കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കണ്ടെത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനുള്ള ഹവാല പണമിടപാടിലെ പുതിയ മാര്‍ഗം. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ദുബായ്യിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലതവണ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ദുബായ്യില് പോയ അന്വേഷണ സംഘം ഇടപാട് സ്ഥിരീകരിച്ചു.
ദുബായ്യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണമെത്തിച്ച് ലാഭമുണ്ടാക്കി അതുവഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നത് സ്വര്‍ണ വിലയിലെ വലിയ വ്യത്യാസം നേട്ടമാക്കിയാണ്. എന്നാല്‍ സ്വര്‍ണ വില ഇവിടത്തേക്കാള്‍ കുറഞ്ഞ ദുബായ്യിലേക്ക് സ്വര്‍ണം കടത്തുന്ന രാജ്യാന്തര ശൃംഖല ഏറെനാളായി പ്രവര്‍ത്തിക്കുന്നു. നോട്ടു റദ്ദാക്കലോടെ ഹവാല-കള്ളപ്പണം ഇടപാടുകളും മറ്റും സ്തംഭിച്ചപ്പോഴാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞത്.
വിദേശങ്ങളില്‍നിന്ന് തങ്കക്കട്ടികളാണ് കടത്തുന്നത്. കേരളത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങളും. 22 കാരറ്റില്‍ താഴെ മാറ്റുള്ള സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള നിയമാനുസൃത മാര്‍ഗമാണ് ഇതിന് സ്വീകരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് അനുവദിക്കുന്നതനുസരിച്ച് വ്യക്തിക്കോ സ്ഥാപനത്തിനോ നിശ്ചിത ഫീസ് അടച്ച് ഇതു ചെയ്യാം. ഈ മാര്‍ഗം ദുരുപയോഗിച്ച് പക്ഷേ ചിലര്‍ വന്‍ തട്ടിപ്പു നടത്തി.
നിശ്ചിത ഡിസൈനില്‍, ഇന്ന തൂക്കത്തില്‍ ഇന്ന ആഭരണം കയറ്റി അയക്കാനാണ് അനുമതി നല്‍കുക. ഇതിന്റെ സാമ്പിള്‍ പരിശോധിച്ച് ആവശ്യമായ തോതില്‍ കയറ്റുമതി ചെയ്യും. അയക്കാനും അവിടെ സ്വീകരിക്കാനും ആളുവേണം. സാമ്പിള്‍ മാത്രമാണ് ഗുണപരിശോധന നടത്തുക. അയക്കുമ്പോള്‍ തൂക്കം നോക്കിയാണ് വിക്രയ നിരക്കില്‍ ഫീസ് നിശ്ചയിക്കുക. എന്നാല്‍ ആഭരണം അയയ്ക്കുമ്പോള്‍ രേഖയിലുള്ള തൂക്കം സ്വര്‍ണം ഉണ്ടാവില്ല. പകുതിയും മുക്കുപണ്ടങ്ങളായിരിക്കും. പക്ഷേ, സ്വര്‍ണ വിലയാകും വില്ക്കുന്നയാളിന് ലഭിക്കുക. ഇതിലൂടെ ഉണ്ടാക്കുന്ന ലാഭമാണ് ഇടപാടിലെ നേട്ടം. ഇത് ഹവാലാ പണമിടപാടിലെ പുതിയ രീതിയാണ്.
കേരളത്തിലെ ചില സ്വര്‍ണക്കടകള്‍, വിദേശ രാജ്യങ്ങളിലെ ചില കച്ചവട സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയ വന്‍ ശൃംഖലയുണ്ട് ഇതിനു പിന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നെത്തി, രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങളുമായി പിടിയിലാകുന്നവരില്‍ ചിലര്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടവരാണ്.
ഈ ഇടപാട് നടത്തുന്നവരില്‍ തീവ്രവാദ-ഭീകര പ്രവര്ത്തനങ്ങളില്പ്പെട്ടവരുമായി ബന്ധമുള്ളവരുമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം. സ്വര്‍ണക്കടത്ത്, ഹവാല ബന്ധം, ഭീകര-തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവ സ്ഥിരീകരിച്ചിട്ടുള്ള കെ.ടി. റമീസ്, സെയ്തലവി, ജലാല്‍ തുടങ്ങിയവരില്‍നിന്ന് കിട്ടിയ വിവരങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: