കണ്ണൂര്‍: മമ്പറം പറമ്പായിയിലെ നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് എട്ട് വര്‍ഷമാകുമ്പോഴും പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സമഗ്രാന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും കര്‍മ്മസമിതിയും. 2012 ഒക്ടോബര്‍ ഇരുപത്തിയൊന്നിന് രാത്രിയാണ് നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഒരു ഫോണ്‍ വന്ന് പുറത്ത് പോയ നിഷാദ് പിന്നീട് തിരികെ വന്നില്ലെന്നാണ് കേസ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും തെളിവുകളൊന്നും ലഭിച്ചില്ല.
ബംഗളൂരു സ്ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ. സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യതതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. 25 ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി താനുള്‍പ്പടെയുള്ള സംഘം നിഷാദിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നായിരുന്നു സലീം എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം സലീമിനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി പ്രദേശത്തെത്തിച്ച് അന്വേഷണം നടത്തിയെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് സലീം തെളിവുകള്‍ നല്കാന് വിമുഖത കാണിച്ചതിനാല്‍ നാര്‍ക്കോ അനാലിസിസ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചെങ്കിലും പ്രതിയുടെ എതിര്‍പ്പ് കാരണം നടന്നില്ല. സലീം ഇപ്പോള്‍ ബംഗളൂരു ജയിലിലാണ്.
കൂട്ടു പ്രതികളുടെയും ക്വട്ടേഷന്‍ നല്കിയ ആളുടെയും പേരുകള്‍ ഉള്‍പ്പടെ എന്‍ഐഎക്ക് സലീം വ്യക്തമായ വിവരങ്ങള്‍ നല്‍കിയതായാണ് സൂചന. ക്രൈംബ്രാഞ്ചിന് അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടാക്കാന്‍ സാധിച്ചില്ല. ക്രൈം ബ്രാഞ്ച് സംഘം മറ്റുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. കൂട്ടു പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ വിദേശത്ത് കടന്നതായാണ് സൂചന. തീവ്രവാദക്കേസുകളില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാള്‍. ഇയാളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തില്ല. കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് അലംഭാവം കാട്ടിയെന്ന് തന്നെയാണ് ബന്ധുക്കളും കര്‍മ്മസമിതിയും ആരോപിക്കുന്നത്.
ബംഗളൂരു സ്ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സലീമിനായി അന്വേഷണം നടത്തുമ്പോള്‍ ഇയാള്‍ പറമ്പായിയിലെ വീട്ടിലും ഭാര്യവീട്ടിലുമായിരുന്നു താമസം. ഈ സമയത്ത് തന്നെയാണ് നിഷാദിനെ കൊലപ്പെടുത്തിയത്. 2008 ജൂലൈ 25നാണ് സലീം ഉള്‍പ്പടെയുള്ള ഭീകരര്‍ ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ സ്ഫോടനപരമ്പര നടത്തിയത്. സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുള്‍പ്പെടെയുള്ളവരാണ് കൂട്ടുപ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: