തൃശൂര്‍: ഒരു മാസത്തോളമായി അടച്ചിട്ട ശക്തന് മാര്‍ക്കറ്റ് ഇന്നലെ തുറന്നെങ്കിലും വ്യാപാരം നടന്നില്ല. മാര്‍ക്കറ്റ് നിലവില്‍ പോലീസ് അടച്ചുകെട്ടിയ നിലയിലാണ്. 20ഓളം പോലീസുകാരെ മാര്‍ക്കറ്റില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് തുറക്കുമെന്നറിയിച്ചിട്ടും സാധനങ്ങള്‍ വാങ്ങാന്‍ ചെറുകിട വ്യാപാരികളും ഉപഭോക്താക്കളുമെത്തിയില്ല. ഇതേ തുടര്‍ന്ന് ഓണവിപണി മാര്‍ക്കറ്റില്‍ സജീവമായില്ല. പച്ചക്കറി-പലചരക്കു വിഭാഗങ്ങളിലായി 100 കടകള്‍ തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും നാമമാത്രമായ കടകളേ തുറന്ന് പ്രവര്‍ത്തിച്ചുള്ളൂ.
ഒറ്റ അക്ക നമ്പറുള്ള കടകളാണ് ഇന്നലെ തുറന്നത്. ഈ കടകള്‍ നാളെ വരെ തുറന്ന് പ്രവര്‍ത്തിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഇരട്ട അക്കമുള്ള കടകളാണ് തുറക്കുക. മാര്‍ക്കറ്റില്‍ കടകളുള്ള വ്യാപാരികള്‍ക്കും ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. മാര്‍ക്കറ്റിനുള്ളിലേക്ക് തെക്കുഭാഗത്തുള്ള ഒറ്റ കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അതേസമയം തമിഴ്നാട്ടില്‍ നിന്ന് വളരെക്കുറച്ച് പച്ചക്കറിയാണ് ഇന്നലെ പുലര്‍ച്ചെ മാര്‍ക്കറ്റിലെത്തിയത്. പ്രതിദിനം 500 ടണ്‍ വരുന്നിടത്ത് ഇന്നലെ 50 ടണ്‍ പച്ചക്കറിയേ വന്നുള്ളൂ. അതിനാല്‍ പച്ചക്കറി കടകളില്‍ കാര്യമായി വ്യാപാരമുണ്ടായില്ല.
ഇതിനു പുറമേ കൂടുതല്‍ ചെറുകിട വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ മാര്ക്കറ്റിലെത്തിയില്ല. പ്രതിദിനം 4000ഓളം ചെറുകിട വ്യാപാരികള്‍ വരുന്നിടത്ത് ഇന്നലെ 100ല്‍ താഴെ പേര് മാത്രമേ എത്തിയുള്ളൂ. സാധനങ്ങള്‍ വാങ്ങാനെത്തിയ ചെറുകിട വ്യാപാരികളെ പോലീസ് തടഞ്ഞതായും ആക്ഷേപമുണ്ട്. ലോക്ഡൗണിന് മുമ്പ് നല്കിയ പ്രവേശന പാസില്ലെന്ന പേരിലാണ് പോലീസ് മടക്കിയയച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. രാവിലെ ഒമ്പതു മുതല്‍ ചില്ലറ വില്‍പ്പന അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും 10 വരെയും ആരെയും മാര്‍ക്കറ്റിലേക്ക് പോലീസ് കടത്തിവിട്ടില്ല. വാങ്ങാനെത്തിയവര്‍ പുറത്തു കാത്തു നിന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞ് സാധനങ്ങള്‍ മാര്‍ക്കറ്റിനു പുറത്തെ റോഡിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: