്റെ 14-ാം വാര്‍ഷിക മഹാസമ്മേളനം കോഴിക്കോട് ചേരാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ സുഗമമായ നടത്തിപ്പിന് ഓരോ ആവശ്യങ്ങള്‍ക്കായി അങ്ങിങ്ങ് കാസര്‍കോട്ടു മുതല്‍ തിരുവനന്തപുരം വരെ സഹകരിക്കാന്‍ തയ്യാറുള്ളവരെയെല്ലാം ആര് ഏതു തൊഴില്‍ എടുക്കുന്നവരായിരുന്നെങ്കിലും സഹകരിപ്പിക്കണമായിരുന്നല്ലൊ. അങ്ങനെ നൂറുകണക്കിനാളുകളെ കണ്ടെത്തി അവര്‍ ഏതു പാര്‍ട്ടിക്കാരായിരുന്നാലും ലീവെടുപ്പിച്ചു എത്തിക്കുമായിരുന്നു. അങ്ങനെയുള്ളവര്‍ അതിന്റെ ഓര്‍മകള്‍ ഇന്നും താലോലിക്കുന്നുവെന്നത് മറക്കാനാവില്ല. വലിയ ഒരു വിഭാഗം ജനതയുടെ ശുഭപ്രതീക്ഷയായിരുന്ന പണ്ഡിത് ദീനദയാല്‍ ഉപാധ്യായ കൊളുത്തിയ വിളക്ക് കോഴിക്കോട് ശ്രീനാരായണ നഗറില്‍ തെളിഞ്ഞിട്ട് അത് 41 ദിവസത്തിനകം അകാലത്തില്‍ പൊലിഞ്ഞ് ഇരുള് വ്യാപിക്കാനായിരുന്നല്ലോ നമുക്ക് അനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസത്തെ ഫോണ്‍വിളിയില്‍ ചന്ദ്രന് കോഴിക്കോട്ടെ പി.കെ. ബാലചന്ദ്രമേനോനെക്കുറിച്ച് സംസാരിച്ചു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മയാണ് പികെബിയുടേത്. കേസരി മാനേജരായിരുന്ന രാഘവേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. 1967-68 കാലത്ത് അദ്ദേഹം മലബാര്‍ സ്പെഷ്യല്‍ പോലീസിലായിരുന്നു. ഒഴിവ് കിട്ടുമ്പോഴൊക്കെ കേസരി ഒാഫീസില്‍ വന്നിരുന്നത് ധാരാളം വിശേഷങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഇടക്കിടെ പുതിയറ കഴിഞ്ഞ അദ്ദേഹത്തിന്റെ വീട്ടിലും പോകുമായിരുന്നു. സമ്മേളനം കഴിഞ്ഞുള്ള ദേശീയ രാഷ്ട്രീയ സ്ഥിതികള്‍ അത്യന്തം ഉത്സാഹജനകമായിരുന്നു. പഞ്ചാബ് മുതല്‍ ബംഗാള്‍ വരെ ഉത്തരഭാരതത്തിലെങ്ങും കോണ്‍ഗ്രസ് ഭരിക്കാത്ത പ്രദേശങ്ങളിലൂടെ തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ കഴിയുന്ന അവസരം. ഏതു സംസ്ഥാനത്ത് അസ്വാരസ്യമുണ്ടായാലും അതു പരിഹരിക്കാനുള്ള സിദ്ധൗഷധം ദീനദയാല്‍ജിയുടെ കുറിപ്പടിയിലുണ്ടാകുമായിരുന്നു. സകലയിടത്തും കീറാമുട്ടികള്‍ സൃഷ്ടിച്ചിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഡോ. രാംമനോഹര്‍ ലോഹ്യയും ദീനദയാല്‍ജിയുമായി നല്ല ഇണക്കമുണ്ടായി. ഭാരത-പാക്കിസ്ഥാന് വിഭജനം ഇല്ലായ്മ ചെയ്യണമെന്നും വീണ്ടുമൊന്നാകണമെന്നുമുള്ള നിര്‍ദ്ദേശം ഉന്നയിച്ച ഒരു സംയുക്ത പ്രസ്താവന അവര്‍ ഇറക്കിയത് അക്കാലത്തു മഹാത്ഭുതമായിരുന്നു. ലോഹ്യ ആദ്യം മരിച്ചു, ദീനദയാല്‍ജി തീവണ്ടിയില്‍ മുഗള്‍സരായ് സ്റ്റേഷനിലും വധിക്കപ്പെട്ടു. ബീഹാറിലെ സംയുക്ത വിധായക ദള്‍ ഭരണത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാത്രാമധ്യേയായിരുന്നു സംഭവം.
കോഴിക്കോട്ടെ ജനസംഘ കാര്യാലയത്തില്‍ രാവിലെ ബാലചന്ദ്രമേനോന് ഉണ്ടായിരുന്നു. അന്നു ലീവോ ഡ്യൂട്ടി ഓഫോ എന്തോ ആയിരുന്നു, രാഘവേട്ടന് എത്തിയിട്ടില്ല. മലയാള മനോരമയില്‍ ഐസക് അറയ്ക്കല്‍ എന്ന ലേഖകന്റെ ഫോണ്‍ കോള്‍ ദീനദയാല്‍ജി വധിക്കപ്പെട്ട വാര്‍ത്ത അപ്പോള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു. പിടിഐ വാര്‍ത്ത എത്തിയതേയുള്ളൂ. ഏതാനും മിനിറ്റുകള്‍ക്കകം അവര്‍ ഏതാണ്ട് വിശദവിവരങ്ങള്‍ അറിയിച്ചു. കാര്യാലയ കാര്യദര്‍ശി എം. ശ്രീധരന് ഉടനെതന്നെ പരമേശ്വര്‍ജി, സംസ്ഥാന അധ്യക്ഷന്‍ ടി.എന്‍. ഭരതന്, ഒ. രാജഗോപാല്‍, കോഴിക്കോട്ടെ പ്രമുഖ പൗരമുഖ്യര്‍ എന്നിവരെ അറിയിച്ചു. അന്നു മുഴുവന്‍ ബാലചന്ദ്രമേനോന് അവിടെനിന്നു. അന്ന് ഇക്കാലത്തെപ്പോലെ ഫോണ്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ വിവരങ്ങള്‍ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ സംഘശാഖകളെയും ജനസംഘം സ്ഥാനീയസമിതികളെയും ചുമതലപ്പെടുത്തേണ്ടിവന്നു. അഖിലേന്ത്യാ സമ്മേളനത്തെത്തുടര്‍ന്ന് നിലനിന്ന ഉത്സാഹഭരിതമായ അന്തരീക്ഷം പറഞ്ഞറിയിക്കാനാവാത്തവിധം മ്ലാനമായി.
പി.കെ. ബാലചന്ദ്രന്റെ പേര് ഓര്‍മയില്‍ വരുമ്പോഴെല്ലാം ദീനദയാല്‍ജി മരിച്ച ദിവസം ഓര്‍മവരും. അദ്ദേഹം പിന്നീട് മലബാര്‍ സ്പെഷ്യല്‍ പോലീസില്‍നിന്ന് രാജിവച്ചു. കേസരി രാഘവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സുദര്ശന് ട്രേഡിങ് കമ്പനി ഉടമസ്ഥനായ കെ. വേലായുധന്റെ വിവിധ സ്ഥാപനങ്ങളുടെ കൈകാര്യ കര്‍തൃത്വം ഏറ്റെടുത്തിരുന്നു. ഓട്ടുകമ്പനികള്‍, സിറാമിക് കമ്പനികള്‍, ഫര്‍ണിച്ചര്‍ മുതലായ ഒട്ടേറെ കമ്പനികളുണ്ടായിരുന്നു. പ്രസ്സുകള്‍, മാസികകള്‍. കേരളത്തില്‍ മാത്രമല്ല മറ്റു ഭാഗങ്ങൡലും പലതരം സ്ഥാപനങ്ങളുമായി രാജ്യത്തെ മുന്‍നിര വ്യവസായമായിരുന്നു അവരുടേത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ആലുവയിലെ സ്റ്റാന്‍ഡേര്‍ഡ് പോട്ടറീസില് മേനോനെ ഞാന്‍ പോയി കാണാറുണ്ടായിരുന്നു.
പികെബിയെ മറ്റൊരു തരത്തില്‍ക്കൂടി ജനസംഘത്തിന്റെയും ബിജെപിയുടെയും മറ്റും പ്രവര്‍ത്തകര്‍ അറിയും. അദ്ദേഹത്തിന്റെ സോദരീപുത്രനാണ് വയനാട്ടില്‍ താമസിക്കുന്ന സംസ്ഥാനതല ബിജെപി നേതാവായിരുന്ന പി.സി. മോഹനന്മാസ്റ്റര്.
ബാലചന്ദ്രമേനോന് സുഖമില്ലാതെ കിടക്കുകയാണെന്ന് ചന്ദ്രന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിനോക്കി. കോഴിക്കോട്ടാണ് വാസം എന്നറിഞ്ഞിരുന്നു. രണ്ടുമൂന്നു ദിവസത്തെ ശ്രമം വിജയിച്ചില്ല. പഴയകാല പ്രവര്‍ത്തകരുടെ സമ്പര്‍ക്കം എന്നും സന്തോഷകരമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: