തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആദ്യ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ചേക്കുമെന്ന് റിപ്പോട്ട്. തികഞ്ഞ ശ്രീപത്മനാഭ ഭക്തനായ ജയകുമാറിനെ സിഇഒയായി നിയമിക്കുന്നതില്‍ തിരുവിതാകൂര്‍ രാജകുടുംബത്തിനും താല്‍പര്യമുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം എ നിലവറയില്‍ ഇറങ്ങി ശതകോടി വിലമതിക്കുന്ന നിധിയുടെ മൂല്യനിര്‍ണയം നടത്തിയത് കെ. ജയകുമാര്‍ അടങ്ങിയ സംഘമായിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷല്‍ ഓഫിസര്‍ ചുമതലകള്‍ വഹിച്ചിട്ടുള്ള ജയകുമാര്‍ പരിപൂര്‍ണനായ ഹൈന്ദവവിശ്വാസികൂടിയാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അന്തിമതീരുമാനമാണ് ഇനി ഉണ്ടാകാനുള്ളത്. ക്ഷേത്ര ഭരണത്തില്‍രാജകുടുംബത്തെ സഹായിക്കുക എന്ന കര്‍ത്തവ്യമായിരിക്കും പുതിയ സിഇഒയ്‌ക്ക് ഉണ്ടായിരിക്കുക.
ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ വരുന്നതോടെ നിലവിലെ എക്സിക്യൂട്ടിവ് ഓഫീസര്‍ തസ്തിക ഇല്ലാതാകും. അതേസമയം, പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം ഉപദേശക സമിതി അധ്യക്ഷന്‍ മലയാളി ആയിരിക്കുമെന്ന് സുപ്രീംകോടതി. സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി മലയാളി ആകണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ നല്‍കിയ അപേക്ഷയിലാണ് സുപ്രിംകോടതി തീരുമാനം വ്യക്തമാക്കിയത്.
ക്ഷേത്ര ഭരണ സമിതി അധ്യക്ഷനായി വരുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു ആയിരിക്കണം. അല്ലെങ്കില്‍ ഹിന്ദുവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ചുമതല നല്‍കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ഉപദേശക സമിതിയിലേക്ക് വരുന്ന റിട്ടയേഡ് ഹൈക്കോടതി ജഡ്ജി മലയാളിയല്ലെങ്കില്‍ കേരളീയമായ ആചാരങ്ങളെ കുറിച്ച് ധാരണക്കുറവുണ്ടാകും. ഇത് പരിഗണിച്ചാണ് അധ്യക്ഷന്‍ മലയാളിയും ഹിന്ദുമത വിശ്വാസിയും ആയിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
ക്ഷേത്ര ഭരണങ്ങള്‍ക്കായി നിലവില്‍ രണ്ട് സമിതിയെ നിയമിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. ക്ഷേത്ര ഭരണത്തിനായി ഒരു സമിതിയും ക്ഷേത്രഭരണത്തിനായി ഒരു ഉപദേശക സമിതിയും വേണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. പുതിയ ഭരണസമിതി രൂപീകരിക്കാന്‍ നാലാഴ്ചത്തെ സമയവും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: