കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിന് 16 കോടി സ്വരൂപിച്ച് യുഎഇയിലേക്ക് അയച്ചത് നെടുമ്പാശേരി വിമാനത്താവളത്തിലെ തോമസ് കുക്ക് ഫോറക്സ് ഏജന്‍സി വഴി. സ്വപ്ന വഴി കമ്മീഷനായി ലൈഫ് മിഷന് ഇടപാടില്‍ കിട്ടിയ രണ്ടുകോടിയും ഇതിലുണ്ട്. യാത്രക്കാരെ അവരറിയാതെ ഈ പണമിടപാടില്‍ കരുവാക്കുകയായിരുന്നു. തോമസ് കുക്കിനെതിരേ ഫെമാ നിയമപ്രകാരം നടപടി തുടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിലെ ചില ഉന്നതര്‍ക്കുള്‍പ്പെടെ പങ്കുള്ള കേസില്‍ എന്‍ഐഎയും ഇഡിയും അന്വേഷണം ഏറ്റെടുത്തു.
വിദേശ നാണ്യ വിനിമയ മാനേജ്മെന്റ് ചട്ടത്തിന്റെ ലംഘനം (ഫെമ) മാത്രമല്ല, ഭീകരപ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത അട്ടിമറിക്കുന്നതിനും കൂട്ടുനിന്ന കുറ്റവും ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവള ഉദ്യോഗസ്ഥരും മറ്റ് ഉന്നതരും അറിഞ്ഞാണോ ഇടപാടെന്നതും അന്വേഷിക്കും.
വിദേശത്ത് പോകുന്നവര്‍ക്കും മടങ്ങുന്നവര്‍ക്കും കൈവശമുള്ള പണം വിമാനത്താവളത്തിലെ അംഗീകൃത ഏജന്‍സികള്‍ വഴി മാറ്റിയെടുക്കാം. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അത്തരത്തിലുള്ള എക്സ്ചേഞ്ചുകളിലൊന്നാണ് തോമസ് കുക്ക്. 2019 ഏപ്രില്‍ 11 ന് തോമസ് കുക്കിന്റെ, നെടുമ്പാശേരി വിമാനത്താവളത്തിലെ, ബ്രാഞ്ചു വഴി ചട്ടം ലംഘിച്ച് വന്‍ തുക വിനിമയം ചെയ്തതിന് സെന്‍ട്രല്‍ എക്സൈസും കസ്റ്റംസും റെയ്ഡ് നടത്തി കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: