തൃശൂര്‍ : കൊറോണ ഭീതിക്കിടയിലും വിപണിയില്‍ ഓണക്കച്ചവടം. ആറുമാസമായി തുടരുന്ന കൊറോണ പ്രതിസന്ധി മൂലം സാധാരണക്കാര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇത് ഓണ വിപണിയെ നേരിയ തോതിലെങ്കിലും ബാധിക്കാതിരിക്കില്ല. കാണം വിറ്റും ഓണമുണ്ണണം എന്നാണ് പഴഞ്ചൊല്ലെങ്കിലും പലര്‍ക്കും അതിനും പാങ്ങില്ലാത്ത സാഹചര്യമാണിപ്പോള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്സാഹം കുറവാണെങ്കിലും വിപണിയില്‍ ഓണക്കാല വില്പ്പനയാരംഭിച്ചു കഴിഞ്ഞു.
നിയന്ത്രണങ്ങള്‍ക്കുള്ളിലും ഇന്നലെ ശക്തന് മാര്‍ക്കറ്റ് തുറന്നതോടെ പച്ചക്കറി വിപണിയും ഉഷാറായി. നാടെങ്ങും പച്ചക്കറിച്ചന്തകളുമുണ്ട്. സഹകരണസ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ചന്തകള്‍ക്കും തുടക്കമായിട്ടുണ്ട്. നേന്ത്രക്കായ് വറവിനാണ് വിപണിയില്‍ ആവശ്യക്കാരേറെ. കായ് വട്ടം വറുത്തതും നാലായരിഞ്ഞ് വറുത്തതും വിപണിയില്‍ സുലഭം. ശര്‍ക്കരവരട്ടിക്കും വന്‍ ഡിമാന്റാണ്. ചിപ്സ് ഇനങ്ങള്‍ക്ക് 300 മുതല്‍ 400 വരെയാണ് കിലോക്ക് വില. ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടിക്കണ്ട് പച്ചക്കറി വിപണിയിലും വിലക്കയറ്റം പ്രകടമായിത്തുടങ്ങി. നേന്ത്രക്കായ് കിലോക്ക് 60-70 രൂപയിലെത്തിയിട്ടുണ്ട്. പഴത്തിന് പത്ത് രൂപ കൂടും. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറികള്‍ ആവശ്യത്തിന് എത്തുമെന്നും ക്ഷാമമുണ്ടാകില്ലെന്നും മൊത്ത വ്യാപാരികള്‍ പറഞ്ഞു.
തുണിക്കടകളിലും ഓണക്കച്ചവടം തുടങ്ങി. ഖാദി,കൈത്തറി ഷോറൂമുകള്‍ വന്‍ വിലക്കുറവുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്.കൊറോണക്കാലത്ത് വ്യാപാരം വളരെ കുറവായിരുന്ന വന്‍കിട ടെക്സ്്റ്റയില് ഷോറൂമുകളില്‍ ഇന്നലെ മുതല്‍ തിരക്കനുഭവപ്പെട്ടു തുടങ്ങി.ചെറുകിട തുണിവ്യാപാരികളും ഓണവിപണി മുന്നില്‍ക്കണ്ട തയ്യാറെടുപ്പിലാണ്. കുട്ടികളുടെ വസ്ത്രങ്ങളാണ് കൂടുതലും വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: