Categories: Samskriti

‘അത് നീ ആകുന്നു…’

തത് എന്നാല്‍ ബ്രഹ്മം എന്നും ത്വം എന്നാല്‍ ജീവന്‍ എന്നുമാണ്. ഇവ രണ്ടിനേയും നേരത്തേ വിവരിച്ച പ്രകാരം പരിശോധിച്ചാല്‍ തത്ത്വമസി മഹാവാക്യം കൊണ്ട് ബ്രഹ്മത്തിന്റെയും ജീവന്റെയും ഏകത്വം കാണാം.

50. തത്ത്വമസി അര്‍ത്ഥ വിചാരം

241 മുതല്‍ 249 വരെയുള്ള ശ്ലോകങ്ങളിലായി തത്ത്വമസി മഹാവാക്യത്തിന്റെ അര്‍ത്ഥത്തിനെ വിചാരം ചെയ്യുന്നു.

ശ്ലോകം 241

തത്ത്വം പദാഭ്യാമഭിധീയമാനയോ:

ബ്രഹ്മാത്മനോഃ ശോധിതയോര്‍യദീത്ഥം

ശ്രുത്യാ തയോസ്തത്ത്വമസീതി സമ്യക്

ഏകത്വമേവ പ്രതിപാദ്യതേ മുഹുഃ

242

ഐക്യം തയോര്‍ ലക്ഷിതയോര്‍ന വാച്യയോഃ

നിഗദ്യതേളന്യോന്യവിരുദ്ധധര്‍മ്മിണോഃ

ഖദ്യോതഭാന്വോരിവ രാജഭൃത്യയോഃ

കൂപാംബുരാശ്യോഃ പരമാണുമേര്‍വോഃ

തത് എന്നാല്‍ ബ്രഹ്മം എന്നും ത്വം എന്നാല്‍ ജീവന്‍ എന്നുമാണ്. ഇവ രണ്ടിനേയും നേരത്തേ വിവരിച്ച പ്രകാരം പരിശോധിച്ചാല്‍ തത്ത്വമസി മഹാവാക്യം കൊണ്ട് ബ്രഹ്മത്തിന്റെയും ജീവന്റെയും ഏകത്വം കാണാം. രണ്ടും ഒന്ന് തന്നെയെന്ന് ബോധ്യമാകും. എന്നാല്‍ രണ്ടിന്റെയും ഐക്യം വാച്യാര്‍ത്ഥത്തിലല്ല. ഏകത്വം ലക്ഷ്യാര്‍ത്ഥത്തിലാണ്. കാരണം സൂര്യനും മിന്നാമിനുങ്ങും, രാജാവും ഭൃത്യനും, കടലും കിണറും, മഹാമേരുവും പരമാണവും പോലെ വിരുദ്ധ ധര്‍മ്മങ്ങളോട് കൂടിയവരാണ് ബ്രഹ്മവും ജീവനും.

സാമവേദത്തിലെ ഛാന്ദോഗ്യ ഉപനിഷത്തില്‍ ആവര്‍ത്തിച്ച് വരുന്ന മഹാ വാക്യമാണ് തത്ത്വമസി . തത് + ത്വം + അസി എന്നിങ്ങനെ മൂന്ന് വാക്കുകള്‍ ചേര്‍ന്നാണ് തത്ത്വമസി മഹാവാക്യം ഉണ്ടാകുന്നത്. തത് എന്നാല്‍ അത് = ബ്രഹ്മം എന്നാണ്. ത്വം എന്നാല്‍ നീ = ജീവന്‍. അസി എന്നാല്‍ ആകുന്നു. അസി ഏകത്വത്തെ കുറിക്കുന്നു.. അത് നീ ആകുന്നു. ആ ബ്രഹ്മം ജീവന്‍ ആകുന്നു. രണ്ടും രണ്ടല്ല ഒന്ന് തന്നെയെന്ന്.

നാം ഓരോരുത്തരും ഈശ്വരനാണെന്ന് പറഞ്ഞാല്‍ നമ്മുടെ ശരീരമാണ് ഈശ്വരന്‍ എന്ന് കരുതരുത്. ശരീരമോ മനസ്സോ ബുദ്ധിയോ ഈശ്വരനല്ല.

ഈ ഉപാധികളെയെല്ലാം മറികടന്ന്, പഞ്ചകോശങ്ങളേയും ഇതല്ല ഇതല്ല എന്ന് കണക്കാക്കി നിഷേധിച്ച് തള്ളണം. അപ്പോള്‍ അവശേഷിക്കുന്നത് ശുദ്ധസത്ത്വമായ ആത്മചൈതന്യമാണ്. അത് തന്നെ ജീവ രൂപത്തിലിരിക്കുന്ന ബ്രഹ്മം.

എങ്ങും നിറഞ്ഞ സമഷ്ടി ചൈതന്യമായ ബ്രഹ്മം വ്യഷ്ടി ശരീരമായ ഓരോന്നിലും പ്രകടമാവുമ്പോള്‍ അതിനെ ആത്മാവ് എന്നു വിളിക്കുന്നു.എന്നില്‍ കുടികൊള്ളുന്ന ആത്മാവ് തന്നെയാണ് എങ്ങും നിറഞ്ഞ ബ്രഹ്മം. ഈ ഐക്യത്തെയാണ് തത്ത്വമസി മഹാവാക്യം വിശദമാക്കുന്നത്.

തത്ത്വമസി മഹാവാക്യത്തിലെ വാക്കുകളുടെ അര്‍ത്ഥമെടുത്താല്‍ വിചാരം ചെയ്യല്‍ പൂര്‍ണമാകില്ല. ഓരോ വാക്കിന്റെയും അര്‍ത്ഥത്തിന് വ്യത്യാസമുണ്ട്. തത് എന്ന ബ്രഹ്മം യാതൊരു ഉപാധിയുമായി ബന്ധമില്ലാത്തതും പരിമിതികളില്ലാത്തതുമാണ്. എന്നാല്‍ ത്വം എന്ന ജീവന്‍, പരിമിതിയുള്ളതും ഉപാധികളുമായി ബന്ധപ്പെട്ടതുമാണ്. ഇത്തരത്തില്‍ ഇവ തമ്മില്‍ ചേര്‍ച്ചയില്ല. എന്നാല്‍ ലക്ഷ്യാര്‍ത്ഥത്തില്‍ ഇവ രണ്ടും ശുദ്ധചൈതന്യം തന്നെയെന്ന് കാണാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക