ചിലത് പറിച്ചെറിഞ്ഞാലും പോകാത്തവണ്ണം നമ്മളോടൊപ്പമുണ്ടാവും. അങ്ങനെ ഒന്നാണ് ഓണം. പിറന്നാള്‍, വിവാഹം, സന്താനലബ്ധിതുടങ്ങിയ ആഘോഷങ്ങള്‍ നമ്മളിലോ നമ്മളോടു ബന്ധപ്പെട്ടവരിലോ മാത്രമൊതുങ്ങുമ്പോള്‍ ഓണം ഒരു ജനതയെ ആകെ ത്രസിപ്പിക്കുന്നു.
ഓണം സമ്പൂര്‍ണമായ ഹിംസാരഹിത ആഘോഷമാണ്. തിരുവോണ നാളില്‍ ചെടികളെപ്പോലും വേദനിപ്പിക്കാന്‍ പാടില്ലെന്ന് കുട്ടിക്കാലത്ത് അച്ഛന് പഠിപ്പിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. ചിലപ്പോള്‍ ഓര്‍ക്കാതെ ഇലത്തലപ്പുകളോ പൂക്കളോ നുള്ളിപ്പോകും. ഓര്‍ക്കാതെ ചെയ്യുന്ന അത്തരം ഹിംസകളില്‍ അകമഴിഞ്ഞ് വേദനിച്ചിട്ടുണ്ട്.
ആഘോഷത്തിന്റെ രൂപം ഓരോ വര്‍ഷം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ന് മഞ്ഞമുണ്ടില്ല, കുറ്റിപ്പന്തില്ല, കിളിത്തട്ടു കളിയില്ല. പകരം ക്രിക്കറ്റും വടംവലിയും രംഗം കീഴടക്കുന്നു. ഓണക്കോടിക്കു പഴയ മണമോ ആവേശമോ ഇല്ല. ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ഓണത്തിനു മാത്രം സാധ്യമാവുന്ന ഒന്നല്ല പുതുവസ്ത്രം. തൊണ്ണൂറു ശതമാനം മലയാളിക്കും അതെപ്പോള്‍ വേണമെങ്കിലും സാധ്യമാകും. അതുകൊണ്ടുതന്നെ ഓണക്കോടിക്ക് പഴയ പുതുമയില്ല. ഓണസ്സദ്യയ്ക്കും പഴയ രുചിയില്ല. സദ്യയും അപൂര്‍വമായ ഒന്നല്ല എന്നതു തന്നെകാരണം.
കൊറോണ തല്‍ക്കാലത്തേക്കെങ്കിലും ഓണത്തെ മാറ്റി മറിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഓണം നമ്മുടെ ശരീരങ്ങളെ മാത്രമേ അകറ്റുകയുള്ളൂ. മനസ്സുകളെ അകറ്റില്ലെന്നു നമുക്കു പ്രത്യാശിക്കാം. വൈലോപ്പിള്ളി പറഞ്ഞതുപോലെ
‘അറിയുമേ ഞങ്ങളറിയുമീ നാടു
നരകമാക്കീടും നരകീടങ്ങളെ
പഹയന്മാരോടു പകരം വീട്ടട്ടേ
പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍…’
‘…നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം
നിറന്നിരിക്കിലും വികൃതമെങ്കിലും
ഇവിടെ സ്നേഹിപ്പാനിവിടെയാശിപ്പാ-
നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം.’
(ആസ്സാം പണിക്കാര്)
കഴിഞ്ഞ നാലുവര്‍ഷമായി മലയാളിക്ക് കേരളത്തില്‍ ഓണമില്ല. വിദേശ മലയാളികള്‍ക്കേ ഓണമുള്ളൂ. പ്രകൃതി ദുരന്തങ്ങള്‍, ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, എല്ലാത്തിനും മുകളില്‍ ഈശ്വരകോപവും കൂടി ചേര്‍ത്ത് ഈ നാടിനെ നരകതുല്യമാക്കിയിരിക്കുന്നു. ഇപ്പോള്‍ കൊറോണയും. എങ്കിലും
‘ആ വരവിങ്കലുണര്‍ന്നു ചിരിപ്പൂ
പൂവുകള്‍ ഞങ്ങടെ സാക്ഷികളത്രേ
പൂവുകള്‍ പോവുക നാമെതിരേല്ക്കുക
നമ്മളൊരുക്കുക നാളെയൊരോണം.’
(ഓണപ്പാട്ടുകള്‍)
മതിമറന്നു പൂക്കള്‍ ചിരിക്കുന്ന ഈ ചിങ്ങമാസത്തെ മലയാളിക്കു മറക്കാന്‍ വയ്യ. രോഗാതുരമെങ്കിലും നമുക്ക് ഓണത്തെ സഹര്‍ഷം വരവേല്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: