തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തില്‍ ഉചിതമായ അന്വേഷണം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയത്തില്‍ പരിഗണന നല്‍കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് മുഖ്യമന്ത്രിക്ക് കൈമാറി. തീപിടിത്തമുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ച വരുത്തി വിശദാംശങ്ങള്‍ തേടണമെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നുമാണ് രമേശ് ചെന്നിത്തല ഗവര്‍ണറിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
അതേസമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളുടെയും പരിശോധന തുടങ്ങി. തീപിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇതിന്റെ വീഡിയോകളും ചിത്രീകരിക്കുന്നുണ്ട്.
അന്വേഷണം കഴിയുന്നത് പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ, അകത്തേക്ക് കൊണ്ടുവരാനോ പാടില്ലെന്നും പ്രത്യേക സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും ഓഫീസിനകത്ത് സിസിടിവി സ്ഥാപിക്കണം. നിലവില്‍ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്. ബുധനാഴ്ച വൈകിട്ട്് ഡോ. കൗശികന് ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രേഖകള്‍ കടലാസ് ഫയലാണെങ്കില്‍ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വിശ്വാസ്യതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. ഭാഗികമായി കത്തിയിട്ടുള്ള കടലാസ് ഫയലുകള്‍ സ്കാന്‍ ചെയ്ത് സൂക്ഷിക്കണം. ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി ചോദിച്ചാല്‍ അത് നല്കാന് സാധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: