ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മ്മിച്ച് മത്സരം നടത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഫീല്‍ഡ് ഡയറക്ടര്‍ അടക്കമുള്ളവരെ സംരക്ഷിച്ച് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് (എച്ച്ഒഎഫ്എഫ്-ഹോഫ്).
സംഭവത്തില്‍ വനംവകുപ്പ് ഇന്റലിജന്‍സിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും ഇത് സര്‍ക്കാരിന്റെ പക്കലെത്തിയില്ല. ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ട് കൈമാറിയാണ് സര്‍ക്കാരിനെ അടക്കം ഹോഫ് കബളിപ്പിച്ചത്. ഹരിത ട്രൈബ്യൂണലില്‍ കേസുള്ളതായും സംഭവത്തില്‍ വകുപ്പ്തല പരിശോധന നടക്കുകയാണെന്നുമാണ് സര്‍ക്കാരിനെ അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് & ഫോറസ്റ്റ് ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സ്വാതന്ത്ര ദിനത്തില്‍ വിവാദ രാഷ്രീയ പ്രസംഗം നടത്തിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അടക്കം ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് കൈമാറിയത്. കോട്ടയത്തെ വിജിലന്‍സ് വിഭാഗം സീനിയര്‍ ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി. കുമാര്‍, വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയന്, എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ളതായും ഇതറിഞ്ഞും നടപടി എടുക്കാതിരുന്ന തേക്കടി അസി. ഫീല്‍ഡ് ഡയറക്ടര്‍ വിപിന്‍ ദാസ്, അന്വേഷണം നടത്തി നിര്‍മ്മാണത്തെ സാധൂകരിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്കിയ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്. അനൂപ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഹോഫ് ഇതില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചു. ഇദ്ദേഹവും സമാനമായ കൃത്യവിലോപം കണ്ടെത്തി റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടറുടെ പ്രളയത്തില്‍ അടിഞ്ഞ മണ്ണ് നീക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഹോഫ് സര്‍ക്കാരിന് കൈമാറിയത്.
കഴിഞ്ഞ ഡിസംബറിലാണ് പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചില്‍പ്പെട്ട വഞ്ചിവയലില്‍ ഒരേക്കറോളം സ്ഥലം ഇടിച്ച് നിരത്തി ഗ്രൗണ്ട് നിര്‍മ്മിച്ചത്. കടുവാ സങ്കേതത്തിന്റെ അതീവ സംരക്ഷണ മേഖലകളിലൊന്നാണിത്. പിന്നാലെ വലിയ ആഘോഷമായി ഫുട്ബോള്‍ മത്സരവും നടത്തി. ഇത് ജൈവ വൈവിദ്ധ്യത്തിന് ആഘാതം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മരങ്ങളടക്കം മുറിച്ച് മാറ്റി ജെസിബി ഉപയോഗിച്ച് 3.5 മീറ്റര്‍ വരെ ഉയരത്തില്‍ വരെ മണ്ണിട്ടാണ് സ്ഥലം നികത്തിയെടുത്തത്. ഇത് വാര്‍ത്തയായതോടെ ഒരു ദിവസത്തിനുള്ളില്‍ മൈതാനം നികത്താന്‍ അപേക്ഷ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കി അനുമതി വാങ്ങിയതായും കണ്ടെത്തലുണ്ട്.
പതിവായി കടുവയുടെ സാന്നിദ്ധ്യമുള്ള ഇവിടെ എന്ത് നിര്‍മ്മാണം നടത്തണമെങ്കിലും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും വാങ്ങാതെ നടത്തിയ ഗുരുതര കൃത്യവിലോപവും ഇതെല്ലാം മറക്കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും ആര്‍ക്കും എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ചിന്റെ പരിഗണനയില്‍ കേസ് പരിഗണിച്ച് വരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: