പിലാത്തറ: സാമൂഹികസാംസ്കാരിക സാമുദായിക സേവന രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അറത്തില്‍ ഓണത്താന്‍ കാരക്കാട്ടില്ലം കാരണവര്‍ ഒ.കെ. പരമേശ്വരന് നമ്പൂതിരി ശതാഭിഷിക്തനായി. ഇതോടനുബന്ധിച്ച് കാരക്കാട്ടില്ലം തറവാട്ടില്‍ വൈദിക ചടങ്ങുകള്‍ നടന്നു.
കേന്ദ്രമന്ത്രി വി.മുരളീധരന്, രാജ് മോഹന്‍ ഉണ്ണിത്താര് എം.പി, ടി.വി.രാജേഷ് എം.എല്‍.എ, യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി പി.എന്‍.ഡി.നമ്പൂതിരി, ചെറുതാഴം സഭാ യോഗം അധ്യക്ഷന്‍ മുന്‍ ബദരിനാഥ് റാവല്‍ജി പി.ശ്രീധരന് നമ്പൂതിരി, ഭദ്രപുരം ക്ഷേത്രപാരമ്പര്യ ട്രസ്റ്റി കുടല്‍മന വാമനന് നമ്പൂതിരി, സമുദായ പുരോഹിതന് കുന്നരു വടക്കേടത്ത് പാലക്കീഴ് ഈശ്വര വാധ്യാന്‍ നമ്പൂതിരി, മാത്രാടന്‍ കമലാക്ഷന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
വിദ്യാഭ്യാസ ഭൗതിക രംഗങ്ങളില്‍ അവികസിത പ്രദേശമായിരുന്ന അറത്തില്‍ ചെറുപ്പാറയില്‍ അറുപതാണ്ടുകള്‍ക്ക് മുമ്പെ തറവാട്ട് സ്ഥലത്തു നിന്നും 60 സെന്റ് സംഭാവന ചെയ്ത് ഗ്രാമോദ്ധാരണ വായനശാല പ്രസ്ഥാനം തുടങ്ങിയ നമ്പൂതിരി ഇക്കാലമത്രയും അതിന്റെ വഴികാട്ടിയാണ്. ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന വായനശാലയോടനുബന്ധിച്ച് പുതിയ മന്ദിര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഇതില്‍ നിന്ന് നല്കിയ അഞ്ച് സെന്റ് സ്ഥലത്ത് അങ്കണവാടിയും പത്തു സെന്റില്‍ കുടുംബാരോഗ്യ കേന്ദ്രവും ഏഴ് സെന്റില്‍ സാംസ്കാരിക നിലയവും സ്ഥാപിതമായി. അറത്തില്‍ വിദ്യ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ രക്ഷാധികാരി, ശ്രീഭദ്രപുരം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി, ഉത്തര കേരള നമ്പൂതിരി സമാജം സംഘാടകന്‍, യോഗക്ഷേമസഭ ഉപസഭ പ്രസിഡന്റ് തുടങ്ങിയ നിലകളിലും സക്രിയ സാന്നിധ്യമായിട്ടുണ്ട്. മാതൃകാ കര്‍ഷകനെന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്. ഭാര്യ: സരസ്വതി അന്തര്‍ജ്ജനം. മക്കള്‍: ഒ.കെ.സാവിത്രി, ഒ.കെ.നാരായണന്, ഹരി.ജി.നമ്പൂതിരി, ഡോ: ഒ.കെ.ഗിരീഷ് വിഷ്ണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: